ഇവിടെ പ്രകൃതിയുടെ പൂർണത കാണാം; ഉത്തരാഖണ്ഡ് - ഗാർവാൾ - കുമയൂൺ മലനിരകളിലൂടെ ഒരു യാത്ര

Published : Aug 04, 2025, 05:51 PM ISTUpdated : Aug 04, 2025, 06:06 PM IST
Reena P.G

Synopsis

ഉത്തരാഖണ്ഡ് - ഗാർവാൾ - കുമയൂൺ മലനിരകളിലൂടെ നടത്തിയ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും ഉൾപ്പെടുത്തി റീന പി.ജി എഴുതിയ യാത്രാവിവരണം.

ഗൂഗിൾ മാപ്പ് നോക്കി ബുക്ക് ചെയ്ത റിസോർട്ട് ലക്ഷ്യം വെച്ചാണ് യാത്ര. അതിനിടെ മൂന്നാ നാലോ തവണ റിസോർട്ട് കെയർടേക്കർ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. നിങ്ങൾ എവിടെ എത്തി? എപ്പോൾ എത്തും? എന്നൊക്കെ. ഗൂഗിൾ പറഞ്ഞ സമയത്ത് എത്തും എന്ന് മറുപടിയും നൽകി. ഇവരിങ്ങനെ ഇടക്കിടെ വിളിക്കുന്നത് എന്തിനാണാവോ എന്ന ആശങ്ക വേറെയും. എന്തായാലും കാടിന് നടുവിലാണ്. ഒരു രക്ഷയുമില്ല…

 

വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഹിമാചൽ പ്രദേശും വടക്ക് കിഴക്ക് ഭാഗത്തായി ചൈനയും കിഴക്ക് ഭാഗത്ത് നേപ്പാളും തെക്ക് ഭാഗം ഉത്തർപ്രദേശുമായി അതിർത്തികൾ പങ്കിടുന്ന ഉത്തരാഖണ്ഡ് നിലവിൽ വന്നത് രണ്ടായിരം നവംബർ ഒൻപതിനാണ്. അന്ന് ഉത്തരാഞ്ചൽ എന്ന് പേരുണ്ടായിരുന്ന ഉത്തർപ്രദേശ് വിഭജിച്ചാണ് ഉത്തരാഖണ്ഡ് നിലവിൽ വന്നത്. അനേകം ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളാൽ സമ്പന്നമായ ഉത്തരാഖണ്ഡ് ദേവഭൂമി എന്നറിയപ്പെടുന്നു. ഗാർവാൾ, കുമയൂൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി പതിമൂന്ന് ജില്ലകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഹിമാലയൻ മലനിരകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിൻ്റെ ശൈത്യതലസ്ഥാനം ഡെറാഡൂൺ ആണ്. ഉത്തരാഖണ്ഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് നൈനിറ്റാളിലാണ്. മനോഹരമായ മലനിരകളാൽ സമ്പന്നമായ ഉത്തരാഖണ്ഡ് സന്ദർശിക്കാൻ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളാണ് ഏറ്റവും അനുയോജ്യമായത്.

ഉത്തരാഖണ്ഡിൻ്റെ ഗാർവാൾ മലനിരകളിൽപെട്ട, ശൈത്യതലസ്ഥാനമായ ഡെറാഡൂണിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് തപ്കേശ്വർ മഹാദേവക്ഷേത്രം. ഇത് ശിവക്ഷേത്രമാണ്. പ്രധാന കവാടത്തിൽ നിന്ന് നൂറോളം പടികൾ താഴേക്കിറങ്ങിയാൽ നദിക്കരയിലെ ക്ഷേത്രത്തിലെത്താം. കാടിൻ്റെ ഓരത്ത് ആസാൻ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൻ്റെ പ്രാധാന്യം പ്രകൃത്യാ ഉള്ള ഒരു ശിവലിംഗം ഉണ്ട് എന്നതാണ്. അത് സ്ഥിതി ചെയ്യുന്നത് ഒരു ഗുഹക്കുള്ളിലാണ്. ആളുകൾക്ക് കഷ്ടിച്ച് കുനിഞ്ഞ് കടന്നുപോകാനുള്ള സ്ഥലമേ ഗുഹക്കുള്ളിൽ ഉള്ളൂ. വർഷങ്ങൾക്ക് മുൻപേ ആ ഗുഹക്കുള്ളിലൂടെ ആയിരുന്നത്രേ നദി ഒഴുകിയിരുന്നത്.

ഗുഹക്ക് മുകൾ ഭാഗത്ത് നിന്ന് ശിവലിംഗത്തിന് മുകളിലേക്ക് വെള്ളം ഇറ്റിറ്റു വീഴുന്നത് കാണാം. ഡെറാഡൂൺ പ്രധാന ബസ് ടെർമിനലിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരം ടാക്സിയിലോ ബസിലോ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തും. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രമേ ടപ്കേശ്വർ ക്ഷേത്രത്തിലേക്ക് ദൂരമുള്ളൂ. ക്ഷേത്രത്തിൻ്റെ പടിക്കെട്ടുകളിൽ രുദ്രാക്ഷവും പൂജാദ്രവ്യങ്ങളും വിൽക്കുന്ന സന്യാസിമാരെയും യാചകരെയും കാണാം. ക്ഷേത്രത്തിലെ നിവേദ്യമായ ഭക്ഷണം ഇവർക്കെല്ലാം വിളമ്പിക്കൊടുക്കുന്നതും ഇവിടെ കാണാൻ സാധിക്കും.

