സര്‍ബത്ത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പഴം; നമ്മുടെ മണ്ണിൽത്തന്നെ വളര്‍ത്തി വിളവെടുക്കാവുന്ന ഫാള്‍സ

By Web TeamFirst Published Feb 18, 2021, 8:49 AM IST
Highlights

തണുപ്പുകാലത്ത് ഇലകള്‍ പൊഴിക്കുകയും മാര്‍ച്ച് മാസത്തോടുകൂടി പുതിയ മുള പൊട്ടി വരികയും ചെയ്യും. വളക്കൂറുള്ള പശിമരാശി മണ്ണാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. 

ഇന്ത്യയില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രം കൃഷി ചെയ്യുന്ന ഫാള്‍സ എന്ന പഴത്തെക്കുറിച്ച് കേട്ടറിയുന്നവരും വളരെ വിരളമായിരിക്കും. ഗ്രെവിയ ഏഷ്യാറ്റിക്ക എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി വരണ്ടതും ചൂടുള്ളതുമായ സ്ഥലങ്ങളിലാണ് സാധാരണയായി വളര്‍ത്താറുള്ളത്. കുന്നിന്‍ചെരിവുകളിലും വളരെ നന്നായി വളര്‍ത്തി വിളവെടുക്കാവുന്ന ഈ പഴത്തിന് ഇന്ത്യന്‍ സര്‍ബത്ത് ബെറി എന്ന മറ്റൊരു പേരും കൂടിയുണ്ട്. എളുപ്പത്തില്‍ ദഹിക്കുന്ന ധാതുക്കളും വിറ്റാമിനുകളുമടങ്ങിയ ഫാള്‍സ സ്‌ക്വാഷുകളും സിറപ്പുകളും ഉണ്ടാക്കാനായാണ് കൃഷി ചെയ്യുന്നത്. വേനല്‍ക്കാലത്ത് വിളഞ്ഞ് പഴുത്ത് വിളവെടുക്കുന്ന ഈ പഴത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാം.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാവസായികമായി വളര്‍ത്തുന്ന വിളയാണിത്. പഞ്ചാബില്‍ 30 ഹെക്ടര്‍ സ്ഥലത്തായി ഏകദേശം 196 ടണ്‍ പഴമാണ് വര്‍ഷത്തില്‍ വിളവെടുക്കുന്നത്. പഴുക്കാന്‍ ദീര്‍ഘകാലമെടുക്കുമെന്നതിനാലും വളരെ ചെറിയ പഴങ്ങളേ ഉണ്ടാകുകയുള്ളുവെന്നതിനാലും പലരും ഈ പഴച്ചെടി വളര്‍ത്തുന്നതില്‍ നിന്ന് പിന്തിരിയുന്നു. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലാന്റ്, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും അമേരിക്കയുടെ ചില പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലുമായി വളര്‍ത്തിവരുന്നുണ്ട്.

പൂര്‍ണവളര്‍ച്ചയെത്തിയ ചെടികളില്‍ ഓറഞ്ചും മഞ്ഞയും കലര്‍ന്ന പൂക്കളുണ്ടാകും. പഴുത്താല്‍ പുറന്തോടിന് കടുത്ത പര്‍പ്പിള്‍ മുതല്‍ കറുപ്പ് നിറം വരെയാകാറുണ്ട്. മുന്തിരിയോട് സാമ്യമുള്ള പഴം കുലകളായി കാണപ്പെടുന്നു. മധുരവും പുളിപ്പും കലര്‍ന്ന രുചിയാണ്. ചെറുതും കുറ്റിച്ചെടിയായി വളരുന്നതുമായ ഇനത്തില്‍പ്പെട്ട ചെടികളിലാണ് രുചിയുള്ള പഴങ്ങളുണ്ടാകുന്നത്. കുള്ളന്‍ ഇനങ്ങളാണ് വലിയ ഇനങ്ങളേക്കാള്‍ കൂടുതല്‍ ഉത്പാദനശേഷിയുള്ളത്.

തണുപ്പുകാലത്ത് ഇലകള്‍ പൊഴിക്കുകയും മാര്‍ച്ച് മാസത്തോടുകൂടി പുതിയ മുള പൊട്ടി വരികയും ചെയ്യും. വളക്കൂറുള്ള പശിമരാശി മണ്ണാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. തണ്ടുകള്‍ മുറിച്ച് നട്ടും ഗ്രാഫ്റ്റിങ്ങ് വഴിയും കൃഷി ചെയ്യാമെങ്കിലും വിത്തുകള്‍ വഴിയാണ് പ്രധാനമായും പുതിയ ചെടികളുണ്ടാക്കാറുള്ളത്. നട്ടതിനുശേഷം 15 മാസങ്ങളോളം കാത്തിരുന്നാലാണ് ആദ്യമായി പഴങ്ങളുണ്ടാകുന്നത്. വിത്തുകള്‍ ദീര്‍ഘകാലം സംഭരിച്ചു വെക്കാവുന്നതും മൂന്ന് ആഴ്ചകള്‍കൊണ്ട് മുളച്ചുവരുന്നതുമാണ്. ഏകദേശം 12 മാസങ്ങളോളം സൂക്ഷിച്ചുവെച്ച വിത്തുകളാണ് നടാന്‍ നല്ലത്. ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 1100 മുതല്‍ 1500 വരെ വിത്തുകള്‍ നടാവുന്നതാണ്. സിങ്കും അയേണുമാണ് സൂക്ഷ്മമൂലകങ്ങളെന്ന നിലയില്‍ ഏറ്റവും അത്യാവശ്യമുള്ളത്.

പച്ചക്കറികള്‍ക്കിടയില്‍ ഇടവിളയായി കൃഷി ചെയ്താല്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനും കഴിയും. പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് പഴങ്ങള്‍ പഴുത്ത് പാകമാകുന്നത്. സാധാരണയായി ജൂണ്‍, ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളിലാണ് ഫാള്‍സ കൃഷി ചെയ്യുന്നത്. പെട്ടെന്ന് കേടുവരുന്ന പഴമായതിനാല്‍ പറിച്ചെടുത്ത് 24 മണിക്കൂറിനുള്ളില്‍ത്തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ ഒരാഴ്ചയോളം തണുപ്പിച്ച് സൂക്ഷിക്കാം. 
 

click me!