സെൻട്രൽ vs ജംഗ്ഷൻ; റെയിൽവേ സ്റ്റേഷനുകളുടെ പേരിലെ ഈ കോഡുകൾ എന്താണെന്ന് അറിയാമോ?

Published : Nov 22, 2025, 03:47 PM IST
Central vs Junction

Synopsis

റെയിൽവേ സ്റ്റേഷനുകളുടെ പേരിലെ സെൻട്രലും ജംഗ്ഷനും തമ്മിലുള്ള വ്യത്യാസം എപ്പോഴും സംശയം ജനിപ്പിക്കുന്നവയാണ്. ഇവ മനസ്സിലാക്കുന്നത് യാത്രകൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സഹായിക്കും. 

റെയിൽവേ സ്റ്റേഷന്റെ പേരുകളിലെ സെൻട്രൽ, ജം​ഗ്ഷൻ എന്നിവ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? ട്രെയിൻ യാത്രകൾ നടത്താറുള്ളവരിൽ പലർക്കും സംശയമുള്ള കാര്യമായിരിക്കും ഇത്. ഇത്തരം പദങ്ങൾ ഉപയോ​ഗിക്കുന്നതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. സ്റ്റേഷൻ എത്ര വലുതാണെന്നും അത് ഏത് തരം ട്രെയിനുകളാണ് കൈകാര്യം ചെയ്യുന്നതെന്നും റെയിൽ ശൃംഖലയിൽ അത് എത്രത്തോളം പ്രധാനമാണെന്നും വ്യക്തമാക്കുന്ന പാരമ്പര്യ പദങ്ങളാണിത്. ഈ പേരുകൾ മനസ്സിലാക്കുന്നതിലൂടെ യാത്രകൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സാധിക്കും.

ഒരു സ്റ്റേഷനിൽ മാത്രം എല്ലാ ട്രെയിനുകളെയും യാത്രക്കാരെയും കൈകാര്യം ചെയ്യാൻ കഴിയില്ല. അതിനാൽ വലിയ നഗരങ്ങളിൽ സാധാരണയായി ഒന്നിലധികം റെയിൽവേ സ്റ്റേഷനുകൾ ഉണ്ടാകും. വർഷങ്ങളായി റെയിൽ ലൈനുകൾ വികസിച്ചപ്പോൾ, വ്യത്യസ്ത ദിശകളിലേക്ക് പോകുന്ന റൂട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ സ്റ്റേഷനുകൾ കൂട്ടിച്ചേർക്കപ്പെട്ടു. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഭരണപരമായ ഉപയോഗത്തിനോ സൈനിക ഉപയോഗത്തിനോ വേണ്ടിയാണ് പഴയ പല സ്റ്റേഷനുകളും നിർമ്മിക്കപ്പെട്ടത്.

നഗരങ്ങൾ വളർന്നപ്പോൾ പുതിയ സ്റ്റേഷനുകളും ഉയർന്നുവന്നു. ഒന്നിലധികം സ്റ്റേഷനുകൾ ഉള്ളത് പ്രധാന ന​ഗരങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. റെയിൽവേയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനും ഇതുവഴി സാധിക്കും. അതുകൊണ്ടാണ് ദില്ലി, മുംബൈ, കാൺപൂർ, ചെന്നൈ, പ്രയാഗ്‌രാജ് തുടങ്ങിയ വൻ നഗരങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി നിരവധി സ്റ്റേഷനുകൾ ഉള്ളത്.

