വര്‍ക്കലയില്‍ യാത്രയുടെ പുതിയ അധ്യായം; 'യാനം' സ്ഥിരം ഫെസ്റ്റിവെലാക്കുമെന്ന് മുഹമ്മദ് റിയാസ്

Published : Oct 18, 2025, 10:45 AM IST
Yaanam literary festival

Synopsis

യാത്രയും സാഹിത്യവും ഒരുമിപ്പിച്ച് വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന്റെ ലക്ഷ്യം. 

വര്‍ക്കല: യാത്രയും എഴുത്തനുഭവങ്ങളും സമ്മേളിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ 'യാന'ത്തിന്‍റെ ഒന്നാം പതിപ്പിന് വര്‍ക്കലയില്‍ തുടക്കമായി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 19 വരെയാണ് ഫെസ്റ്റിവെല്‍.

യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റിവല്‍ ഒരു സ്ഥിരം ഫെസ്റ്റിവല്‍ ആക്കുന്നതിന് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരള ടൂറിസം വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഓരോ മേഖലയിലും വലിയ മുന്നേറ്റം നടത്താനായിട്ടുണ്ട്. ടൂറിസം പ്രചാരണത്തിനായി വ്യത്യസ്ത ആശയങ്ങള്‍ കേരളം നടപ്പിലാക്കിവരുന്നു. അത്തരത്തിലൊരു പ്രചാരണ പരിപാടിയാണ് സഞ്ചാരവും സാഹിത്യവും ഒത്തുചേരുന്ന യാനം. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങിയവയിലൂടെ കൂടുതല്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കാനായി. യാനത്തിലൂടെയും അതിന് സാധിക്കും.

വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്താനും യാനം സഹായിക്കും. സഞ്ചാരികളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തിയ ഡെസ്റ്റിനേഷനാണ് വര്‍ക്കല. ആ മുന്നേറ്റത്തിന് കൂടുതല്‍ വേഗം പകരാന്‍ യാനത്തിലൂടെ സാധിക്കും.

ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്താനാണ് ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു ആശയം രാജ്യത്തുതന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. സഞ്ചാര സാഹിത്യത്തിന്‍റെയും ദൃശ്യസഞ്ചാരങ്ങളുടേയും മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് യാത്രയുമായി ബന്ധപ്പെട്ടവരുടെ ഒത്തുചേരലിനായുള്ള സാഹിത്യോല്‍സവത്തിന് കേരള ടൂറിസം മുന്‍കൈ എടുത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായ വര്‍ക്കല യാനം ഫെസ്റ്റിവെലിന്‍റെ ആദ്യ പതിപ്പിന് വേദിയാകാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് അധ്യക്ഷനായിരുന്ന വി.ജോയ് എംഎല്‍എ പറഞ്ഞു. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകളും യാത്രാനുഭവങ്ങളും പങ്കിടുന്നതിന് ടൂറിസം വകുപ്പ് വേദിയൊരുക്കുന്ന സവിശേഷ സംരംഭമാണ് യാനം ഫെസ്റ്റിവെലെന്ന് മുഖ്യാതിഥിയായ നടിയും ട്രാവല്‍ വ്ളോഗറുമായ അനുമോള്‍ പറഞ്ഞു. പുസ്തകങ്ങളാണ് തന്നെ രൂപപ്പെടുത്തിയതെന്നും യാത്രകള്‍ തരുന്ന അനുഭവം ഏറെ വലുതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. യാത്രയില്‍ കാണുന്ന സ്ഥലങ്ങള്‍, മനുഷ്യര്‍, ജീവിതം എന്നിവയെല്ലാം വ്യക്തിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി നൂതന പദ്ധതികള്‍ കേരള ടൂറിസം ആസൂത്രണം ചെയ്ത് നടപ്പാക്കാറുണ്ടെന്നും അക്കൂട്ടത്തിലെ ഏറ്റവും പുതിയ സംരംഭമാണ് യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ യാനം എന്ന് സ്വാഗതപ്രസംഗത്തില്‍ ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, കൗണ്‍സിലര്‍ അജയകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഫെസ്റ്റിവെല്‍ ഡയറക്ടര്‍ സബിന്‍ ഇഖ്ബാല്‍ ഫെസ്റ്റിവെലിന്‍റെ ആമുഖ വിവരണം നടത്തി. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം 'ഇന്‍ സെര്‍ച്ച് ഓഫ് സ്റ്റോറീസ് ആന്‍ഡ് കാരക്ടേഴ്സ്' എന്ന ആദ്യ സെഷനില്‍ ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, എഴുത്തുകാരി കെ.ആര്‍ മീര, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് 6.30 ന് പ്രസിദ്ധ സിനിമാ പിന്നണി ഗായകന്‍ ഷഹബാസ് അമന്‍റെ നേതൃത്വത്തില്‍ 'ഷഹബാസ് പാടുന്നു' എന്ന സംഗീത പരിപാടി നടന്നു.

'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിന്‍റെ കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമാണ് യാനം.

ട്രാവല്‍ വ്ളോഗര്‍മാര്‍, ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ വ്യത്യസ്തമാക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രഭാഷകരുടെ ശ്രദ്ധേയ നിരയാണ് യാനം ഫെസ്റ്റിലുള്ളത്.

ഇന്ത്യയിലെയും വിദേശത്തെയും എഴുത്തുകാര്‍, കലാകാരന്‍മാര്‍, ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, സാഹസികസഞ്ചാരികള്‍, പാചകരംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ ഫെസ്റ്റിവെലിന്‍റെ ഭാഗമാകും. എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയുള്ള ഈ ഉദ്യമം ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളമെന്ന ഡെസ്റ്റിനേഷനെ വ്യത്യസ്തമായി അടയാളപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്. എഴുത്ത്, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളില്‍ പരിശീലന കളരികളും യാനത്തിന്‍റെ ഭാഗമായി നടക്കും.

PREV
Read more Articles on
click me!

Recommended Stories

മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'