ഡൂൺ താഴ്വര അത്യസാധാരണം തന്നെയാണ്. ഇത് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ശിവാലിക്ക് കുന്നുകളിൽ ഹിമാലയത്തിൻ്റെ അടിവരങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ താഴ്വാരങ്ങളിലാണ് ഡെറാഡൂൺ സ്ഥിതി ചെയ്യുന്നത്. വടക്ക് ഹിമാലയവും തെക്ക് ശിവാലിക്ക് മലനിരകളും കിഴക്ക് ഗംഗയും പടിഞ്ഞാറ് യമുനയും അതിർത്തികളായുള്ള ഡെറാഡൂൺ തിരക്കേറിയ നഗരമാണ്. കാഠ്മണ്ഡുവിനും ശ്രീനഗറിനും ശേഷം ഹിമാലയ പ്രദേശത്തെ മൂന്നാമത്തെ വലിയ നഗരമായ ഡെറാഡൂണിൽ മനോഹരമായ ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയുമാണ് ഉള്ളത്. സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെ.

ഡെറാഡൂൺ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകുന്ന ഒരിടമാണ് റോബേഴ്സ് കേവ്. ഗുച്ചു പാനി എന്നാണ് പ്രദേശവാസികൾ റോബേഴ്സ് കേവിനെ വിളിക്കുന്നത്. കൊള്ളക്കാരുടെ ഗുഹ എന്നാണ് ഗുച്ചു പാനി എന്ന വാക്കിൻ്റെ അർത്ഥം. ആയിരത്തി എണ്ണൂറുകളുടെ അവസാനത്തിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഒളിക്കാൻ കൊള്ളക്കാർ ഇവിടം ഉപയോഗിച്ചിരുന്നു. ഇതൊരു തുറന്ന ഗുഹയാണ്. അത്ര പെട്ടെന്നൊന്നും ആളുകൾക്ക് എത്തിച്ചേരാൻ പറ്റാത്ത ഒരിടമായിരുന്നു ഇത്. കൊള്ള മുതലുകൾ ഒളിപ്പിക്കാൻ അവർ ഈ ഗുഹയാണ് ഉപയോഗിച്ചിരുന്നത്.

ഡെറാഡൂൺ നഗരത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഡൂൺ താഴ്വരയിലെ ഡെഹ്റ പീഠഭൂമിയിലെ ഒരു ചുണ്ണാമ്പ് കല്ല് പ്രദേശത്ത് രൂപപ്പെട്ട ഇടുങ്ങിയ മലയിടുക്കാണ് ഇത്. ഈ ഗുഹയ്ക്ക് 600 മീറ്റർ നീളമുണ്ട്. നല്ല ഉയരത്തിലുള്ള ഒരു വെള്ളച്ചാട്ടം ഇവിടെയുണ്ട്. പ്രകൃതിദത്തമായ ഈ ഗുഹക്കുള്ളിലൂടെ നദികൾ ഒഴുകുന്നു. സംസ്ഥാനത്തിൻ്റെ ടൂറിസം വകുപ്പാണ് ഇവിടം പരിപാലിക്കുന്നത്. ഒക്ടോബർ നവമ്പർ മാസങ്ങളിൽ ഗുഹക്കുള്ളിൽ മുട്ടിലും മീതെ വെള്ളമുണ്ട്. അസാധാരണ തണുപ്പാണ് വെള്ളത്തിന്. ഗുഹാമുഖത്ത് നിന്ന് ഉള്ളിലേക്ക് പോകുംതോറും കൂടുതൽ കൂടുതൽ ഇടുങ്ങിവരുന്നു. നിറയെ പാറക്കല്ലുകളാണ്. അതിനാൽ തന്നെ നടക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. ഗുഹ സന്ദർശിക്കാൻ പ്രവേശന ഫീസുണ്ട്. ഡെറാഡൂണിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ സഹസ്ത്രധാരക്ക് സമീപമാണ് ഗുച്ചു പാനി സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് മാറി സ്വസ്ഥമായിരിക്കാൻ സാധിക്കുന്ന ഒരിടമാണിത്.

ഡെറാഡൂണിലെ ബുദ്ധ സന്യാസിമാരും തദ്ദേശീയ സംസ്കാരവും

ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് വെറും ഒമ്പത് കിലോമീറ്റർ ദൂരമെ ടിബറ്റൻ ബുദ്ധമത ദേവാലയമായ മിൻഡ്രോളിംഗ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്ന ക്ലമൻ്റ് ടൗണിലെത്താൻ ഉള്ളു. 1934ൽ ഇവിടെ എത്തിയ ഇറ്റലിക്കാരനായ ഫാദർ ആർ സി ക്ലമൻ്റിൻ്റെ പേരിൽ നിന്നാണ് ടൗണിന് ആ പേര് ലഭിച്ചത്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് യുദ്ധത്തടവുകാരുടെ ക്യാമ്പായി ക്ലമൻ്റ് ടൗൺ കൻ്റോൺമെൻ്റ് സ്ഥാപിതമായി. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദമാണ് ഹിമാലയൻ താഴ്വാരങ്ങളിൽ സ്ഥിതി ചെയ്യുന്ന മിൻഡ്രോളിംഗ് മൊണാസ്ട്രി. ജപ്പാൻ ശില്പകലാ രീതിയിൽ നിർമ്മിക്കപ്പെട്ട ഈ മൊണാസ്ട്രി മൂന്ന് വർഷം കൊണ്ട് അൻപതോളം ശില്പികൾ ചേർന്നാണ് നിര്‍മ്മിച്ചത്. ടിബറ്റൻ മൊണാസ്ട്രി എന്നാണ് തദ്ദേശീയർ ഇതിനെ വിളിക്കുന്നത്. ദേവാലയത്തിനുള്ളിലെ ചുമർചിത്രങ്ങൾ ശ്രീബുദ്ധൻ്റെ ജീവിതത്തെ ചിത്രീകരിക്കുന്നവയാണ്. ഇവിടത്തെ ഏറ്റവും വലിയ ആകർഷണം 220 അടി ഉയരും 100 സ്ക്വയർ ഫീറ്റ് വീതിയുമുള്ള ബുദ്ധപ്രതിമയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബുദ്ധപ്രതിമയാണിത്.

