മൊബൈല്‍ ആപ്പ് വഴി കൃഷിസ്ഥലം കാണാം; ഇഷ്ടമായെങ്കില്‍ മാത്രം പച്ചക്കറി വാങ്ങാം

By Web TeamFirst Published Jan 25, 2020, 10:25 AM IST
Highlights

ഫാര്‍മിസെന്‍ എല്ലാ മാസവും കര്‍ഷകര്‍ക്ക് ഒരു കൃത്യമായ പ്രതിഫലം നല്‍കുന്നു. കാര്‍ഷിക മേഖലയിലെ നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിളകളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. പരമ്പരാഗതമായി കൃഷി ചെയ്തപ്പോള്‍ അവര്‍ ഉണ്ടാക്കിയ ലാഭത്തേക്കാള്‍ മൂന്ന് മടങ്ങ് വരുമാനമാണ് ഇതുവഴി ഓരോ കര്‍ഷകനും ലഭിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് കൃഷിഭൂമി നേരിട്ട് കാണാനും വിളകളുടെ വളര്‍ച്ചയും വളപ്രയോഗങ്ങളും മനസിലാക്കാനും കഴിയുന്ന മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയുമായാണ് ഈ ചെറുപ്പക്കാര്‍ മുന്നോട്ട് വന്നത്. എല്ലാ ആഴ്ചയും തോട്ടത്തില്‍ നിന്ന് നേരിട്ട് പറിച്ചെടുത്ത ശുദ്ധമായ പച്ചക്കറികള്‍ ഉപഭോക്താക്കളുടെ വീട്ടുവാതിലില്‍ എത്തിക്കാനും ഇവരുടെ നേതൃത്വത്തിലുള്ള 'ഫാര്‍മിസെന്‍' തയ്യാര്‍. ഷമീക് ചക്രവര്‍ത്തി, സുധാകരന്‍ ബാലസുബ്രഹ്മണ്യന്‍, ഗീതാഞ്ജലി രാജാമണി എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍.

2017 ജൂണില്‍ ഒരു ഫാമും 79 സബ്‌സ്‌ക്രൈബേഴ്‌സുമായി തുടങ്ങിയ ഇവരുടെ പ്രവര്‍ത്തനം അതേവര്‍ഷം ഡിസംബര്‍ മാസമായപ്പോള്‍ 300 സബ്‌സ്‌ക്രൈബേഴ്‍സും അഞ്ച് ഫാമും എന്ന നിലയിലേക്ക് വളര്‍ന്നു. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി 15 ഫാമുകള്‍ നിര്‍മിക്കണമെന്നതാണ് ഇവരുടെ തീരുമാനം. നഗരങ്ങളിലേക്കും ഇന്ത്യ മുഴുവനുമുള്ള സംരംഭമാക്കി ഫാര്‍മിസെന്‍ മാറ്റണമെന്ന ലക്ഷ്യമാണ് ഇവര്‍ക്ക്.

ബിറ്റ്‌സ് പിലാനിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ഷമീക് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എയും കരസ്ഥമാക്കിയ ശേഷമാണ് കൃഷിയില്‍ നൂതനമായ എന്തെങ്കിലും ചെയ്യണമെന്ന് കരുതി തുനിഞ്ഞിറങ്ങിയത്. നിരവധി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പരിചയം ഷമീകിനുണ്ട്. ആമസോണ്‍, യാഹൂ തുടങ്ങി ഓണ്‍ലൈന്‍ വഴിയും മറ്റു പല ബിസിനസും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ എന്‍ജീനീയറിങ്ങ് ബിരുധദാരിയായ സുധാകരനും ഇന്റര്‍നെറ്റ് വഴിയുള്ള നിരവധി ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായിരുന്നു.

ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റില്‍ എം.ബി.എ നേടിയ ഗീതാഞ്ജലിയും ബിസിനസില്‍ പ്രാവീണ്യം നേടിയ വനിതയാണ്. നഗരങ്ങളില്‍ കൃഷിക്കായി www.greenmylife.in എന്ന കമ്പനി നിര്‍മിച്ച സംരംഭകയും ടി.സി.എസില്‍ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിയുമാണ് ഇവര്‍.

