Latest Videos

മാം​ഗോ മാൻ, തന്റെ ഭൂമിയിൽ വിളയിക്കുന്നത് 1600 വ്യത്യസ്ത ഇനം മാമ്പഴം

By Web TeamFirst Published Aug 29, 2022, 1:04 PM IST
Highlights

ഇന്ന് അദ്ദേഹത്തിന്റെ പറമ്പിൽ 120 വർഷം പഴക്കമുള്ള ഒരു മാവ് ഉണ്ട്. അതിൽ വ്യത്യസ്ത രുചിയിലും നിറത്തിലും രൂപത്തിലും മണത്തിലുമുള്ള 30 മാമ്പഴങ്ങളാണ് ഉണ്ടാവുന്നത്.

ചെറുപ്പത്തിൽ തന്നെ ഹാജി കലിമുല്ലാ ഖാൻ തന്റെ വീട്ടിൽ പൂർവികർ വച്ചുപിടിപ്പിച്ച മാവിന്റെ ചുറ്റും ഓടിക്കളിക്കാറുണ്ടായിരുന്നു. എന്നും മാവിനോടും മാമ്പഴങ്ങളോടും പ്രിയമുണ്ടായിരുന്നു അദ്ദേഹത്തിന്. ആ മാമ്പഴപ്രിയം തന്നെയായിരുന്നിരിക്കണം ലഖ്നൗ സ്വദേശിയായ കലിമുല്ലാ ഖാനെ കൊണ്ട് തന്റെ എട്ട് ഏക്കർ ഭൂമിയിൽ 1600 വ്യത്യസ്ത ഇനം മാമ്പഴം വിളയിച്ചത്. 

82 വയസുള്ള ഈ ഹോർട്ടികൾച്ചറിസ്റ്റ് ആദ്യമായി താൻ എന്നാണ് ഒരു മാവ് നട്ടത് എന്നതിനെ കുറിച്ച് ഓർക്കുന്നു. അത് അദ്ദേഹം ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു. അതിനുശേഷം അദ്ദേഹം ​ഗ്രാഫ്റ്റിം​ഗ് മെത്തേഡ് ഉപയോ​ഗിച്ച് കൊണ്ട് ഒറ്റ മരത്തിൽ നിന്നും തന്നെ ഏഴ് വ്യത്യസ്ത ഇനം മാമ്പഴങ്ങളുണ്ടാക്കി. 

ഇന്ന് അദ്ദേഹത്തിന്റെ പറമ്പിൽ 120 വർഷം പഴക്കമുള്ള ഒരു മാവ് ഉണ്ട്. അതിൽ വ്യത്യസ്ത രുചിയിലും നിറത്തിലും രൂപത്തിലും മണത്തിലുമുള്ള 30 മാമ്പഴങ്ങളാണ് ഉണ്ടാവുന്നത്. അതിനെല്ലാം അദ്ദേഹം കൊടുത്തിരിക്കുന്ന പേരും വളരെ വെറൈറ്റിയാണ്. പ്രശസ്തരായ ആളുകളുടെ പേരാണ് അവയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, ഐശ്വര്യ റായ് ബച്ചൻ, നരേന്ദ്ര മോദി എന്നിങ്ങനെ പോകുന്നു ആ പേരുകൾ. 

മാമ്പഴത്തിന്റെ വ്യത്യസ്ത ഇനങ്ങളെ സംരക്ഷിക്കുന്നതിനാലും ഹോർട്ടികൾച്ചറിലുള്ള അദ്ദേഹത്തിന്റെ സംഭാവനയാലും അദ്ദേഹത്തിന് 2008 -ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 'മാമ്പഴത്തെ പോലെ പ്രിയപ്പെട്ട ഒരു പഴം വളർത്തിയെടുക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ പവിത്രമായ ഒരു കാര്യമാണ്. ഓരോ മനുഷ്യനും നന്നായി പഴുത്ത ആ മാമ്പഴം കഴിക്കുന്നത് കാണുമ്പോൾ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ലക്ഷ്യം ഈ ലോകത്തിന് അൽപം സന്തോഷവും മധുരവും നൽകുക എന്നതാണ്. അതിന് മാമ്പഴത്തേക്കാൾ മികച്ച മറ്റൊരു വഴിയില്ല എന്ന് ഞാൻ കരുതുന്നു' എന്ന് അദ്ദേഹം പറയുന്നു. 
 

click me!