അഞ്ച് നിലയിലുള്ള ക്ഷേത്രമാണിത്. നാലാം നിലയിലെ ഓപ്പൺ പ്ലാറ്റ്ഫോമിൽ നിന്ന് നോക്കിയാൽ ഡെറാഡൂൺ താഴ്വരയുടെ പനോരമ വ്യൂ കാണാം. ടിബറ്റൻ പുസ്തകങ്ങൾ കിട്ടുന്ന പുസ്തകശാലയും ഇവിടെയുണ്ട്. ഡെറാഡൂണിലെ പ്രാദേശിക ഭാഷ യഥാർത്ഥത്തിൽ ഗർവാളിയും കുമയൂണിയുമാണ്. ഡെറാഡൂൺ ഹിമാലയത്തിലെ ഗർവാൾ പ്രദേശത്തിൽ പെട്ടതായതിനാൽ ഗർവാളി സംസ്കാരമാണ് അവർക്കുള്ളത്. ഇതിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, നേപ്പാളി, ടിബറ്റൻ എന്നീ ഭാഷകളും അവർ ഉപയോഗിക്കുന്നു. അറുപത് ശതമാനവും ഹിന്ദുക്കളാണ് അവിടെയുള്ളത്. കൂടാതെ ചില ഭാഗങ്ങളിൽ സിക്കുകാരും ജൈനരും ഇസ്ലാം മതവിശ്വാസികളും ഉണ്ട്.

ഡെറാഡൂണിൻ്റെ സംസ്കാരം അറിയണമെങ്കിൽ അവിടുത്തെ ആഘോഷങ്ങൾ നിരീക്ഷിച്ചാൽ മതി. ത്സണ്ഡ ഉത്സവം, തപ്കേശ്വർ ഉത്സവം, ഉത്തരാഖണ്ഡ് മഹാത്സവം എന്നിവ അവയിൽ ചിലതാണ്. തപ്കേശ്വർ മേള നടക്കുന്നത് തപ്കേശ്വർ ടെമ്പിളിൽ ആണ്. അശ്വദ്ധാമാവ് ജനിച്ചത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ഈ ഉത്സവത്തിന് പിന്നിൽ ഒരു ഐതിഹ്യമുണ്ടത്രെ. അശ്വദ്ധാമാവ് പിതാവ് ദ്രോണചാര്യരോട് പാൽ ആവശ്യപ്പെട്ടപ്പോൾ പശുവിനെ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഭഗവാൻ ശിവൻ അശ്വദ്ധാമാവ് താമസിച്ചിരുന്ന ​ഗുഹയിലേയ്ക്ക് പാൽ ഒഴുക്കിക്കൊടുത്തുവത്രെ. ഡെറാഡൂൺ സംസ്കാരത്തിൻ്റെ ഭാഗമാണ് ഇവിടുത്തെ ഭക്ഷ ണരീതികൾ. വ്യത്യസ്ത മസാലക്കൂട്ടുകളിൽ വ്യത്യസ്ത രുചികളിൽ അവ നാവിൽ രുചിക്കൂട്ടുകൾ സൃഷ്ടിക്കും.

ഉത്തരാഖണ്ഡിൻ്റെ സൗന്ദര്യമായ ഡെറാഡൂണിലെ പ്രധാന ഷോപ്പിംഗ് ഏരിയയാണ് പാൾട്ടൺ ബസാർ. ഡെറാഡൂണിലെ ക്ലോക്ക് ടവർ അഥവാ ഖണ്ഡാഖറിന് സമീപമാണ് പാൾട്ടൺ ബസാർ സ്ഥിതി ചെയ്യുന്നത്. നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഏറെ തിരക്കേറിയ ഇടമാണിത്. പാൾട്ടൺ ബസാറിൽ നിന്ന് കരകൗശല വസ്തുക്കൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, കൈത്തറിയിലുള്ള വൂളൻ വസ്ത്രങ്ങൾ എന്നിങ്ങനെ എന്തും വാങ്ങിക്കാം. പാൾട്ടൺ ബസാറിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ പ്രസിദ്ധമായ ഡൂൺ ബസ്മതി അരിയുടെ സുഗന്ധമായിരുന്നു നാസാരാന്ധ്രങ്ങളെ വരവേറ്റത്.

