
വിപണിയിൽ അല്പം വിഐപിയും എന്നാൽ അടുക്കളയിൽ എപ്പോഴും ആവശ്യമുള്ളതുമായ ഒന്നാണ് ഇഞ്ചി. കടകളിൽ 100 ഗ്രാമിന് ഏഴു രൂപ മുതൽ പത്തു രൂപ വരെയാണ് ഇഞ്ചിയുടെ വില. എന്നാൽ, അടുക്കളത്തോട്ടങ്ങളിൽ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഇഞ്ചി. ഒരു ചെറിയ കഷ്ണം ഇഞ്ചിയിൽ നിന്ന് വർഷം മുഴുവൻ നമ്മുടെ വീട്ടിലേക്ക് ആവശ്യമായ ഇഞ്ചി വിളവെടുക്കാൻ കഴിയും.
മണ്ണിലും ഗ്രോ ബാഗിലും ചാക്കിലും ഒക്കെ ഇഞ്ചി കൃഷി ചെയ്യാം. കേടുകൾ ഇല്ലാത്ത ഒരു ചെറിയ ഇഞ്ചി കഷണം ടിഷ്യൂ പേപ്പറിലോ തുണിയിലോ പൊതിഞ്ഞ് ഇടയ്ക്ക് നനച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇഞ്ചിക്ക് പെട്ടെന്ന് തന്നെ മുളപൊട്ടും. മുള പൊട്ടിയ ഇഞ്ചി നടാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് മണ്ണിൽ താഴ്ത്തി വയ്ക്കുക.
നടാൻ ഉപയോഗിക്കുന്ന മണ്ണ് എല്ലുപൊടി, ഉണങ്ങിയ ഇലകൾ, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരുക്കിയതായിരിക്കണം. നട്ടു കഴിഞ്ഞാൽ എല്ലാദിവസവും വെള്ളം നനച്ചു കൊടുക്കണം. പക്ഷേ ഓർക്കുക അമിതമായി വെള്ളം ഒഴിച്ചാൽ ഇഞ്ചി വിത്ത് ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഇടയ്ക്ക് ചാണകവെള്ളം ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. മറ്റ് പ്രത്യേക വളങ്ങളുടെ ആവശ്യമില്ല.
സാധാരണഗതിയിൽ മുളപൊട്ടി ആറുമാസം കൊണ്ട് വിളവെടുക്കാൻ കഴിയും. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടങ്ങളിലാണ് ഇഞ്ചി നന്നായി വിളയുക. നന്നായി പരിപാലിച്ചാൽ ഒരു ഗ്രോ ബാഗിൽ നിന്ന് തന്നെ ഒരു കിലോയിൽ അധികം വിളവ് ലഭിക്കും. ഇങ്ങനെ അഞ്ചോ ആറോ ഗ്രോ ബാഗുകളിൽ കൃഷി ചെയ്താൽ തന്നെ ഒരു കുടുംബത്തിന് ഒരു വർഷത്തേക്കുള്ള ഇഞ്ചി സുഖമായി വിളവെടുക്കാം.
വീട്ടുമുറ്റത്തെ ചെറുനാരകം കായ്ക്കുന്നില്ല? വിഷമിക്കേണ്ട വഴിയുണ്ട്