
ഗുജറാത്തിലെ നർമ്മദ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദർശിക്കാൻ പദ്ധതിയുണ്ടോ? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്ക് നിരവധി സവിശേഷതകളുണ്ട്. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർത്ഥമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
182 മീറ്റർ (ഏകദേശം 597 അടി) ഉയരമുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ നിർമ്മാണം വെറും 46 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രശസ്ത ഇന്ത്യൻ ശില്പി റാം വി. സുതാറാണ് ഈ പ്രതിമ രൂപകൽപ്പന ചെയ്തത്. ചരിത്രം, പ്രകൃതി, സംസ്കാരം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം സമന്വയിക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കായാലും കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നവർക്കായാലും പ്രകൃതി സ്നേഹികൾക്കായലുമെല്ലാം ആസ്വദിക്കാൻ ആവശ്യമായതെല്ലാം ഉണ്ട്.
പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്തായി ഏകദേശം 153 മീറ്റർ ഉയരത്തിൽ ഒരു നിരീക്ഷണ ഗാലറിയുണ്ട് (വ്യൂവിംഗ് ഗ്യാലറി). ഇവിടെ ഒരേസമയം 200 പേർക്ക് നിൽക്കാം. നർമ്മദ നദിയുടെയും സർദാർ സരോവർ അണക്കെട്ടിന്റെയും മനോഹരമായ ദൃശ്യം ഇവിടെ നിന്ന് കാണാം. മുകളിലേക്കുള്ള ലിഫ്റ്റ് യാത്ര തീർച്ചയായും അനുഭവിച്ചറിയുക തന്നെ വേണം. സർദാർ പട്ടേലിന്റെ ജീവിതത്തെക്കുറിച്ചും ഇന്ത്യയുടെ ഏകീകരണത്തിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും പ്രതിമയുടെ എഞ്ചിനീയറിംഗിനെ കുറിച്ചും ഉൾക്കാഴ്ച നൽകുന്ന ഒരു മ്യൂസിയവും പ്രദർശന ഗാലറികളും സമുച്ചയത്തിനുള്ളിൽ നിങ്ങൾക്ക് കാണാൻ കഴിയും.
എല്ലാ ദിവസവും വൈകുന്നേരം പ്രതിമയിൽ നടക്കുന്ന ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. ഭാരതത്തിന്റെ ചരിത്രമാണ് ഇതിൽ ദൃശ്യവൽക്കരിക്കുന്നത്. സാധാരണയായി രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് തുറന്നിരിക്കുക. തിങ്കളാഴ്ചകളിൽ സ്റ്റാച്യു ഓഫ് യൂണിറ്റി അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിടും. തിരക്ക് ഒഴിവാക്കാനും സമീപത്തുള്ള ആകർഷണങ്ങൾ സന്ദർശിക്കാനും അതിരാവിലെ എത്തിച്ചേരുന്നതാണ് ഏറ്റവും അനുയോജ്യം. തിരക്ക് ഒഴിവാക്കാൻ ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് നല്ലത്.
സമീപത്തുള്ള മറ്റ് കാഴ്ചകൾ
എങ്ങനെ എത്തിച്ചേരാം?