ഡെറാഡൂണിലെ മറ്റൊരു പ്രധാന ആകർഷണമായ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്ആർഐ) ഡെറാഡൂണിന്റെ വേരുകൾ രാജ്യത്ത് വനഗവേഷണം സംഘടിപ്പിക്കാനും നയിക്കാനും 1906-ൽ സ്ഥാപിതമായ ഇംപീരിയൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഇന്ത്യയിൽ മാത്രമല്ല, മുഴുവൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ശാസ്ത്രീയ വനവൽക്കരണത്തിന്റെ പരിണാമത്തിന്റെയും വികാസത്തിന്റെയും പര്യായമാണ് ഇതിന്റെ ചരിത്രം. ഈ സ്ഥാപനം രാജ്യത്തെ ഫോറസ്റ്റ് ഓഫീസർമാർക്കും ഫോറസ്റ്റ് റേഞ്ചർമാർക്കും പരിശീലനം നൽകുകയും സ്വാതന്ത്ര്യത്തിന് ശേഷം ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് കോളേജുകൾ എന്ന് ഉചിതമായി നാമകരണം ചെയ്യുകയും ചെയ്തു. 1988-ൽ, എഫ്ആർഐയും അതിന്റെ ഗവേഷണ കേന്ദ്രങ്ങളും ഇന്ത്യൻ ഗവൺമെന്റിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് & എഡ്യൂക്കേഷന്റെ (ICFRE) ഭരണപരമായ കുടക്കീഴിൽ കൊണ്ടുവന്നു.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂൺ ജില്ലയിലെ ഹിമാലയൻ താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷൻാണ് മസൂറി. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ വ്യൂ പോയിൻ്റായ ലാൽ ഡിബ്ബ 7,700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മനോഹരങ്ങളായ ഓക്ക് മരങ്ങളാലും ദേവദാരു മരങ്ങളാലും ചുറ്റപ്പെട്ട മലകളും പ്രകൃതി ദൃശ്യങ്ങളുമാണ് ചുറ്റും ഉള്ളത്. മസൂറി പട്ടണത്തിൽ നിന്ന് 7 കി.മീ ദൂരെയുള്ള ഹിൽ പോയിൻ്റാണ് ക്ലൗഡെൻ്റ്. മേഘങ്ങൾ റോഡിലിറങ്ങുന്ന ഇടമാണിത്. ഇവിടെ താമസിച്ച് മസൂറിയുടെ മനോഹാരിത ആസ്വദിക്കാൻ ഒരു റിസോർട്ടും ഉണ്ട്.

മസൂറിയിലെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെങ്കിലും ഘർ വാലി, ഹിന്ദി എന്നിവയും ആളുകൾ സംസാരിക്കുന്നു. മസൂറിയിലേക്കുള്ള യാത്രക്കിടയിലാണ് ലംഗൂർ മങ്കികളെ കാണുന്നത്. മെലിഞ്ഞ ശരീരവും കൈകാലുകളുമുള്ള കറുത്ത മുഖമാണവയ്ക്ക്. യാത്രക്കാരോട് നല്ല സൗഹൃദം കാണിക്കുന്നവരാണ് ഇവർ. ഡെറാഡൂൺ ജില്ലയിലെ ബിഥോളിയിലാണ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻ്റ് എനർജി സ്റ്റഡീസ് (UPES) സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള ധാരാളം കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. മകൾ പഠിക്കുന്നതും ഇവിടെയാണ്. ഇത്രയും വെൽസെറ്റിൽഡായ ഒരു യൂണിവേഴ്സിറ്റി കണ്ടപ്പോൾ തന്നെ അത്ഭുതം തോന്നി. അവിടെ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചവരോട് ശരിക്കും അസൂയ തോന്നിയിരുന്നു. എഫ് ആർ ഐ ക്ക് സമീപത്ത് കൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ നിലമ്പൂർ തേക്ക് തോട്ടത്തിന് മുൻപിലുള്ള റോഡിലൂടെ യാത്ര ചെയ്യുന്നത് പോലെയാണ് തോന്നിയത്. വഴിയോരക്കച്ചവടക്കാർ മുഴുവൻ പഴവില്പനക്കാരാണ്. വിലക്കുറവിൽ നല്ല പഴങ്ങൾ ലഭിച്ചു.

ഡെറാഡൂണിൽ നിന്ന് കാർ മാർഗ്ഗമാണ് ഋഷികേശിലേക്ക് പോയത്. ഗംഗാനദിക്ക് കുറുകെ കെട്ടിയ രണ്ട് പാലങ്ങളാണ് രാം ഝൂലയും ലക്ഷ്മൺ ഝൂലയും. ഈ രണ്ട് തൂക്കുപാലങ്ങളിൽ കയറിയാൽ ഗംഗാനദിക്ക് അപ്പുറത്തെത്താം. അവിടെയുള്ള ക്ഷേത്രങ്ങളാണ് ഋഷികേശിലെ ഹൈലൈറ്റ്. രാമലക്ഷ്മണ ക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളുമാണ് കൂടുതലും. ആദ്യമായാണ് പുണ്യനദിയായ ഗംഗ കാണുന്നതും ഗംഗാ നദിയിലെ ജലത്തിൽ പാദങ്ങൾ മുക്കുന്നതും. ഇന്നുവരെയുള്ള ജീവിതത്തിൽ എന്തെങ്കിലും പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ഗംഗാ നദി കഴുകിക്കളഞ്ഞോട്ടെ എന്ന് കരുതി. ഭജൻ പാടിക്കൊണ്ടിരിക്കുന്ന യോഗികളെയും ശിവപാദത്തിൽ എല്ലാ പാപങ്ങളെയും മുക്കി പുണ്യം നേടാൻ വെമ്പൽ കൊള്ളുന്നവരുടെയും ഇടയിലൂടെ നടന്നു. വഴിയിൽ ഒരു പ്രായമായ സ്ത്രീ ഗംഗാജലം പ്ലാസ്റ്റിക് ക്യാനുകളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടു. യാത്രയിൽ കൊണ്ടുവരാൻ തടസ്സം ഉള്ളതുകൊണ്ടും ഇനി അതെങ്ങാനും വീട്ടിൽ കൊണ്ടുവന്ന് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാവേണ്ട എന്നും കരുതി വാങ്ങിയില്ല.

