തമിഴ്‌നാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മധുര, കാലാതീതമായ സൗന്ദര്യം പകരുന്ന ഒരു പുരാതന നഗരമാണ്. മധുര മീനാക്ഷി ക്ഷേത്രം മുതൽ കൂടൽ അഴഗർ വരെ, ജിഗർതണ്ടയുടെ മധുരം നുണഞ്ഞൊരു യാത്ര…

ധുര... വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇഴ ചേർന്ന് നിൽക്കുന്ന നഗരം. തമിഴ്‌നാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മധുര, കാലാതീതമായ സൗന്ദര്യം പകരുന്ന ഒരു പുരാതന നഗരമാണ്. പൈതൃകത്തിന്റെയും ആത്മീയതയുടെയും സംയോജനമാണിവിടം. പ്രാചീന നഗരങ്ങളിലൊന്നായി ഭാരതീയ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയ ഇവിടേക്കുള്ള യാത്ര ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞ് നടത്തം തന്നെയാണ്. 'തൂങ്കാനഗരം' എന്നാണ് മധുര അറിയപ്പെടുന്നത്, അതായത് ഉറക്കമില്ലാത്ത നഗരം. ഏത് പാതിരാത്രിയിലും പകൽ പോലെ തന്നെ സജീവമാണ് മധുരയിലെ തെരുവുകൾ. ഇവിടുത്തെ തെരുവുകളും നഗരങ്ങളുമെല്ലാം രാവിലും ഉണർന്നിരിക്കുന്നത് കാണാൻ ഏറെ മനോഹരമാണ്. കിഴക്കിന്റെ ഏഥൻസ്, ഉത്സവങ്ങളുടെ നഗരം എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് മധുരക്ക്. മധുരയിലെ മധുരമൂറും കാഴ്ചകളും രുചിയേറും വിഭവങ്ങളും ആസ്വദിച്ചുള്ള യാത്ര ഓർമ്മകളിൽ മധുരമേകുമെന്നത് തീർച്ച.

വിസ്മയമേകും മധുര മീനാക്ഷി ക്ഷേത്രം

മധുര എന്നുകേട്ടാൽ ഏവരുടെയും മനസിൽ ആദ്യം തെളിയുക വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മധുര മീനാക്ഷി ക്ഷേത്രമാണ്. വിശ്വാസികളെ മാത്രമല്ല, ചരിത്രത്തിൽ കൗതുകമുള്ളവരും ഒരിക്കലെങ്കിലും ഇവിടം കണ്ടിരിക്കണം. ശിവപാർവ്വതിമാരെ സുന്ദരേശ്വരനും മീനാക്ഷിയുമായി ആരാധിക്കുന്ന ക്ഷേത്രത്തിൽ ശിവനേക്കാൾ പ്രാധാന്യം ദേവിക്ക് നൽകുന്നു. പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന് പുറമെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്. പതിനഞ്ച് ഏക്കർ സ്ഥലത്തായി മൂവായിരത്തിയഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളിൽ ഒന്നാണ്. മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം ക്ഷേത്രത്തോട് ചേർന്നുള്ള ആയിരം കൽമണ്ഡപമാണ്. 1569ൽ നിർമ്മിച്ച ഈ മണ്ഡപത്തിന് 985 കൽത്തൂണുകളുണ്ട്. ഇവിടെ സൂക്ഷിച്ചിട്ടുള്ള പഴയകാല ശിലകളും ചിത്രങ്ങളും ചരിത്രം ഇഷ്ടപ്പെടുന്നവർ കാണേണ്ടത് തന്നെയാണ്.

മധുരയിലെ മഹാത്ഭുതമായ തിരുമലൈ നായ്ക്കർ പാലസ്

മധുര മീനാക്ഷി ക്ഷേത്രത്തിൽ ഒതുങ്ങുന്നതല്ല മധുരയുടെ സൗന്ദര്യം. മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം എ‍ഡി 1636 ൽ മധുരൈ നായക വംശത്തിലെ തിരുമലൈ നായക് ആണ് നിർമ്മിച്ചത്. അക്കാലത്തെ സ്ഥിരം നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി രാജസ്ഥാനി‌ലെ കൊട്ടാരങ്ങളുടെ ശൈലിയായ ‌രജ‌പുത് ശൈലിയും ദ്രാവിഡ നിർമ്മാണ രീതിയും ചേർന്നുള്ള നിർമ്മാണമാണ് തിരുമലൈ നായ്ക്കർ പാലസിന്റേത്. ഇപ്പോൾ അവശേഷിക്കുന്നതിന്റെ നാലിരട്ടി വലുതായിരുന്നുവത്രെ ഇവിടുത്തെ ആദ്യ കൊട്ടാര സമുച്ചയം. നാനൂറ് വർഷത്തിലധികം പഴക്കമുള്ള കൊട്ടാരത്തിന്റെ പലഭാഗങ്ങളും തിരുമലൈ നായകിന്റെ കാലശേഷം നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് കൊട്ടാരം സംരക്ഷിക്കുന്നത്.

