
യുകെയിലെ ഹെർട്ട്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള ഡഗ്ലസ് സ്മിത്ത്(Douglas Smith) ഒരു ചെടിയിൽ നിന്ന് 1,269 തക്കാളി(tomatoes) നട്ടുവളർത്തി പുതിയ ഗിന്നസ് റെക്കോർഡ്(Guinness Record) സ്ഥാപിച്ചിരിക്കയാണ്. ആഴ്ചയിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെ അദ്ദേഹം ചെടിയെ പരിപാലിക്കാൻ സമയം ചെലവഴിക്കുന്നു. എന്നാൽ, ഇത് ആദ്യമായല്ല അദ്ദേഹം റെക്കോർഡ് സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെടിയിൽ നിന്നും 839 തക്കാളികൾ ഉണ്ടാക്കിയാണ് ഡഗ്ലസ് സ്മിത്ത് പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചത്. അതിനും പത്ത് വർഷം മുൻപ് ഒരു ചെടിയിൽ നിന്ന് 488 തക്കാളി അദ്ദേഹം വളർത്തിയെടുത്തിരുന്നു. അത് തകർക്കാൻ ആർക്കും സാധിച്ചിരുന്നില്ല.
2021 സെപ്റ്റംബറിൽ, തന്റെ തക്കാളിച്ചെടികൾ വിളവെടുക്കുന്നതിനിടയിൽ, ഡഗ്ലസ് 1,269 ചെറി തക്കാളികളുള്ള ഒരൊറ്റ ചെടി കണ്ടെത്തി. അതിനുശേഷമാണ് അദ്ദേഹം ലോകറെക്കോർഡിനായി അപേക്ഷിച്ചത്. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് അദ്ദേഹം തന്റെ തന്നെ റെക്കോർഡ് തകർക്കുന്നത്, അതും മാസങ്ങൾക്കിടയിൽ. ഒരു സ്വതന്ത്ര ഹോർട്ടികൾച്ചറിസ്റ്റാണ് ഔദ്യോഗികമായി ഇത് എണ്ണി തിട്ടപ്പെടുത്തിയത്. ഡഗ്ലസ് പറയുന്നതനുസരിച്ച്, തക്കാളികളുടെ പത്ത് പെട്ടികൾ ഒരു ട്രേയിൽ വെച്ചു, ഓരോ ട്രേയിലും 100 തക്കാളികൾ വീതം ഉണ്ടായിരുന്നു. മൊത്തം 1,269 തക്കാളികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന എണ്ണമാണ്. ഇത് ഡഗ്ലസിന്റെ പഴയ റെക്കോർഡിനേക്കാൾ 430 തക്കാളി കൂടുതലാണ്.
ഡഗ്ലസിന് ഹോർട്ടികൾച്ചറിനോട് വലിയ താല്പര്യമാണ്. മാത്രമല്ല ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തോട്ടക്കാരനാകാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഡഗ്ലസ് തന്റെ തക്കാളി കൃഷി രീതികളോട് ഒരു വിശകലന സമീപനമാണ് കൈക്കൊള്ളുന്നത്. അദ്ദേഹം വിവിധ ശാസ്ത്രീയ പേപ്പറുകൾ പഠിക്കുകയും ഒരു ലബോറട്ടറിയിൽ മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കാൻ കൊണ്ട് പോവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിള ലഭിക്കുന്നത് വരെ ഫോർമുല മാറ്റിക്കൊണ്ടിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. 2020 -ൽ, അദ്ദേഹം 20 അടി ഉയരമുള്ള ഒരു സൂര്യകാന്തി ചെടി വളർത്തി. കൂടാതെ 3.106 കിലോയുള്ള തക്കാളി ഉണ്ടാക്കി ഏറ്റവും ഭാരമേറിയ തക്കാളിയുടെ പുതിയ ദേശീയ റെക്കോർഡും സ്ഥാപിച്ചു. മറ്റ് ഭീമൻ പച്ചക്കറികളും ഭീമാകാരമായ വിളകളും ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. കൂടാതെ ഇപ്പോൾ കടല, വഴുതന, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്തുകയാണ് അദ്ദേഹം.