വെള്ളാനയേക്കാൾ ഭാരം; 1,295 കിലോ ഭാരമുള്ള കൂറ്റൻ മത്തങ്ങ വളർത്തി റെക്കോർഡിട്ട് ബ്രിട്ടീഷ് കർഷകൻ!

Published : Oct 13, 2026, 03:43 PM IST
world's heaviest pumpkin

Synopsis

മത്തങ്ങയെ പരിപാലിക്കുന്നതിനായി ഇയാൻ ദിവസവും ആറു മണിക്കൂറോളം സമയമാണ് തന്റെ തോട്ടത്തിൽ ചെലവഴിച്ചത്. ബ്രിട്ടനിലെ കടുത്ത ഉഷ്ണതരംഗവും ഗ്രീൻഹൗസിലെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതും വലിയ വെല്ലുവിളിയായി.

ഒരു വെള്ളാനയേക്കാൾ ഭാരമുള്ള കൂറ്റൻ മത്തങ്ങ വളർത്തി പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് കർഷകനായ ഇയാൻ പാറ്റൺ. ഹാംഷെയറിലെ പ്ലാന്റ് നഴ്സറി ഉടമയായ ഇയാൻ പാറ്റൺ വളർത്തിയ 'ബഗീര' എന്ന് പേരിട്ടിരിക്കുന്ന ഈ മത്തങ്ങയ്ക്ക് 1,295.8 കിലോഗ്രാം ആണ് ഭാരം. ഒക്ടോബർ മൂന്നിന് നടന്ന 'വേയിങ് ഓഫ് ഇവന്റി'ലാണ് ഗിന്നസ് ലോക റെക്കോർഡ് ഈ നേട്ടം അംഗീകരിച്ചത്. റൂഡ്യാർഡ് കിപ്ലിംഗിന്റെ 'ദി ജംഗിൾ ബുക്ക്' എന്ന പുസ്തകത്തിലെ കറുത്ത പാന്തറിന്റെ പേരാണ് ഇയാന്റെ മകന്റെ നിർദ്ദേശപ്രകാരം ഈ ഭീമൻ മത്തങ്ങയ്ക്ക് നൽകിയത്.

കഴിഞ്ഞ വർഷം ഇയാനും അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ സ്റ്റ്യുവാർട്ടും ചേർന്ന് 'മഗിൾ' എന്ന് പേരിട്ട മത്തങ്ങയിലൂടെ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 1,278.8 കിലോഗ്രാം ആയിരുന്നു ഈ മത്തങ്ങയുടെ ഭാരം. 50 വർഷത്തോളമായി ഇരുവരും ചേർന്ന് ഭീമൻ മത്തങ്ങകൾ വളർത്തിവരികയായിരുന്നു. കഴിഞ്ഞ റെക്കോർഡിന് ശേഷം സ്റ്റ്യുവാർട്ട് മത്സരരംഗത്തുനിന്ന് വിരമിച്ചെങ്കിലും, ഇയാൻ തനിയെ ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

ഈ വർഷം ബഗീര കൂടാതെ 'ബലൂ' എന്ന് പേരിട്ട മറ്റൊരു കൂറ്റൻ മത്തങ്ങ കൂടി ഇയാൻ വളർത്തിയെടുത്തിരുന്നു. സെപ്റ്റംബറിൽ നടന്ന മാൽവെൻ ഓട്ടം ഷോയിൽ 1,258 കിലോഗ്രാം ഭാരവുമായി ഇത് ആ സമയത്ത് രണ്ടാമത്തെ ഏറ്റവും ഭാരമേറിയ മത്തങ്ങയായി മാറി.

മത്തങ്ങയെ പരിപാലിക്കുന്നതിനായി ഇയാൻ ദിവസവും ആറു മണിക്കൂറോളം സമയമാണ് തന്റെ തോട്ടത്തിൽ ചെലവഴിച്ചത്. ബ്രിട്ടനിലെ കടുത്ത ഉഷ്ണതരംഗവും ഗ്രീൻഹൗസിലെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതും വലിയ വെല്ലുവിളിയായി. എന്നാൽ, കവറുകൾക്കുള്ളിൽ വളർത്തിയത് ചെടികളെ സംരക്ഷിക്കാൻ സഹായിച്ചു. ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ ചെടികൾക്ക് പ്രതിദിനം 590 ലിറ്റർ വെള്ളം വരെ നൽകേണ്ടി വന്നു. വെറുമൊരു ഗോൾഫ് പന്തിന്റെ വലിപ്പത്തിൽ നിന്ന് വെറും 120 ദിവസം കൊണ്ടാണ് ഈ മത്തങ്ങ ഇത്രയും വലിയ ഭാരത്തിലേക്ക് വളർന്നത്.

അടുത്ത ലക്ഷ്യം 3,000 പൗണ്ട്

മത്സരങ്ങൾ നിർത്താൻ തനിക്ക് ഉദ്ദേശമില്ലെന്ന് ഇയാൻ പറയുന്നു. 3,000 പൗണ്ട് ഭാരമുള്ള ഒരു മത്തങ്ങ വളർത്തിയെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

കറിവേപ്പില നട്ടിട്ടും കാര്യമില്ലേ? ഈ അബദ്ധങ്ങൾ ഒഴിവാക്കി നോക്കൂ
സ്ഥലപരിമിതിയെ മറികടന്ന് നൂതന കൃഷി,നൂറുമേനി വിളവുമായി ഉദയകുമാർ; ഓണവിപണിയിൽ താരമായി വേറിട്ട കൃഷിരീതികൾ