- Home
- Magazine
- Agriculture (Magazine)
- ശതാവരി -കിഴങ്ങിനും ഇലയ്ക്കും നല്ല ഡിമാൻഡാണ്, അറിയാം കൃഷിയും പരിപാലനവും
ശതാവരി -കിഴങ്ങിനും ഇലയ്ക്കും നല്ല ഡിമാൻഡാണ്, അറിയാം കൃഷിയും പരിപാലനവും
ശതാവരി എങ്ങനെ വളര്‍ത്തിയെടുക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ആയുർവേദത്തിൽ പ്രാചീന കാലം മുതലേ ഉപയോഗിച്ച് വന്ന പ്രധാനപ്പെട്ട ഒരു ഔഷധമാണ് ശതാവരി. ലില്ലിയേസി എന്ന സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന ശതാവരിയുടെ ശാസ്ത്രീയ നാമം അസ്പറാഗസ് റസിമോസസ് എന്നാണ്.
ശതാവരിയുടെ കിഴങ്ങ് പോലെ തന്നെ ഇലയും ആയുർവേദ മരുന്നുകളിലെ പ്രധാന ചേരുവയാകാറുണ്ട്. പണ്ടുകാലത്ത് ലൈംഗിക ശക്തി വർദ്ധിപ്പിക്കാനും മുലപ്പാൽ ഉൽപാദനം കൂട്ടാനും എല്ലാം ശതാവരി ഉപയോഗിച്ചിരുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആർത്തവ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും മൂത്ര തടസ്സം മാറ്റുന്നതിനും എല്ലാം ഉത്തമമാണ് ശതാവരി.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശതാവരി നന്നായി വളരുന്നു. തണുത്ത പ്രദേശങ്ങളെകാൾ വരണ്ട അന്തരീക്ഷമാണ് കൃഷിക്ക് നല്ലത്. പൊതുവെ നേർത്ത ശാഖകൾ ആണ് ശതാവരിക്ക്. ഇലകൾ മുള്ളുകൾ പോലെ രൂപാന്തരപ്പെടുന്ന ഈ സസ്യത്തിന്റെ പൂക്കൾ കുലകളായാണ് വിരിയാറ്.
തുറസായ സ്ഥലത്തും തണലിലും ശതാവരി വളർത്താം. എങ്കിലും ഈർപ്പം കൂടുതലാണെങ്കിൽ വേരുകൾ ചീയാൻ കാരണമാകും. മാർച്ച് മുതൽ മെയ് വരെയുള്ള സമയങ്ങളിൽ വിത്തുകൾ ശേഖരിക്കാം. വിത്തുകൾ വിതയ്ക്കുന്ന തടം കാലിവളം ചേർത്ത് നല്ല വലിപ്പമുള്ള രീതിയിൽ തയ്യാറാക്കാം.
5 സെന്റീമീറ്റർ അകലത്തിൽ ആണ് വിത്തുകൾ പാകേണ്ടത്. ഒരു ദിവസം ഗോമൂത്രത്തിൽ ഇട്ടു വെച്ച വിത്തുകൾ പാകിയാൽ കൂടുതൽ മുളകൾ ഉണ്ടാകും. പാകിയ ശേഷം നേർത്ത മണൽ പാളി കൊണ്ട് മൂടണം. കൃത്യമായ സമയങ്ങളിൽ നനച്ചു കൊടുക്കേണ്ടതും അത്യാവശ്യമാണ്.
ഒരു ഹെക്ടർ സ്ഥലത്ത് ഏഴു കിലോ വിത്തുകൾ നടാൻ സാധിക്കും. വിതച്ചു 30 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും. 45 ദിവസത്തിനു ശേഷം തൈകൾ പറിച്ചെടുത്തു നടാം. ചെടികൾ തമ്മിൽ 15 സെൻറീമീറ്റർ അകലത്തിൽ ചാലുകൾ ഉണ്ടാക്കി വേണം നടാൻ. ഇടവിളയായും ശതാവരി നടന്നവരുണ്ട്. ചെടികൾക്ക് താങ്ങു കൊടുക്കേണ്ടത് അത്യാവശ്യമാണ്.
ഒരു വർഷത്തിനുള്ളിൽ വിള പാകമാകും. വിത്ത് വിളവെടുക്കാൻ പിന്നെയും വൈകും. മണ്ണിന് മുകളിലുള്ള ഭാഗങ്ങൾ ഇളം മഞ്ഞയാകുന്നതാണ് കിഴങ്ങുകൾ പറിച്ചെടുക്കാൻ ഉത്തമമായ സമയം. കിഴങ്ങുകൾ പറിച്ചെടുത്ത് നന്നായി കഴുകി വിപണിയിൽ എത്തിക്കാം.