ഋഷികേശിലെ ഗംഗാ ആരതി പ്രസിദ്ധമാണ്. സന്ധ്യക്ക് ആറ് മണിക്കാണ് ആരതി തുടങ്ങുന്നത്. പർമാർഥ് നികേതൻ എന്ന ആശ്രമത്തിലാണ് ഗംഗാ ആരതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ആശ്രമത്തിലെ വേദം പഠിക്കുന്ന അന്തേവാസികളാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. അഗ്നിക്ക് ചുറ്റും ഇരുന്ന് ആശ്രമത്തിലെ അന്തേവാസികൾ ഭജൻസ് പാടുന്നു. ആഘോഷത്തിൻ്റെ അവസാന ഘട്ടത്തിൽ ഇലകൾ കൊണ്ടുണ്ടാക്കിയ പൂക്കളാൽ അലങ്കരിച്ച പാത്രങ്ങളിൽ ആരതി കത്തിച്ച് വച്ച് ഭജന ചൊല്ലി പുണ്യനദിയിൽ ഒഴുക്കുന്നു. ഇതിനെല്ലാം ദൃക്സാക്ഷിയായി ഒരു വലിയ ശിവപ്രതിമ നദിക്കരയിൽ ഉയർന്നു നിൽപ്പുണ്ട്. ആരതിയിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവർക്ക് നേരത്തെ തന്നെ ആശ്രമത്തിൻ്റെ പടിക്കെട്ടുകളിൽ സ്ഥലം പിടിക്കാം. എണ്ണ നിറച്ച ആരതികൾ അടുത്തുള്ള കടകളിൽ നിന്ന് വാങ്ങി ഗംഗയിൽ പ്രാർത്ഥനയോടെ അർപ്പിച്ച് പുതിയ ഉണർവ്വോടെ തിരിച്ച് പോരുകയും ചെയ്യാം.

ശ്രീ എം മുകുന്ദൻ എഴുതിയ "ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു" എന്ന നോവലിലൂടെയാണ് ഹരിദ്വാറിനെ പ്രണയിക്കാൻ തുടങ്ങിയത്. ചരസ്സും ഭാംഗും വലിച്ച് കൂമ്പിയ കണ്ണുകളോടെ ഗംഗാ ഘാട്ടുകളിൽ ഇരിക്കുന്ന സന്യാസിമാർ. ഇഹലോക ചിന്തയില്ലാതെ അലഞ്ഞു നടക്കുന്നവർ. ഒരു വേള രമേശനും സുജയും എല്ലാം വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. എന്നെങ്കിലുമൊരിക്കൽ പോകാൻ പറ്റുമെന്നൊന്നും ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണല്ലോ പലപ്പോഴും ജീവിതത്തിൽ സംഭവിക്കാറുള്ളത്. ഹരിദ്വാറിൽ എത്തിയപ്പോൾ ഉച്ചയാകാറായിരുന്നു. ഹരിദ്വാറിലെ റിക്ഷാ വാലകളുടെ വിളികളാലും മന്ത്രധ്വനികളാലും മുഖരിതമായ അന്തരീക്ഷം. പലതരത്തിലുള്ള രുദ്രാക്ഷങ്ങളും ഗംഗാജലം നിറക്കാനുള്ള പ്ലാസ്റ്റിക് കന്നാസുകളും വിൽക്കുന്ന വില്പനക്കാർ.

ഗംഗാ നദിയെ ഇത്രമാത്രം മലിനമായി വേറെ എവിടെയും കാണില്ലെന്ന് തോന്നുന്നു. എന്നിട്ടും ഘാട്ടുകളിൽ ചെറുവിഗ്രഹ പൂജകളും മരണാനന്ദര കർമ്മങ്ങളുമെല്ലാം നടക്കുന്നുണ്ട്. ഇലകൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങളിൽ പൂക്കൾ നിറച്ച് പൂജിക്കുകയും മന്ത്രങ്ങൾ ഏറ്റുചൊല്ലുകയും ചെയ്യുന്നവർ. ബലികർമ്മങ്ങൾക്കൊടുവിൽ സ്വർണാഭരണങ്ങളടക്കം ഗംഗയിൽ ഇറങ്ങി മുങ്ങി ഭക്തിയോടെ നിമഞ്ജനം ചെയ്യുന്ന സ്ത്രീ പുരുഷന്മാർ. ബലികർമ്മങ്ങൾ നടക്കുന്നതിനിടയിലൂടെ ചിലർ ഒരു ചട്ടി പോലെയുള്ള അരിപ്പയിൽ ഈ നിമഞ്ജനം ചെയ്ത പുഷ്പപങ്ങളെയും ആഭരണങ്ങളെയും പിടിച്ചെടുക്കുന്നു. ആ പുഷ്പങ്ങളെ വീണ്ടും താലങ്ങളിലാക്കി വിൽക്കുന്നു. ചുരുക്കി പറഞ്ഞാൽ പവിത്രമായ ഗംഗാ ഘാട്ടുകളിൽ നടക്കുന്ന ഒട്ടും പവിത്രമല്ലാത്ത പ്രവൃത്തികൾ. തികച്ചും വൈരുധ്യങ്ങൾ നിറഞ്ഞ അന്തരീക്ഷം. ഘാട്ടുകളിൽ ഇരുന്ന് ചില സന്യാസിമാർ ചൊല്ലുന്ന മന്ത്രങ്ങൾ ഏറ്റുചൊല്ലുന്ന ആണുങ്ങളും പെണ്ണുങ്ങളും. ഏതോ ഒരു സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂട് ഗംഗാ ഘാട്ടിൽ ഇരുന്ന് മന്ത്രമറിയാതെ കപടതപ എന്നൊക്കെ ചാെല്ലി കള്ളപ്പൂജ ചെയ്തതാണ് ഓർമ്മയിൽ വന്നത്.

