അക്വേറിയത്തില്‍ ഗപ്പികളെ വളര്‍ത്തുന്നവരാണോ? ഇതാ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Feb 18, 2021, 9:11 AM IST
Highlights

ഒരു ആണ്‍ മത്സ്യവും രണ്ടോ മൂന്നോ പെണ്‍ മത്സ്യങ്ങളുമാണ് വളര്‍ത്താന്‍ തെരഞ്ഞെടുക്കേണ്ടത്. പല പാറ്റേണുകളില്‍ ഗപ്പി ലഭ്യമാണ്. ചാരനിറം, വെളുത്തതും ചുവന്ന കണ്ണുകളുള്ളതും, നീലയുമൊക്കെയാണ് പ്രധാന നിറങ്ങള്‍. 

എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒരു മത്സ്യം ഏതെന്ന് ചോദിച്ചാല്‍ മിക്കവര്‍ക്കും ഗപ്പി എന്ന ഉത്തരമായിരിക്കും പറയാനുള്ളത്. റെയിന്‍ബോ ഫിഷ് എന്നും മില്യണ്‍ ഫിഷ് എന്നും അറിയപ്പെടുന്ന ഈ മത്സ്യം നമ്മുടെ വീടുകളിലെ അക്വേറിയങ്ങളിലെ സ്ഥിരം അംഗവുമാണ്. മിക്കവാറും എല്ലാ തരത്തിലുമുള്ള പരിസ്ഥിതികളിലും വളരാനുള്ള അനുകൂലനങ്ങളുള്ളതുകൊണ്ട് തുടക്കക്കാര്‍ക്ക് എന്തുകൊണ്ടും വളര്‍ത്താന്‍ യോജിച്ചത് ഗപ്പി തന്നെയാണെന്ന് പറയാം.

കൊതുകുകളെ നിയന്ത്രിക്കാനായി പല സ്ഥലങ്ങളിലും ഗപ്പികളെ വളര്‍ത്താറുണ്ട്. മോസ്‌കിറ്റോ ഫിഷ് എന്നും വിളിപ്പേരുണ്ട്. ആണ്‍ മത്സ്യങ്ങള്‍ പെണ്‍ മത്സ്യങ്ങളേക്കാള്‍ ചെറുതും കൂടുതല്‍ ആകര്‍ഷകവുമാണ്. പൂര്‍ണമായി മത്സ്യത്തിന്റെ രൂപമായി മാറിയ ശേഷമാണ് ഗപ്പിക്കുഞ്ഞുങ്ങള്‍ പുറത്തെത്തുന്നതെന്നതിനാല്‍ അപ്പോള്‍ തന്നെ നീന്താനും കഴിയും.

സാധാരണയായി ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളാണ് മത്സ്യത്തിന്റെ ശരീരത്തില്‍ കാണപ്പെടുന്നത്. വീല്‍ടെയ്ല്‍ ഗപ്പി, ലെയ്‌സ്‌ടെയ്ല്‍ ഗപ്പി, ഫ്‌ളാഗ്‌ടെയ്ല്‍ ഗപ്പി, ബോട്ടം, ഡബിള്‍ സ്വോര്‍ഡ്‌ടെയ്ല്‍ ഗപ്പി, ലോങ്ങ്ഫിന്‍ ഗപ്പി, ഫാന്‍ടെയ്ല്‍ ഗപ്പി, മൊസൈക് ഗപ്പി, കിങ്ങ് കോബ്ര ഗപ്പി, റൗണ്ടഡ് ഗപ്പി, ഫാന്‍സി ഗപ്പി, ഗ്രാസ് ഗപ്പി, സ്‌നെയ്ക്ക് ഗപ്പി, പീക്കോക്ക് ഗപ്പി എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് ഗപ്പികള്‍ സാധാരണയായി കാണപ്പെടുന്നത്.

ഈ മത്സ്യം യഥാര്‍ഥത്തില്‍ തെക്കേ അമേരിക്കന്‍ സ്വദേശിയാണ്. പി.എച്ച് മൂല്യം 6.5നും 8.0 നും ഇടയിലുള്ള വെള്ളത്തിലാണ് ഗപ്പി വളര്‍ത്തുന്നത്.  20 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലുള്ള താപനിലയാണ് അനുയോജ്യം. താരതമ്യേന നല്ല വലുപ്പമുള്ള അക്വേറിയം തന്നെ ഗപ്പികളെ വളര്‍ത്താന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മത്സ്യത്തിന്റെ ജീവനെയും ബാധിക്കും. 20 ഡിഗ്രി സെല്‍ഷ്യസിലും കുറവാണെങ്കില്‍ മത്സ്യത്തിന് അസുഖം വരാനും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനും കാരണമാകും. അതുപോലെ 26 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ള താപനിലയില്‍ മത്സ്യങ്ങള്‍ കൂടുതല്‍ ഭക്ഷണം അകത്താക്കുകയും വളരെ പെട്ടെന്ന് വളരുകയും ചെറുപ്പത്തില്‍ തന്നെ ജീവനില്ലാതാകുകയും ചെയ്യും. അതുപോലെ വെള്ളത്തിന്റെ താപനില കൂട്ടിയാല്‍ പ്രജനനവും പെട്ടെന്ന് നടത്താം. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും നല്‍കിയാല്‍ മതി.

