
വിമാന യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന അനാവശ്യ അധിക നിരക്കുകൾ ഒഴിവാക്കാൻ പുതിയ നിയമങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. 14 വയസിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെയോ കൂടെ യാത്ര ചെയ്യുന്ന മുതിർന്ന വ്യക്തിയുടെയോ സമീപത്ത് അധിക തുക ഈടാക്കാതെ സീറ്റ് അനുവദിക്കണമെന്നാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഒക്ടോബർ രണ്ട് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. കുടുംബമായി വിമാനയാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് തീരുമാനം.
നിലവിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്നതിനായി പ്രത്യേക സീറ്റ് തിരഞ്ഞെടുക്കുമ്പോൾ വിമാനക്കമ്പനികൾ അധിക നിരക്ക് ഈടാക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ മാതാവിനും പിതാവിനും കുട്ടിക്കും സമീപത്തെ സീറ്റ് ഉറപ്പാക്കാൻ മടക്കയാത്ര ഉൾപ്പെടെ 104 പൗണ്ട് വരെ അധികമായി നൽകേണ്ടിവന്നിരുന്നു. പുതിയ നിയമം നിലവിൽ വന്നതോടെ 14 വയസിന് താഴെയുള്ള കുട്ടികളെ മാതാപിതാക്കളുടെയോ കൂടെയുള്ള മുതിർന്ന വ്യക്തിയുടെയോ സമീപത്ത് അധിക നിരക്ക് ഈടാക്കാതെ ഇരുത്തേണ്ടിവരും. കുടുംബങ്ങൾക്ക് വിമാനയാത്രയുടെ ചെലവ് കുറയ്ക്കുന്നതിനും കുട്ടികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും പുതിയ നടപടി സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന ചെറിയ പേരെഴുത്ത് പിശകുകൾ തിരുത്തുന്നതിനുള്ള നിരക്കും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ചെറിയ അക്ഷരപ്പിശകുകൾ പോലും തിരുത്തുന്നതിന് ചില വിമാനക്കമ്പനികൾ 40 പൗണ്ട് വരെ ഈടാക്കുന്നുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ലളിതമായ പേരുപിശകുകൾ സൗജന്യമായി തിരുത്താൻ യാത്രക്കാർക്ക് സാധിക്കും.
വിമാനയാത്രയ്ക്കിടെ ഗുരുതരമായ രീതിയിൽ പ്രശ്‍നങ്ങൾ സൃഷ്ടിക്കുന്ന യാത്രക്കാരെ തിരിച്ചറിയുന്നതിനായി പ്രത്യേക വിവരപങ്കിടൽ സംവിധാനവും ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുന്നുണ്ട്. വിമാനക്കമ്പനികളുമായും വ്യോമയാന മേഖലയിലെ തൊഴിലാളി സംഘടനകളുമായും സഹകരിച്ചാണ് സംവിധാനം രൂപീകരിക്കുന്നത്. 2025ൽ ബ്രിട്ടനിൽ ഗുരുതരമായ രീതിയിൽ യാത്രാ തടസം സൃഷ്‍ടിച്ച 1,000ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു. ആവർത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന യാത്രക്കാരെ തിരിച്ചറിയാനും ആവശ്യമായാൽ അവർക്കെതിരായ യാത്രാ വിലക്ക് നീട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും പുതിയ സംവിധാനം വിമാനക്കമ്പനികളെ സഹായിക്കും.
വിമാനക്കമ്പനികളുടെ നയങ്ങളിൽ കൂടുതൽ ഏകീകരണം കൊണ്ടുവരുന്നതിനും യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ നിയമങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബ്രിട്ടനിലെയും യൂറോപ്യൻ യൂണിയനിലെയും യാത്രക്കാരുടെ അവകാശങ്ങൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനും പുതിയ നടപടികൾ സഹായിക്കുമെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ വിലയിരുത്തൽ.