പെൺകിടാരികളെ മാത്രം ജനിപ്പിക്കാൻ ഡയറി സർവീസസ്, ലക്ഷ്യം പാലുത്പാദനം കൂട്ടൽ

By Web TeamFirst Published Sep 24, 2021, 1:20 PM IST
Highlights

ഇതിന്റെ വ്യാപകമായ ഉപയോഗം പെൺകന്നുകാലികളുടെ എണ്ണം വർദ്ധിപ്പിക്കുകയും, പാൽ ഉൽപാദനം കൂട്ടുകയും ചെയ്യും. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായകമാകും. 

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ പ്രധാന തൊഴിലുകളിൽ ഒന്നാണ് ക്ഷീര വ്യവസായം. അതുകൊണ്ട് തന്നെ ക്ഷീരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി, ദേശീയ പാൽ വികസന ബോർഡിന്റെ (NDDB) ഉപസ്ഥാപനമായ NDDB ഡയറി സർവീസസ്‌ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വഴി പെൺകിടാരികളെയോ, എരുമക്കുഞ്ഞുങ്ങളെയോ മാത്രം ജനിപ്പിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്. പെൺകിടാരികളെ മാത്രം ജനിപ്പിച്ച് പാലുത്പാദനം വർദ്ധിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.  

തരംതിരിച്ച ബീജം കർഷകർക്ക് വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ഇതുവഴി ചെയ്യുന്നത്. സാധാരണ രീതിയിലുള്ള പ്രജനന പ്രക്രിയ പ്രകാരം ആണും പെണ്ണും  ജനിക്കുന്നതിനുള്ള സാധ്യത അന്‍പത് ശതമാനമാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വഴി ജനിക്കുന്നത് 90 ശതമാനവും പെണ്‍കിടാരികളാണ്. ഇത് കന്നുകാലി കർഷകർക്കിടയിൽ ഒരു വലിയ മാറ്റത്തെ കൊണ്ടുവരുമെന്ന് അനുമാനിക്കുന്നു. 2020 ഒക്ടോബറിലാണ് ചെന്നൈയ്ക്കടുത്തുള്ള അലമാധി സെമൻ സ്റ്റേഷനിലെ ഒരു ഫാമിൽ ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പെൺകിടാരിയെ ജനിപ്പിച്ചത്.  

ഇതിന്റെ വ്യാപകമായ ഉപയോഗം പെൺകന്നുകാലികളുടെ എണ്ണം വർദ്ധിപ്പിക്കുകയും, പാൽ ഉൽപാദനം കൂട്ടുകയും ചെയ്യും. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായകമാകും. കൂടാതെ, ഈ സാങ്കേതികവിദ്യ ആൺ കന്നുകാലികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുകയും അതുവഴി രാജ്യത്തെ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണം കുറക്കുകയും ചെയ്യും.

സെക്സ് സെറ്റിൽഡ് സെമൻ (Sex settled semen) എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യയിൽ പശുവിന്റെ ബീജത്തിലെ X ക്രോമസോമും കാളയുടെ ബീജത്തെ Y ക്രോമസോമിനെയും തരംതിരിക്കപ്പെടുന്നു. കൃത്രിമ ബീജസങ്കലനം നടക്കുമ്പോൾ ഇങ്ങനെ വേർതിരിച്ച പശുവിന്റെ ബീജത്തിലെ X ക്രോമസോമിന് പ്രാധാന്യം നൽകുന്നു. ഇങ്ങനെ ഈ സാങ്കേതിക വിദ്യ വഴി ജനിക്കുന്നത് കൂടുതലും പെൺകിടാരികളാകുന്നു. തരംതിരിച്ച ബീജം വർഷങ്ങളോളം ദ്രാവക നൈട്രജനിൽ സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ, ശീതീകരിച്ച ബീജമെടുത്ത് പശുവിൽ ബീജസങ്കലനം നടത്താം.
 

click me!