കുറഞ്ഞ അദ്ധ്വാനത്തിൽ കൂടുതൽ ലാഭം നേടാൻ സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ് കൃഷി. നാല് മാസം കൊണ്ട് വിളവെടുക്കാവുന്ന ഈ കിഴങ്ങുവർഗ്ഗം പ്രമേഹത്തെ ചെറുക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മധുരക്കിഴങ്ങ്. നല്ല രുചിയോടൊപ്പം ധാരാളം അന്നജവും നാരുകളും അടങ്ങിയ ഇവ ശരീരത്തിലെ ഗ്ലൈസമിക് ഇൻഡെക്‌സ് കുറച്ച് പ്രമേഹത്തെ ചെറുക്കും. അതിനാൽ പ്രമേഹ രോഗികൾക്ക് വരെ കഴിക്കാൻ ഉത്തമം. കിഴങ്ങ് വർഗ്ഗങ്ങളിൽ മധുരം ഉള്ളതിനാൽ തന്നെയാണ് ഇവയ്ക്ക് മധുരക്കിഴങ്ങ് എന്ന് പേര് വന്നത്.

നാല് മാസം കൊണ്ട് വിളവെടുപ്പ്

കുറഞ്ഞ അദ്ധ്വാനത്തിൽ കൂടുതൽ പണം നേടാൻ സാധിക്കുന്ന ഒരു കൃഷിയാണ് മധുരക്കിഴങ്ങ് കൃഷി. വൈറ്റമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും, പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. പ്രായമായവരിൽ ഉണ്ടാകുന്ന ചർമ്മത്തിലെ ചുളിവുകൾ കാഴ്ച പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാനും മധുരക്കിഴങ്ങ് ഉപകരിക്കും. പരമാവധി നാലുമാസം കൊണ്ട് ഇവ വിളവെടുക്കാം. 30 സെന്‍റീമീറ്റർ വരെ നീളമുള്ള നാലോ അഞ്ചോ മുട്ടുകളുള്ള വള്ളിക്കഷ്ണങ്ങളാണ് നടേണ്ടത്. നല്ല സൂര്യപ്രകാശമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശം വേണം കൃഷിക്കായി തെരഞ്ഞെടുക്കാൻ. കൃഷിയിടം കിളച്ചൊരുക്കി തടമെടുത്ത് കൂന കൂട്ടിയും വള്ളി നടാം.

കൂനയെടുത്ത് നടണം

കുമ്മായം ചാണകം കമ്പോസ്റ്റ് എന്നിവ നിർബന്ധമായും അടിവളമായി ചേർക്കണം. നടുമ്പോൾ വള്ളിയുടെ മദ്ധ്യഭാഗത്തെ മുട്ടുകൾ മണ്ണിൽ നന്നായി താഴ്ത്തി വേണം നടാൻ. കൂനകളിലാണ് നടുന്നതെങ്കിൽ കൂനകൾ തമ്മിൽ രണ്ടരയടി അകലം വേണം. ഒരു കൂനയിൽ മൂന്ന് വള്ളിക്കഷണങ്ങൾ വരെ നടാം. വള്ളികൾ നട്ടശേഷം നന്നായി വെള്ളമൊഴിക്കണം. നട്ട് രണ്ടാഴ്ച കഴിഞ്ഞാണ് ആദ്യം കള നീക്കി മണ്ണ് കൂട്ടേണ്ടത്. അഞ്ചാഴ്ച കഴിഞ്ഞും ഇത് ആവർത്തിക്കാം. വള്ളി നീളുന്നത് കണ്ടാൽ വള്ളികൾ ഇളക്കി കൊടുക്കണം. പരമാവധി നാലുമാസം കൊണ്ട് ഇവ വിളവെടുക്കാം. എല്ലാകാലത്തും മധുരക്കിഴങ്ങിന് ആവശ്യക്കാർ ഏറെയാണ്. അതിനാൽ തന്നെ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്താൽ പോലും നഷ്ടം വരില്ലെന്ന് ഉറപ്പിക്കാം