ഈ ലൈബ്രേറിയന്റെ ടെറസിലുള്ളത് 200 തരം പച്ചക്കറികള്‍: പഴങ്ങളും പൂക്കളും സുലഭം

By Web TeamFirst Published Aug 1, 2021, 4:31 PM IST
Highlights

തന്റെ ചെടികളെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം പതുക്കെ നല്ല ധാരണ നേടി. താമസിയാതെ ​ഗണേഷിന്‍റെ ടെറസിൽ നിരവധി ചെടികളും പൂക്കളും സ്ഥാനം പിടിച്ചു. 

2016 -ലാണ് ഔറംഗാബാദിലുള്ള ലൈബ്രേറിയന്‍ കൂടിയായ ഗണേഷ് കുല്‍ക്കര്‍ണി എന്ന 41 -കാരന് ചെടികള്‍ നടുന്നതും പരിപാലിക്കുന്നതും വിനോദമായി കണ്ടാലെന്താണ് എന്ന് തോന്നുന്നത്. അങ്ങനെ ഒരു റോസാച്ചെടി വാങ്ങി അതിനെ പരിപാലിക്കാന്‍ തുടങ്ങി ഗണേഷ്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് നശിച്ചുപോയി. 

ഗാര്‍ഡനിംഗില്‍ യാതൊരു തരത്തിലുമുള്ള പരിചയവുമില്ലാത്ത, അതില്‍ സഹായിക്കാന്‍ സുഹൃത്തുക്കളൊന്നുമില്ലാത്ത ഗണേഷ് അങ്ങനെയാണ് ഓണ്‍ലൈനിന്‍റെ സഹായം തേടുന്നത്. ഫേസ്ബുക്കില്‍ ഇതുപോലെയുള്ള തോട്ടം പരിപാലനത്തില്‍ സഹായിക്കാനാവുന്ന നിരവധി ഗ്രൂപ്പുകള്‍ അദ്ദേഹം കണ്ടെത്തി. അതില്‍ ‘Gacchivaril Baug’ എന്നൊരു ഗ്രൂപ്പില്‍ അദ്ദേഹം അംഗമായി. അങ്ങനെ അതിലൂടെ ഇന്ത്യയിലാകെയുള്ള ഇതുപോലെ തോട്ടമുണ്ടാക്കിയിട്ടുള്ള ആളുകളുടെ സഹായം അദ്ദേഹത്തിന് കിട്ടി. 

തന്റെ ചെടികളെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം പതുക്കെ നല്ല ധാരണ നേടി. താമസിയാതെ ​ഗണേഷിന്‍റെ ടെറസിൽ നിരവധി ചെടികളും പൂക്കളും സ്ഥാനം പിടിച്ചു. അദ്ദേഹത്തിന്റെ ശ്രമം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ പ്രചാരത്തിലായതിനുശേഷം, നഗരവാസികൾക്ക് ചെടികൾ കൈമാറാനും പൂന്തോട്ടപരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനും കഴിയുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അദ്ദേഹമുണ്ടാക്കി.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഗണേഷ് പുതിയൊരു വീട്ടിലേക്ക് താമസം മാറി. അവിടെ ചെടികള്‍ക്കൊപ്പം പച്ചക്കറികളും നട്ടുവളര്‍ത്തി തുടങ്ങി അദ്ദേഹം. മത്തങ്ങ, വഴുതന, ചീര, തക്കാളി, തുളസി, ഇഞ്ചി, മല്ലി, ഉലുവ, മുളക്, കാബേജ്, കറിവേപ്പില, ഉള്ളി, വെളുത്തുള്ളി തുടങ്ങി 200 തരം പച്ചക്കറികളും പഴങ്ങളും പൂക്കളും എല്ലാം ഗണേഷിന്‍റെ തോട്ടത്തിലുണ്ട്. നാലുപേരടങ്ങുന്ന തന്‍റെ കുടുംബത്തിനാവശ്യമുള്ള ഭക്ഷണം ഇതില്‍ നിന്നും കിട്ടുന്നുവെന്നും ഗണേഷ് പറയുന്നു. 

ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തന്നെ ഒരുപാട് സഹായിച്ചതായും ഗണേഷ് പറയുന്നുണ്ട്. മണ്ണിരക്കമ്പോസ്റ്റും ജൈവവളവുമെല്ലാം ഉപയോഗിക്കുന്നതിനെ കുറിച്ച് അവിടെനിന്നും മനസിലാക്കി. എന്നാല്‍, ഈ ചെടികളെല്ലാം നടാനാവശ്യമായ മണ്ണ് വീടിനുമുകളില്‍ ഭാരമാകുമോ എന്ന സംശയം ഉണ്ടായിരുന്നു. അത് പരിഹരിക്കാനായി ആര്‍ക്കിടെക്ടുകളുടെ സഹായം തേടി. ഒപ്പം ഗ്രോബാഗുകളും വെർമി കമ്പോസ്റ്റും മറ്റും ബദലായി ഉപയോഗിച്ചു. 

ഇപ്പോള്‍ വിനോദത്തിനെന്നതിലുപരിയായി അതിനോടദ്ദേഹത്തിന് വല്ലാത്ത ഇഷ്ടം തന്നെ ആയി മാറിയിട്ടുണ്ട്. ആയിരത്തിയഞ്ഞൂറോളം അംഗങ്ങളുള്ള പത്ത് വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ട്. അതിലൂടെ അവര്‍ ചെടികളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നു. അവരവര്‍ക്കാവശ്യമുള്ള പച്ചക്കറികളടക്കം നട്ടുവളര്‍ത്തുന്നു.

ആദ്യം സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അന്വേഷിച്ച ഗണേഷ് ഇപ്പോള്‍ പുതുതായി ചെടികള്‍ നട്ടുവളര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശി ആവുകയാണ്. 

(കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

click me!