ഒരു ആണ്‍ മത്സ്യവും രണ്ടോ മൂന്നോ പെണ്‍ മത്സ്യങ്ങളുമാണ് വളര്‍ത്താന്‍ തെരഞ്ഞെടുക്കേണ്ടത്. പല പാറ്റേണുകളില്‍ ഗപ്പി ലഭ്യമാണ്. ചാരനിറം, വെളുത്തതും ചുവന്ന കണ്ണുകളുള്ളതും, നീലയുമൊക്കെയാണ് പ്രധാന നിറങ്ങള്‍. വാലിന് പല ആകൃതിയും കാണാമെങ്കിലും ഏറ്റവും സാധാരണയായി കാണപ്പെടുന്നത് ത്രികോണാകൃതിയാണ്. ഫാനിന്റെ ആകൃതിയിലും വട്ടത്തിലുമെല്ലാം ഗപ്പികളെ കാണാം. പെണ്‍ മത്സ്യങ്ങള്‍ കാഴ്ചയില്‍ ബ്രൗണ്‍ നിറത്തിലുള്ളവയും വലുതുമായിരിക്കും. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഭക്ഷണം നല്‍കി എത്രത്തോളം ആവശ്യമുണ്ടെന്ന് മനസിലാക്കണം.  അഞ്ച് മിനിറ്റിനുള്ളില്‍ ഭക്ഷിക്കാന്‍ കഴിയാത്തത്ര തീറ്റ ഒരിക്കലും വെള്ളത്തില്‍ ഇട്ടുകൊടുക്കരുത്.

ഗപ്പികളുടെ പ്രജനനകാലം 22 ദിവസങ്ങള്‍ക്കും 28 ദിവസങ്ങള്‍ക്കുമിടയിലായിരിക്കും. വെള്ളത്തിന് കൂടുതല്‍ തണുപ്പുണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാകുകയും പ്രജനന കാലം വര്‍ധിക്കുകയും ചെയ്യും. പകല്‍ സമയത്ത് വെളിച്ചം ആവശ്യമാണ്. എട്ട് മണിക്കൂറില്‍ പ്രകാശം നല്‍കരുത്. അക്വേറിയത്തില്‍ ചെറിയ കൂടുകള്‍ പോലെ ഒരുക്കിയാല്‍ വെളിച്ചം ആവശ്യമില്ലാത്തപ്പോള്‍ മത്സ്യങ്ങള്‍ക്ക് ഒളിച്ചിരിക്കാനിടം കിട്ടും. ഉപ്പുവെള്ളത്തിലെ ചെമ്മീനും കൊതുകുകളുടെ കൂത്താടികളും മണ്ണിരകളുമാണ് ഗപ്പിയുടെ ഇഷ്ടഭക്ഷണം.

ഗപ്പിക്കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞാലുടന്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതിരിക്കാനുള്ള ഇടമാണ് തിരയുന്നത്. ജനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ശരീരം പൂര്‍ണമായും നീന്താന്‍ യോഗ്യമാകുകയും തീറ്റ സ്വീകരിക്കാന്‍ പ്രാപ്തമാകുകയും ചെയ്യും. കുഞ്ഞുങ്ങള്‍ കാല്‍ ഇഞ്ച് വലുപ്പമുള്ളതായിരിക്കും. ഇവയെ ഭക്ഷണമാക്കാതിരിക്കാനായി പ്രജനനം നടത്തുന്ന മത്സ്യത്തെ കൂട്ടത്തില്‍ നിന്ന് മാറ്റണം.

പെണ്‍മത്സ്യങ്ങള്‍ക്ക് 10 മുതല്‍ 20 ആഴ്ച വളര്‍ച്ചയെത്തിയാലാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുന്നത്. ആണ്‍ മത്സ്യങ്ങള്‍ക്ക് ഏഴ് ആഴ്ചയായാല്‍ ഇണ ചേരാന്‍ കഴിയും. ആദ്യത്തെ പ്രത്യുത്പാദനത്തിനായി തയ്യാറായിക്കഴിഞ്ഞാല്‍ പിന്നീട് ഓരോ 30 ദിവസങ്ങള്‍ക്ക് ശേഷവും കുഞ്ഞുങ്ങളുണ്ടാകും. ഏകദേശം 20 മാസം പ്രായമാകുന്നത് വരെ കുഞ്ഞുങ്ങളുണ്ടാക്കാന്‍ പെണ്‍മത്സ്യങ്ങള്‍ക്ക് കഴിയും. 
 

click me!