 

ശരിയായ അളവിലുള്ള വിറ്റാമിനുകളും ധാതുലവണങ്ങളുമടങ്ങിയിരിക്കുന്നതാണ് സമീകൃതാഹാരം. നമ്മുടെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ പോഷകഘടകങ്ങള്‍ പച്ചക്കറകളില്‍ അടങ്ങിയിരിക്കണം. രാസവളങ്ങള്‍ പ്രയോഗിച്ച് പഴങ്ങളും പച്ചക്കറികളും കൃഷിചെയ്തുണ്ടാക്കുന്നതാണ് സര്‍വസാധാരണമായി കണ്ടുവരുന്ന രീതി. പഴങ്ങള്‍ പഴുപ്പിക്കാനും കൃത്രിമമായ വിദ്യകളുണ്ട്. അങ്ങനെ രാവസ്തുക്കള്‍ കുത്തിവെച്ച് പഴുപ്പിക്കുമ്പോള്‍ അവശ്യപോഷകങ്ങള്‍ നഷ്ടപ്പെടുന്നു. ചുരുക്കം പറഞ്ഞാല്‍ ഇന്ന് നാം കഴിക്കുന്നത് ഭക്ഷണമാണോ വിഷമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാനാണ് ഷമീക് ചക്രവര്‍ത്തി, സുധാകരന്‍ ബാലസുബ്രഹ്മണ്യന്‍, ഗീതാഞ്ജലി രാജാമണി എന്നിവര്‍ ചില പുതിയ ആശയങ്ങളുമായി രംഗത്ത് വന്നത്. മൊബൈലിലൂടെ നിങ്ങള്‍ക്ക് പച്ചക്കറികളുടെ ഗുണനിലവാരം മനസിലാക്കി വാങ്ങാനുള്ള അവസരമാണ് ഇവര്‍ നല്‍കുന്നത്.

2017 -ലാണ് ഫാര്‍മിസെന്‍ എന്ന പേരില്‍ ഇവര്‍ വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് ജനങ്ങളിലെത്തിക്കാനായി കമ്പനി സ്ഥാപിച്ചത്. 600 സ്‌ക്വയര്‍ ഫീറ്റ് ഭൂമിയില്‍ പരീക്ഷണം നടത്തിയാണ് ഇവര്‍ മൂവരും കീടനാശിനികളില്ലാത്ത പച്ചക്കറികള്‍ തങ്ങള്‍ക്കും വളര്‍ത്താമെന്ന് മനസിലാക്കിയത്.

കര്‍ഷകരുടെ പ്രധാന ലക്ഷ്യം പരമാവധി ഉത്പാദനമായിരിക്കും. ഫാര്‍മിസെന്‍ നമുക്ക് നല്‍കുന്നത് സാങ്കേതിക ഉപദേശങ്ങളും മാര്‍ക്കറ്റിങ്ങ് സംവിധാനങ്ങളും വിപണിയിലെത്താനുള്ള മാര്‍ഗങ്ങളും വിളകള്‍ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുമാണ്.

ബംഗളൂരുവിലാണ് ഫാര്‍മിസെന്‍ പ്രവര്‍ത്തനം നടത്തുന്നത്. 10.5 ഏക്കര്‍ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. 600 സ്‌ക്വയര്‍ ഫീറ്റ് ആക്കി വിഭജിച്ച് ചെറിയ ഫാമുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. മാസം തോറും കര്‍ഷകര്‍ക്കുള്ള വാടകയുള്‍പ്പെടെ 2500 രൂപ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ആയി നല്‍കുന്നു. ഓരോ വ്യക്തികള്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ സീസണ്‍ അനുസരിച്ച് ഈ ചെറിയ ഫാമില്‍ കൃഷി ചെയ്യാം. ഫാം വില്ലെ എന്ന ആപ്പ് വഴി അവര്‍ ഈ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിയന്ത്രിക്കുന്നു. ഏതു സമയത്ത് വേണമെങ്കിലും ഫാം സന്ദര്‍ശിക്കാം. രാസവസ്തുക്കളില്ലാതെ തങ്ങള്‍ ഉത്പാദിപ്പിച്ച വിളവുകള്‍ ഏതു സമയത്ത് വേണമെങ്കിലും വിളവെടുത്ത് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്.