ഏകദേശം ഉച്ചക്ക് 2 മണിക്ക് ശേഷമാണ് ഹരിദ്വാറിൽ നിന്ന് നൈനിറ്റാളിലേക്ക് യാത്ര തിരിച്ചത്. ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല. ഉത്തരാഘണ്ഡിൽ നിന്ന് ഉത്തർപ്രദേശിൻ്റെ വാൽ ഭാഗം കുറുകെ കടന്ന് വേണം നൈനിറ്റാളിലെത്താൻ. സ്റ്റേറ്റ് മാറികടക്കേണ്ടത് കാരണം വീണ്ടും ഉത്തരാഖണ്ഡിലെത്തിയതിന് ശേഷം ഭക്ഷണം കഴിക്കാമെന്ന് കരുതി. ഡെറാഡൂണിൽ നിന്ന് ഒരു കാർ റെൻ്റിനെടുത്തായിരുന്നു യാത്ര. കാറിൽ ഞങ്ങൾ ആറ് പേർ. മകൾ ഡെറാഡൂണിലായിരുന്നു അന്ന് പഠിച്ചിരുന്നത്. ഞങ്ങൾ നാല് പേരും അവളുടെ രണ്ട് സുഹൃത്തുക്കളുമായിരുന്നു യാത്രക്കാർ. രാത്രിയാവുന്നതിന് മുൻപേ ബോർഡർ കടക്കണമെന്ന തീരുമാനത്തിൽ ഭക്ഷണം കഴിക്കാൻ ഇത്തിരി വൈകിപ്പോയി. അത് കാരണം മുറാദാബാദിലെ പേരുകേട്ട ഒരു ബിരിയാണി റെസ്റ്റോറൻ്റിൽ നിന്നാണ് ഫുഡ് കഴിക്കുന്നത്. സമയം വൈകിയത് കാരണം എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. മുറാദാബാദി ദം പോട്ട് ബിരിയാണി തന്നെ ഓർഡർ ചെയ്തു. അപാര രുചിയായിരുന്നു.

ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു. ജിം കോർ ബറ്റ് നാഷണൽ പാർക്കിനടുത്ത് എത്തിയപ്പോൾ വണ്ടി നിർത്തി പുറത്തിറങ്ങി. അവിടെ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡിലൂടെ ഏകദേശം അഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് പോയാൽ ജിം കോർ ബറ്റ് നാഷണൽ പാർക്കിൻ്റെ കവാടത്തിലെത്തും. വൈകുന്നേരം ഏകദേശം നാല് മണിയൊക്കെ ആയി കാണണം. നാഷണൽ പാർക്കിലേക്ക് പോവാൻ പറ്റിയ സമയം അല്ലാത്തത് കൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു. നവംബർ മാസത്തിലായിരുന്നു ഈ യാത്ര. കടുവകളെ കാണാൻ പറ്റുന്ന സീസൺ ആണെന്ന് സമീപവാസികൾ പറഞ്ഞപ്പോൾ പോവാൻ സാധിക്കാത്തതിൽ നല്ല നഷ്ടം തോന്നി. ഇടക്കെപ്പോഴോ സ്പീഡ് കൂടിയതിന് ഉത്തർപ്രദേശിലെ ട്രാഫിക്ക് പൊലീസ് പിടിച്ചു. പിള്ളേരല്ലേ വണ്ടിയോടിക്കുന്നത്. സ്പീഡ് കുറക്ക് കുറക്ക് എന്നെല്ലാം പറഞ്ഞിരുന്നു. എന്തായാലും കേരള പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൂടെയുള്ളത് കൊണ്ട് കേസാവാതെ രക്ഷപ്പെട്ടു. പൊലീസുകാർ എവിടെ ചെന്നാലും അവർക്ക് പരസ്പരം ഒരു സ്നേഹവും സഹകരണവും കാണുമല്ലോ. അത് കാരണം ഭാഷ പ്രശ്നമാവാതെ ഐ ഡി കാർഡ് കാണിച്ചപ്പോഴേ മൂപ്പർക്ക് മനസ്സിലായി. ചിരിച്ചു കൊണ്ട് ശ്രദ്ധിച്ച് പോണേ എന്ന് ഹിന്ദിയിൽ പറഞ്ഞു.

