ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാമ്പഴങ്ങളിലൊന്നാണ് മിയാസാക്കി മാമ്പഴം. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ എങ്ങനെ ഈ മാമ്പഴം വളർത്തിയെടുക്കാം?
പെട്ടെന്ന് കായ്ക്കുന്നതിനും മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ കൃത്യമായി ലഭിക്കുന്നതിനും വിശ്വസനീയമായ നഴ്സറികളിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത മിയാസാക്കി തൈകൾ വാങ്ങി നടുക.
മിയാസാക്കി മാമ്പഴത്തിന് അതിന്റെ കടും ചുവപ്പ് നിറം ലഭിക്കാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. ദിവസം കുറഞ്ഞത് 6 - 8 മണിക്കൂർ വരെ നേരിട്ട് നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം നടാൻ.
വെള്ളക്കെട്ടില്ലാത്ത, ജൈവാംശമുള്ള മണ്ണാവണം. നിലത്തോ വലിയ ഡ്രമ്മുകളിലോ/ചട്ടികളിലോ വളർത്താം. ചാണകപ്പൊടിയോ കമ്പോസ്റ്റോ, വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർത്ത് മണ്ണ് പാകപ്പെടുത്തണം.
തുടക്കത്തിൽ തൈകൾക്ക് കൃത്യമായി നനച്ചു കൊടുക്കണം. മണ്ണിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇത് വേരുചീയലിന് കാരണമാകും. മാവ് പൂക്കുന്ന സമയത്ത് നനയ്ക്കുന്നത് കുറയ്ക്കണം.
മാമ്പഴത്തിന്റെ ഗുണവും രുചിയും കൂട്ടാൻ ജൈവവളങ്ങളാണ് ഏറ്റവും നല്ലത്. ചാണകപ്പൊടി, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ കൃത്യമായ ഇടവേളകളിൽ നൽകാം.
മാവ് വളർന്നു വരുമ്പോൾ അനാവശ്യമായ കൊമ്പുകളും ഉണങ്ങിയ ഭാഗങ്ങളും മുറിച്ചു മാറ്റുക. ഇത് മാവിന് നല്ല ആകൃതി നൽകാനും എല്ലാ ഭാഗങ്ങളിലേക്കും വെളിച്ചവും വായുവും കടക്കാനും സഹായിക്കും.
മാവ് പൂത്തു തുടങ്ങുമ്പോൾ കഞ്ഞിവെള്ളം തളിക്കുന്നതും, സുഡോമോണസ് ലായനി തളിക്കുന്നതും പൂപ്പൽ രോഗങ്ങൾ തടയാനും പൂ കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
കായ്കൾ ചെറുതായിരിക്കുമ്പോൾ തന്നെ പ്രത്യേക ബാഗുകൾ ഉപയോഗിച്ച് മൂടുന്നത് കീടങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും സംരക്ഷിക്കും. മാമ്പഴത്തിന് ആകർഷകമായ നിറം ലഭിക്കാനും സഹായിക്കും.
ഇലച്ചുരുട്ടി പുഴു, തണ്ട് തുരപ്പൻ എന്നിവക്കെതിരെ ജൈവ കീടനാശിനികളായ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനികൾ കൃത്യമായ ഇടവേളകളിൽ തളിക്കുക.
മാമ്പഴം പഴുക്കുമ്പോൾ അതിന്റെ പച്ചനിറം മാറി കടും ചുവപ്പ് അല്ലെങ്കിൽ റൂബി റെഡ് നിറമാകും. ഈ സമയത്ത് ശ്രദ്ധയോടെ ഞെട്ടോടു കൂടി വേണം വിളവെടുക്കാൻ.