
തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്-പുതുവര്‍ഷാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്നില്‍ നടക്കുന്ന വസന്തോല്‍സവത്തിലെ ദീപാലങ്കാരം സന്ദര്‍ശകരില്‍ വിസ്മയം തീര്‍ക്കുന്നു. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. 'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി' എന്ന ആശയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ദീപവിതാനം കാണാന്‍ അവധിക്കാലത്ത് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കനകക്കുന്നില്‍ വസന്തോത്സവത്തിന്‍റെ പ്രവേശന കവാടത്തില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത് ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ്. ആറ് റെയിന്‍ഡിയറുകള്‍ ഉള്‍പ്പെടുന്ന കമാനമാണ് ഇന്‍സ്റ്റലേഷന്‍റെ സവിശേഷത. ഇവ ഓരോന്നും 12 മുതല്‍ 15 അടി വരെ ഉയരമുള്ളതാണ്. ഇവ ഒരുമിച്ച് തറനിരപ്പില്‍ നിന്ന് 50 മുതല്‍ 60 അടി വരെ ഉയരമുണ്ട്.
തുടര്‍ന്ന് പ്രകാശം നിറഞ്ഞ നടപ്പാതയിലൂടെയാണ് സന്ദര്‍ശകര്‍ സഞ്ചരിക്കേണ്ടത്. വിളക്കുകളുടെ ഒരു തുരങ്കപാതയിലേക്കും അത് ആനയിക്കും. പ്രകാശിതമായ ഒരു വനത്തെ ഉള്‍ക്കൊള്ളുന്ന ഹൈടെക് ലൈറ്റിംഗ് സോണ്‍ ആണ് മറ്റൊരു സവിശേഷത.
അതിഥികളെ ഭാവിയിലേക്കുള്ള അനുഭവത്തിലൂടെ കൊണ്ടുപോകുന്നതാണ് വസന്തോത്സവത്തിലെ കോസ്മിക്-തീം ലൈറ്റ് ഇടനാഴിയായ സ്പേസ് ടണല്‍. വെളിച്ചവും നിഴലും ഇടകലര്‍ന്ന ഇന്‍സ്റ്റലേഷന്‍ വിവിധ ദൃശ്യ പാറ്റേണുകള്‍ സൃഷ്ടിക്കുന്നു. കൊട്ടാരവളപ്പിലെ പുല്‍ത്തകിടികളില്‍ ക്രിസ്റ്റല്‍ ഫോറസ്റ്റ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പിങ്ക്, നീല ലൈറ്റുകളാലാണ് കൊട്ടാരവളപ്പിലെ മരങ്ങള്‍ പൊതിഞ്ഞിരിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 'ലൈറ്റ് മേസ്' എന്ന സംവേദനാത്മക ലൈറ്റ് ഇന്‍സ്റ്റലേഷന്‍ മറ്റൊരു ആകര്‍ഷണമാണ്. വിന്‍ഡ് മില്‍ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന ഇന്‍സ്റ്റലേഷന്‍, പ്രതലങ്ങളിലെ പ്രതിഫലനങ്ങളില്‍ ലൈറ്റിംഗ് ഡിസൈനുകള്‍ പ്രയോജനപ്പെടുത്തുന്ന മിറര്‍ ഗാര്‍ഡന്‍, അനന്തമായ പ്രകാശമണ്ഡലത്തിന്‍റെ മിഥ്യാധാരണ സൃഷ്ടിക്കും വിധം രൂപകല്‍പ്പന ചെയ്ത ഇന്‍സ്റ്റലേഷന്‍ എന്നിവയാണ് സന്ദര്‍ശകരുടെ ആസ്വാദ്യതയേറ്റുന്ന മറ്റ് ആകര്‍ഷണങ്ങള്‍. കാലിഡോസ്കോപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഘടനയായ കലൈഡോ-ഹൗസ് തീര്‍ത്തും കൗതുകകരമായ അനുഭവം സമ്മാനിക്കാന്‍ പോന്നതാണ്. മാറുന്ന പാറ്റേണുകളും നിറങ്ങളും ഇതിന്‍റെ വിസ്മയം വര്‍ധിപ്പിക്കുന്നു.
സ്കാന്‍ഡിനേവിയന്‍ ക്രിസ്മസ് (ദി ഇഗ്ലൂ) മഞ്ഞുപ്രദേശത്ത് എത്തിയ അനുഭവം സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്നു. 'ജയന്‍റ് റെഡ് ഡ്രാഗണ്‍', 'പാത്ത് വേ ഓഫ് ദി ലാന്‍റേണ്‍സ്' എന്നിവ ഉള്‍ക്കൊള്ളുന്ന സാംസ്കാരിക പ്രമേയ മേഖലയായാണ് ചൈന ടൗണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തീയുടെ ചലനത്തെയും തിളക്കത്തെയും അനുകരിക്കുന്ന ലൈറ്റിംഗ് ഇന്‍സ്റ്റലേഷനാണ് ദി ഫ്ളേമിംഗ് ഗ്രൗണ്ട്സ്.
വ്യത്യസ്ത മേഖലകളിലൂടെ സന്ദര്‍ശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികള്‍ ഉള്‍ക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. ഡിസംബര്‍ 24 ന് ആരംഭിച്ച ദീപങ്ങളുടെയും പൂക്കളുടെയും ഉത്സവമായ വസന്തോത്സവം ജനുവരി 4 ന് സമാപിക്കും.