ഫാര്‍മിസെന്‍ വഴി പച്ചക്കറികള്‍ വാങ്ങുന്നവര്‍ക്ക് കൃത്യമായി ഓരോ വിളകളും നിരീക്ഷിക്കാനും തങ്ങള്‍ കഴിക്കുന്ന പച്ചക്കറി എങ്ങനെയാണ് കൃഷി ചെയ്യുന്നതെന്ന് കാണാനുമുള്ള സംവിധാനമാണ് ലഭ്യമാകുന്നത്. ഫാമിന്റെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ വഴി നിങ്ങള്‍ക്ക് ലഭിക്കും.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വഴി ഫാം മാനേജ്‌മെന്റ് ആപ്പ് കര്‍ഷകരിലെത്തിക്കുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള മുകളില്‍ നിന്നുള്ള ദൃശ്യങ്ങളും കാണാം. വിളകളുടെ വളര്‍ച്ചാഘട്ടങ്ങള്‍ മനസിലാക്കാം. അതുപോലെ ഡ്രൈവര്‍ ആപ്പ് എന്ന സംവിധാനത്തിലൂടെ പച്ചക്കറികള്‍ വിതരണം ചെയ്യാനുള്ള വഴിയും കാണിച്ചുതരുന്നു.

ഇന്ത്യയിലെ കൃഷിരീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയും. ഏകദേശം അന്‍പതില്‍ക്കൂടുതല്‍ വ്യത്യസ്ത തരത്തിലുള്ള വിളകളെ മനസിലാക്കാന്‍ മൊബൈല്‍ ആപ്പ് വഴി കഴിയുന്നതായി ഇവര്‍ പറയുന്നു.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ ഭൂരിഭാഗവും ചെറുകിട കര്‍ഷകരില്‍ നിന്നാണ് ലഭിക്കുന്നത്. അവരാകട്ടെ മിക്കവാറും കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെട്ടവരുമാണ്. പ്രതീക്ഷിക്കാത്ത സമയത്താവും പച്ചക്കറികളുടെ വിപണിയിലുള്ള വിലനിലവാരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത്.  അതുപോലെ കാലാവസ്ഥയിലും പ്രതികൂലമായ മാറ്റങ്ങളുണ്ടാകാം. ഉയര്‍ന്ന വിളവും ലാഭവും നേടാനുള്ള ആഗ്രഹം മനസിലുണ്ടാകുമ്പോള്‍ രാസകീടനാശിനികലും വളങ്ങളും പ്രയോഗിക്കാനുള്ള ചിന്ത കര്‍ഷകരിലുണ്ടാകും. അങ്ങനെ വര്‍ഷങ്ങളോളം രാസവസ്തുക്കള്‍ മണ്ണില്‍ ഉപയോഗിച്ചാല്‍ മണ്ണിന്റെ ഗുണനിലവാരം തന്നെ നശിക്കും.

 

ഫാര്‍മിസെന്‍ എല്ലാ മാസവും കര്‍ഷകര്‍ക്ക് ഒരു കൃത്യമായ പ്രതിഫലം നല്‍കുന്നു. കാര്‍ഷിക മേഖലയിലെ നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിളകളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. പരമ്പരാഗതമായി കൃഷി ചെയ്തപ്പോള്‍ അവര്‍ ഉണ്ടാക്കിയ ലാഭത്തേക്കാള്‍ മൂന്ന് മടങ്ങ് വരുമാനമാണ് ഇതുവഴി ഓരോ കര്‍ഷകനും ലഭിക്കുന്നത്.

പ്രകൃതിദത്തമായ കൃഷിരീതികള്‍ അവലംബിക്കുന്നതുകൊണ്ട് മണ്ണിന്റെ ഗുണം വര്‍ധിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ മനസിലാക്കുന്നു. പുതയിടലും മണ്ണിലെ ഉപകാരികളായ ജീവികളെ ഉപയോഗിച്ച് മണ്ണിന്റെ പോഷകം വര്‍ധിപ്പിക്കുന്ന രീതികളുമാണ് ഇവര്‍ ചെയ്യുന്നത്.

click me!