സെൻട്രൽ

ഒരു ‘സെൻട്രൽ’ സ്റ്റേഷൻ സാധാരണയായി പ്രധാന നഗരങ്ങളിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനെയാണ് സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ വലിയ തിരക്ക്, പ്രധാനപ്പെട്ട ദീർഘദൂര റൂട്ടുകൾ, കൂടുതൽ പ്രീമിയം ട്രെയിനുകളുടെ വരവ് എന്നിവ ഇത്തരം സ്റ്റേഷനുകൾ കൈകാര്യം ചെയ്യുന്നു. മികച്ച കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉള്ളതിനാൽ, ഈ സ്റ്റേഷനുകൾ പലപ്പോഴും അന്തർസംസ്ഥാന റെയിൽ ഗതാഗതത്തിനുള്ള പ്രധാന പോയിന്റായി പ്രവർത്തിക്കുന്നവയാണ്.

കാൺപൂർ സെൻട്രൽ, ചെന്നൈ സെൻട്രൽ, മുംബൈ സെൻട്രൽ എന്നിവ ഉയർന്ന അളവിലുള്ള ദൈനംദിന യാത്രക്കാരുടെ എണ്ണത്തിനും വിപുലമായ സേവന ശൃംഖലയ്ക്കും പേരുകേട്ടവയാണ്. മിക്ക നഗരങ്ങളിലും പ്രധാന റൂട്ടുകളിലേയ്ക്കുള്ള യാത്രകൾ ആരംഭിക്കുന്നത് സെൻട്രൽ സ്റ്റേഷനിൽ നിന്നായിരിക്കും. കേരളത്തിൽ തിരുവനന്തപുരം സെൻട്രൽ അത്തരത്തിൽ പ്രധാനപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണ്.

ജം​ഗ്ഷൻ

മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ കൂടിച്ചേരുന്ന ഒരു സ്റ്റേഷനാണ് ‘ജംഗ്ഷൻ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത് യാത്രക്കാരെ സംബന്ധിച്ചും ചരക്ക് നീക്കത്തിനുമെല്ലാം ഒരു പ്രധാന ഹബ്ബായി പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള ട്രെയിനുകൾ റൂട്ട് ചെയ്യുന്നതിൽ ഈ സ്റ്റേഷനുകൾ പ്രധാനമാണ്. കൂടാതെ യാത്രക്കാർക്ക് എളുപ്പത്തിൽ മറ്റ് ദിശകളിലേയ്ക്ക് അവരുടെ യാത്രകളെ മാറ്റാൻ ​ജം​ഗ്ഷൻ സ്റ്റേഷനുകൾ അനുവദിക്കുന്നു. ജംഗ്ഷനുകളിൽ സാധാരണയായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ, വ്യത്യസ്ത ട്രെയിൻ വിഭാഗങ്ങൾ, ശക്തമായ പ്രാദേശിക കണക്റ്റിവിറ്റി എന്നിവയുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ക്രോസ് പോയിന്റുകളിലൊന്നായ ഇറ്റാർസി ജംഗ്ഷൻ, വടക്കൻ, മധ്യ, പടിഞ്ഞാറൻ റൂട്ടുകളെ ബന്ധിപ്പിക്കുന്ന മഥുര ജംഗ്ഷൻ എന്നിവ ഉദാഹരണങ്ങളാണ്. കാൺപൂർ, പട്ന തുടങ്ങിയ നഗരങ്ങളിലും ആയിരക്കണക്കിന് ഇന്റർസിറ്റി യാത്രക്കാർക്ക് സേവനം നൽകുന്ന പ്രധാനപ്പെട്ട ജംഗ്ഷൻ സ്റ്റേഷനുകൾ ഉണ്ട്. കേരളത്തിൽ എറണാകുളം ജം​ഗ്ഷൻ, കൊല്ലം ജംഗ്ഷൻ എന്നിവ അത്തരത്തിൽ പ്രധാനപ്പെട്ട സ്റ്റേഷനുകളാണ്.

PREV
Read more Articles on
click me!

Recommended Stories

കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര
ഗോവയും ഗുജറാത്തുമല്ല! 2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച സംസ്ഥാനം മറ്റൊന്ന്, റിപ്പോര്‍ട്ട് പുറത്തുവിട്ട് ക്ലിയർട്രിപ്പ്