കുമയൂൺ മലനിരകളുടെ ഭാഗമാണ് നൈനിറ്റാൾ എന്ന ഹിൽ സ്റ്റേഷൻ. മകളുടെ കൂടെ ബിടെക് പെട്രോളിയം എഞ്ചിനീയറിംഗിന് യുപിഇഎസിൽ പഠിക്കുന്ന മനീഷ എന്ന് പേരുള്ള ഒരു കുട്ടിയുടെ അങ്കിളിന് നൈനിറ്റാളിൽ ഒരു റിസോർട്ട് ഉണ്ട്. അവിടെയാണ് താമസം അറേഞ്ച് ചെയ്തിരുന്നത്. ഏകദേശം ആറ് മണിയോടെയാണ് കുമയൂൺ മല കയറാൻ തുടങ്ങിയത്‌. ഹെയർപിൻ വളവുകളോടെ വളഞ്ഞ് പുളഞ്ഞ റോഡുകൾ. കണ്ണിന് കുളിർമയേകിയ കാഴ്ചയായിരുന്നു. പതിയെ ഇരുട്ടാകാൻ തുടങ്ങി. ഇരുട്ടുന്തോറും കാറിന് പുറത്തേക്ക് നോക്കുമ്പോൾ ഒരു ഭയം തോന്നി തുടങ്ങിയിരുന്നു. എത്ര മുന്നോട്ട് പോയിട്ടും ഒരു വീടോ കടയോ വെളിച്ചമോ കാണുന്നില്ല. അതിനിടയിൽ വാഹനത്തിന് മുന്നിലൂടെ ഒരു കുഞ്ഞു വള്ളി നരി ഓടിപ്പോയി. അതോടെ ഭയം കൂടുകയായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും ശ്വാസം പിടിച്ചിരിക്കുകയാണ്. ഒരു വാഹനം പോലും ഓവർ ടേക്ക് ചെയ്ത് വരുന്നും ഇല്ല. ഒരു വാഹനവും മുന്നിൽ നിന്ന് വരുന്നും ഇല്ല.

ഗൂഗിൾ മാപ്പ് നോക്കി ബുക്ക് ചെയ്ത റിസോർട്ട് ലക്ഷ്യം വെച്ചാണ് യാത്ര. അതിനിടെ മൂന്നാ നാലോ തവണ റിസോർട്ട് കെയർടേക്കർ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. നിങ്ങൾ എവിടെ എത്തി? എപ്പോൾ എത്തും എന്നൊക്കെ. ഗൂഗിൾ പറഞ്ഞ സമയത്ത് എത്തും എന്ന് മറുപടിയും നൽകി. ഇവരിങ്ങനെ ഇടക്കിടെ വിളിക്കുന്നത് എന്തിനാണാവോ എന്ന ആശങ്ക വേറെയും. എന്തായാലും കാടിന് നടുവിലാണ്. ഒരു രക്ഷയുമില്ല. മുന്നോട്ട് പോവുകയേ നിവൃത്തിയുള്ളൂ. ഏകദേശം നാല്പത്തഞ്ച് കിലോമീറ്ററോളം രാത്രിയിൽ കാറോടിച്ച് ഹിമാലയത്തിൻ്റെ ഒരു ഭാഗമായ നൈനിറ്റാളിൽ എത്തിയപ്പോൾ സമയം രാത്രി പതിനൊന്ന് മണി അൻപത് മിനിറ്റ്. സമുദ്രനിരപ്പിൽ നിന്ന് 2008 മീറ്റർ ഉയരത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇത്രയും വിജനമായ ഭയം ജനിപ്പിക്കുന്ന പ്രദേശമാണോ ഈ നൈനിറ്റാൾ എന്ന് വരെ തോന്നിപ്പോയി. പുറത്തിറങ്ങിയപ്പോൾ കിടുകിടാ വിറക്കുന്ന തണുപ്പ്. ഒരു രക്ഷയും ഇല്ല.

റിസോർട്ട് രണ്ട് ഫാമിലിക്ക് താമസിക്കാൻ പറ്റുന്നതായിരുന്നു. അതിൻ്റെ കെയർടേക്കർ ഡൽഹിക്കാരൻ ഒരു ശേഖർ ആയിരുന്നു. നിങ്ങളെവിടെത്തി എവിടെത്തി എന്നിങ്ങനെ വിളിച്ച് ചോദിച്ച് കൊണ്ടിരുന്നപ്പോൾ കരുതി അവർ ഭക്ഷണം കരുതിയിട്ടുണ്ടാവും എന്ന്. പക്ഷേ അത് അതിമോഹം ആയിരുന്നു. വെള്ളം പോലും ഉണ്ടായിരുന്നില്ല. കുട്ടികൾ ലേസ് കയ്യിൽ കരുതിയിരുന്നത് കഴിച്ചു. ബാത്ത് റൂമിൽ ചൂടുവെള്ളം ഉണ്ടായിരുന്നത് കൊണ്ട് കുളിച്ചു. പിറ്റേന്ന് രാവിലെ ഒരു കട്ടനെങ്കിലും കിട്ടുമോ എന്ന് കരുതി റിസോർട്ടിന് പുറത്ത് വന്നപ്പോഴേക്ക് നല്ല കടുപ്പമുള്ള പാൽച്ചായ ഓരോ കപ്പിലെടുത്ത് നീട്ടി ശേഖർജി. ശേഖർജി ദില്ലിക്കാരനാണ്. വർഷങ്ങളായി ഈ റിസോർട്ടിൻ്റെ കാവൽക്കാരനും. കുട്ടികളോട് അദ്ദേഹം നല്ല കൂട്ടായി. അവർക്കങ്ങേര് ഒരു മുത്തച്ഛനും. കേരളത്തോട് വലിയ ഇഷ്ടമാണെന്നും ഒന്ന് രണ്ടു തവണ കേരളത്തിൽ വന്നിട്ടുണ്ടെന്നും പറഞ്ഞ് ഒരുഗ്രൻ പാട്ട് മലയാളത്തിൽ പാടി. നമ്മുടെ വഞ്ചിപ്പാട്ട് തന്നെ. എല്ലാവരും കൂടെ പാടാൻ കൂടിയപ്പോൾ പ്രഭാതം എനർജറ്റിക് ആയി.