പ്രധാന കവാടം പിന്നിട്ട് കൊട്ടാരത്തിലേക്ക് കടക്കുമ്പോൾ എത്തുക വലിയൊരു നടുമുറ്റത്തേക്കാണ്. 41,979 ചതുരശ്ര അടി വിസ്തൃതി ഇതിനുണ്ട്. ഇതിന് ചുറ്റും വലിയ തൂണുകളിൽ നിൽക്കുന്ന വരാന്തകളും കാണാം. നടുമുറ്റത്തോടൊപ്പം തന്നെ ഭംഗിയുള്ളതാണ് ഇവിടുത്തെ നൃത്തമണ്ഡപവും. തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കൊട്ടാരത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സന്ദർശന സമയം. ഇന്ത്യക്കാർക്ക് 10 രൂപയും വിദേശികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.

അഴകേറും കൂടൽ അഴഗർ ക്ഷേത്രം

മധുരയിൽ നിന്നും വെറും രണ്ട് കിലോ മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് കൂടൽ അഴഗർ ക്ഷേത്രം. കൂടൽ എന്നത് മധുരയുടെ പഴയ പേരാണ്. മഹാവിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ മൂന്ന് കോവിലുകളും മൂന്ന് രൂപത്തിലുള്ള വിഷ്ണുവിനെയും ആരാധിക്കുന്നു. മധുരയുടെ യഥാർത്ഥ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടുവാൻ സാധിക്കുന്ന ക്ഷേത്രമാണിത്. ചരിത്രകാരന്മാരെയും വിശ്വാസികളെയും സ‍ഞ്ചാരികളെയും ഈ ദ്രാവിഡിയൻ നിർമ്മിതി ആകർഷിക്കുന്നു. അഞ്ച് നിലകളിലായുള്ള ഗോപുരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മധുര മീനാക്ഷി ക്ഷേത്രത്തേക്കാൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മിതി ഏറെ മനോഹരമാണ്. ഇവയ്ക്ക് പുറമെ തിരുമലനായ്ക്കർ കൊട്ടാരം, ഗാന്ധി മ്യൂസിയം, വലിയ കുളത്തിന്റെ നടുവിൽ മണ്ഡപമുള്ള തെപ്പക്കുളം, തിരുപ്പരൻകുണ്ഡ്രം തുടങ്ങിയവയും മധുരയിൽ എളുപ്പത്തിൽ പോകാൻ സാധിക്കുന്ന സ്ഥലങ്ങളാണ്.

രുചിയൂറും മധുര

വേറിട്ട ഭക്ഷണത്തിന്റെ കേന്ദ്രം കൂടിയാണ് മധുര ന​ഗരം. മധുരയുടെ സ്പെഷ്യൽ വിഭവമാണ് ജിഗർതണ്ട. 'ജിഗർ' എന്നാൽ 'ഹൃദയം', 'തണ്ട' എന്നാൽ 'തണുപ്പ്' എന്നർത്ഥം. ജിഗർതണ്ട എന്നാൽ ഹൃദയം തൊടുന്ന തണുപ്പാണ് എന്ന് പറയാം. പാൽ, പഞ്ചസാര, ബദാം പിസിൻ, നന്നാറി സിറപ്പ് എന്നിവ ചേർത്താണ് ജിഗർതണ്ട എന്ന വിഭവം ഉണ്ടാക്കുന്നത്. ജിഗർതണ്ടയ്ക്ക് പുറമെ ബൺ പൊറോട്ട, കൊത്ത് പൊറോട്ട, മട്ടൻ വിഭവങ്ങൾ, വിവിധതരം മധുര പലഹാരങ്ങൾ അങ്ങനെ നീളുന്നതാണ് മധുരയിലെ ഭക്ഷണ വൈവിധ്യം.