ചെമ്പരത്തിയുടെ ഇലകളില്‍ കാണപ്പെടുന്ന കറുത്ത പുള്ളിക്കുത്തുകള്‍

By Web TeamFirst Published Dec 27, 2020, 4:32 PM IST
Highlights

ഈ കറുപ്പ് കുത്തുകള്‍ സാധാരണയായി ചെടിയെ വല്ലാതെ ഹാനികരമായി ബാധിക്കാറില്ല. ചില ഇലകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ കുത്തുകള്‍ ചെമ്പരത്തിയുടെ മുഴുവന്‍ ഭാഗങ്ങളെയും ബാധിക്കാറില്ല. 

മിക്കവാറും എല്ലാ വീടുകളിലും വളരുന്ന ചെമ്പരത്തിച്ചെടിക്ക് പ്രത്യേക പരിചരണം നല്‍കുന്നവര്‍ വളരെ കുറവായിരിക്കും. പക്ഷേ, ഈ ചെടിയെയും ദോഷകരമായി ബാധിക്കുന്ന പലപല അസുഖങ്ങളുമുണ്ട്. ഇലകളിലോ മുകുളങ്ങളിലോ ഉണ്ടാകുന്ന കറുപ്പോ ബ്രൗണ്‍നിറമുള്ളതോ ആയ പുള്ളിക്കുത്തുകള്‍ പലപ്പോഴും ചെമ്പരത്തിച്ചെടിയില്‍ കാണാറുണ്ട്.

പ്രധാനമായും രണ്ട് പ്രശ്‌നങ്ങള്‍ കാരണമാണ് ഈ പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത്. ബാക്ടീരിയ, ഫംഗസ് എന്നിവയുടെ അമിതമായ വളര്‍ച്ചയോ ഏതെങ്കിലും കീടാക്രമണമോ ആയിരിക്കാം കാരണങ്ങള്‍. ദീര്‍ഘകാലം ചെടിയില്‍ ഈര്‍പ്പം തങ്ങിനിന്നാലാണ് ബാക്റ്റീരിയകളും ഫംഗസും കാരണമുള്ള പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത്. മുഞ്ഞ ആക്രമിച്ച ചെടിയാണെങ്കില്‍ ഒട്ടിപ്പിടിക്കുന്ന ഒരുതരം പദാര്‍ഥം വിസര്‍ജിക്കും. ഹണി ഡ്യൂ എന്നറിയപ്പെടുന്ന ഈ പദാര്‍ഥമാണ് കരിപോലെയുള്ള നിറം ഇലകളിലുണ്ടാക്കുന്നത്.

ഈ കറുപ്പ് കുത്തുകള്‍ സാധാരണയായി ചെടിയെ വല്ലാതെ ഹാനികരമായി ബാധിക്കാറില്ല. ചില ഇലകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ കുത്തുകള്‍ ചെമ്പരത്തിയുടെ മുഴുവന്‍ ഭാഗങ്ങളെയും ബാധിക്കാറില്ല. കൂടുതലാകുമ്പോള്‍ ഇലകളില്‍ സൂര്യപ്രകാശം പതിക്കുന്നത് തടസപ്പെടുകയും പ്രകാശസംശ്‌ളേഷണം നടക്കാതെ വരികയും ചെയ്യും. ബാക്റ്റീരിയ കാരണമുള്ള പുള്ളിക്കുത്തുകളാണെങ്കില്‍ ചികിത്സ എല്ലായ്‌പ്പോഴും ആവശ്യമില്ല. ചൂട് കൂടുമ്പോള്‍ ബാക്റ്റീരിയയും ഫംഗസുമെല്ലാം സ്വാഭാവികമായി നശിച്ചുപോകും. ദീര്‍ഘകാലം ഈര്‍പ്പമുള്ള കാലാവസ്ഥയാണ് തുടരുന്നതെങ്കില്‍ അസുഖം ബാധിച്ച ഇലകള്‍ നശിപ്പിച്ചുകളയാം. അല്ലെങ്കില്‍ വേപ്പെണ്ണ പ്രയോഗിക്കാം.

click me!