അന്ന് മുഴുവൻ നൈനിറ്റാൾ കറങ്ങി വൈകുന്നേരത്തോടെ തിരിച്ച് മസൂറിയിൽ പോവാനായിരുന്നു പ്ലാൻ. ശേഖർജിയോടും റിസോർട്ട് ജീവനക്കാരോടും യാത്ര പറഞ്ഞ് കാറിനടുത്തെത്തിയപ്പോൾ കാറിൻ്റെ മുകൾഭാഗം മഞ്ഞു തരികളാൽ മൂടിയത് കാണാൻ നല്ല രസമായിരുന്നു. സൂര്യദേവൻ്റ നാവുകൾ തലോടുമ്പോൾ അവ തനിയേ ഉരുകിപ്പോയ്ക്കോളും എന്ന് ചിന്തിച്ച് കാറിൽ കയറി ഇരുന്നു. റിസോർട്ട് ഒരു ഉയർന്ന പ്രദേശത്തായിരുന്നു. താഴെ ഇറങ്ങിയപ്പോഴുള്ള ജനക്കൂട്ടം കണ്ടപ്പോൾ അത്ഭുതമായി. ഇക്കണ്ട ജനങ്ങളും വാഹനങ്ങളുമെല്ലാം ഇന്നലെ രാത്രി എവിടെയായിരുന്നു ആവോ. ഇന്നലത്തെ വിജനതയും ശ്മശാന മൂകതയും കണ്ടപ്പോൾ ഇത് നൈനിറ്റാൾ തന്നെയല്ലേ, ഗൂഗിൾ ചേച്ചി പറ്റിച്ചോ എന്നൊക്കെ തോന്നിയിരുന്നു.

ഡെറാഡൂണിൻ്റെ ഹൈ കോർട്ട് നൈനിറ്റാളിലാണ്. ഹൈ കോർട്ട് റോഡിന് സമീപത്ത് കൂടെ ആദ്യം പോയത് ലവേഴ്സ് കോർണറിൽ ആയിരുന്നു. മഞ്ഞിലെ വിമല ടീച്ചറും സുധീർ കുമാർ മിശ്രയും രഹസ്യമായി സന്ധിച്ചിരുന്ന ലവേഴ്സ് കോർണർ. അവിടെ ഇരുന്ന് ദൂരെ മഞ്ഞരഞ്ഞാണം കെട്ടിയ ഹിമാലയൻ മലനിരകളെ നോക്കിയപ്പോൾ എന്തോ ഒരു വിങ്ങൽ. ഒരു നഷ്ടബോധം. ഉണങ്ങിത്തുടങ്ങിയ മുറിവിൽ നിന്ന് വീണ്ടും രക്തം കിനിഞ്ഞിറങ്ങുന്നത് പോലെ. ജീവനെന്ന് കരുതിയത് നഷ്ടപ്പെട്ട വേദന മരണം വരെ കൂടെയുണ്ടാവുമെന്ന തിരിച്ചറിവായിരുന്നു അത്. ഒരു നിമിഷം സുധീർ കുമാർ മിശ്രയെ കാത്തിരുന്ന വിമല ടീച്ചറായിപ്പോയി.. ഒരിക്കൽ വരും... വരാതിരിക്കില്ല എന്ന് മനസ്സ് പറഞ്ഞു.

അവിടെ നിന്ന് നേരെ നൈന ലേക്കിനടുത്താണ് പോയത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. ഇതൊന്നും കാണുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലായിരുന്നു. പിന്നീട് നൈനാ ദേവീക്ഷേത്രവും മഞ്ഞ് കിന്നരിത്തൊപ്പി വെച്ച ഹിമാലയൻ വ്യൂ പോയിൻ്റും ലേക്ക് വ്യൂ പോയിൻ്റും എല്ലാം കണ്ട് വൈകുന്നേരത്തോടെ കുമയൂൺ കുന്നിറങ്ങിയപ്പോൾ പ്രിയപ്പെട്ടതെന്തോ അവിടെ വെച്ചിറങ്ങിയ തോന്നലായിരുന്നു. ഏറ്റവും പ്രിയപ്പെട്ടൊരാളുടെ കൈ പിടിച്ചായിരിക്കണം ഹിമാലയത്തിൻ്റെ അരഞ്ഞാണമെന്നറിയപ്പെടുന്ന കുമയൂണിലേക്ക് കയറേണ്ടതും ഇറങ്ങേണ്ടതും. അത്രക്ക് ആർദ്രമാണവിടം. മഞ്ഞിലെ വിമല ടീച്ചറെപ്പോലെ..

PREV
Read more Articles on
click me!

Recommended Stories

നാടോടിച്ചന്തയുടെ ചന്തം, വർണങ്ങൾ വാരിവിതറുന്ന പുഷ്കർ; നഷ്ടമായ ഫ്രെയിമുകളിലെ വർണ്ണോത്സവം
ബെല്ലി ഡാൻസിന്റെ ചടുല താളം, ഒരിക്കലും മറക്കാത്ത ഡെസേർട്ട് സഫാരി; ജീവൻ പണയം വെച്ചൊരു മലയാളി യാത്ര