ചതുപ്പുനിലങ്ങളില്‍ വളരുന്ന ക്രാന്‍ബെറി; പോഷകഗുണത്തില്‍ കേമനായ പഴം...

Published : Mar 12, 2021, 09:03 AM IST
ചതുപ്പുനിലങ്ങളില്‍ വളരുന്ന ക്രാന്‍ബെറി; പോഷകഗുണത്തില്‍ കേമനായ പഴം...

Synopsis

അല്‍പം പുളിപ്പുള്ളതുകാരണം പലരും പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാറുണ്ട് . കുറഞ്ഞ അളവിലുള്ള പഞ്ചസാര ശരീരത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. 

അല്‍പം പുളിപ്പ് സ്വഭാവമുള്ളതാണെങ്കിലും ക്രാന്‍ബെറിപ്പഴങ്ങള്‍ പോഷകത്തിന്റെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ്. നല്ല പറിച്ചെടുത്ത പുതിയ പഴങ്ങളും ഉണങ്ങിയ പഴങ്ങളും ഇതുപയോഗിച്ചുണ്ടാക്കുന്ന സോസുകളും ജ്യൂസുകളുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരിയായ കാലാവസ്ഥയും യോജിച്ച മണ്ണുമുള്ളിടത്ത് മാത്രം വളരുന്ന ക്രാന്‍ബെറിയുടെ വിശേഷങ്ങള്‍ അറിയാം.

വാക്‌സിനിയം ജനുസില്‍പ്പെട്ട ക്രാന്‍ബെറിപ്പഴങ്ങള്‍ അമേരിക്കയിലാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത്. ചതുപ്പുനിലങ്ങളില്‍ വളരുന്ന ഈ ചെടി വിളവെടുക്കുന്ന സമയത്ത് പ്രദേശം വെള്ളത്താല്‍ നിറയുകയും പഴത്തിന്റെ ഉള്ളിലുള്ള വായുഅറകളുടെ സഹായത്തോടെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും. എന്നാല്‍, വളര്‍ച്ചയുടെ ഘട്ടത്തില്‍ ചതുപ്പുനിലങ്ങള്‍ വരണ്ടുതന്നെ കാണപ്പെടുകയും കൃത്യമായ ജലസേചനം ആവശ്യമായി വരികയും ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. വെള്ളത്തില്‍ നിന്ന് വിളവെടുത്ത് തണുപ്പിച്ച് ഉപയോഗിക്കുന്ന രീതിയും കുറ്റിച്ചെടിയില്‍ നിന്ന് സാധാരണ പഴങ്ങള്‍ പറിച്ചെടുക്കുന്ന പോലെ വിളവെടുത്ത് പഴങ്ങളായി വിപണിയിലെത്തിക്കുന്ന രീതിയുമുണ്ട്. അതായത് നനഞ്ഞ രീതിയിലും ഉണങ്ങിയ രീതിയിലും വളര്‍ത്തി വിളവെടുക്കാവുന്ന പഴമാണ് ക്രാന്‍ബെറിയെന്നര്‍ഥം. എന്നാല്‍, വീടുകളില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വീട്ടുമുറ്റം ചതുപ്പുനിലമായി കാണാന്‍ ആഗ്രഹിക്കില്ലല്ലോ. അപ്പോള്‍ സാധാരണ രീതിയില്‍ നടീല്‍ മിശ്രിതം തയ്യാറാക്കി പാത്രങ്ങളില്‍ വളര്‍ത്താറുമുണ്ട്.

വിത്ത് മുളപ്പിച്ച് വളര്‍ത്തുമെങ്കിലും നല്ല ക്ഷമയോടെ കാത്തിരുന്നാലേ മൂന്ന് മുതല്‍ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പഴങ്ങള്‍ ലഭിക്കുകയുള്ളു. തണ്ടുകള്‍ മുറിച്ച് നട്ടാലാണ് എളുപ്പത്തില്‍ വേര് പിടിച്ച് വളരുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള അമ്ലഗുണമുള്ള നടീല്‍ മിശ്രിതമാണ് ആവശ്യം. വേനല്‍ക്കാലത്തിന് മുമ്പായി അഞ്ച് മുതല്‍ എട്ട് ഇഞ്ച് വലുപ്പമുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് മുകളിലുള്ള നാല് ഇലകള്‍ പറിച്ചുമാറ്റണം. വേര് വരേണ്ട ഭാഗം വേര് പിടിപ്പിക്കുന്ന ഹോര്‍മോണില്‍ മുക്കിയ ശേഷം നട്ടാല്‍ നല്ലതാണ്. മണ്ണ് വരണ്ടിരിക്കാന്‍ അനുവദിക്കാതെ കൃത്യമായി നനയ്ക്കണം. ആറോ എട്ടോ ആഴ്ചകള്‍ കഴിഞ്ഞാല്‍ വേര് മുളച്ചുവരും. ഈ സമയത്ത് വലിയ പാത്രങ്ങളിലേക്കോ വീടിന് പുറത്തേക്കോ മാറ്റി നടാവുന്നതാണ്.

അല്‍പം പുളിപ്പുള്ളതുകാരണം പലരും പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാറുണ്ട് . കുറഞ്ഞ അളവിലുള്ള പഞ്ചസാര ശരീരത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. എന്നാല്‍, അമിതമായ അളവില്‍ പഴങ്ങളില്‍ ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹവും ഹൃദ്രോഗ സാധ്യതയുമുണ്ടാകും. 100 ഗ്രാം പഴത്തില്‍ 46 ഗ്രാം കലോറിയും 3.6 ഗ്രാം നാരുകളും 4.3 ഗ്രാം പഞ്ചസാരയും 11 മില്ലിഗ്രാം ഫോസ്ഫറസും 91 മൈക്രോഗ്രാം ലൂട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് കലോറി കുറഞ്ഞ ഉയര്‍ന്ന പോഷകഗുണമുള്ള പഴമാണെന്ന് പറയാം. പ്രായാധിക്യത്താല്‍ വരുന്ന കാഴ്ചക്കുറവ് പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

പഴങ്ങളായി കഴിക്കുമ്പോള്‍ ലഭിക്കുന്ന നാരുകള്‍ ജ്യൂസായി മാറ്റുമ്പോള്‍ ശരീരത്തിലെത്തുകയില്ല. 100 ഗ്രാം ശുദ്ധമായ ക്രാന്‍ബെറി ജ്യൂസില്‍ 12 ഗ്രാം പഞ്ചസാരയും 13 മില്ലിഗ്രാം ഫോസ്ഫറസും 77 മില്ലിഗ്രാം പൊട്ടാസ്യവും 9.3 മില്ലിഗ്രാം വിറ്റാമിന്‍ സിയും 5.1 മൈക്രോഗ്രാം വിറ്റാമിന്‍ കെയും അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പഴങ്ങളില്‍ കലോറി മൂല്യം കൂടുതലുണ്ട്. ഫൈറ്റോകെമിക്കലുകളും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു.

PREV
click me!

Recommended Stories

കാന്താരി കൃഷി ചെയ്യാം സിമ്പിളായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പപ്പായ: നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്, നല്ല വിളവും വിലയും, കൃഷിരീതിയെങ്ങനെ?