
പ്രോട്ടീൻ സമൃദ്ധമായ പയർ വാണിജ്യ കർഷകർക്കും അടുക്കള തോട്ടങ്ങളിലും എളുപ്പത്തിൽ വളർത്താം. ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക് ചാക്ക് ഇവയിലൊക്കെ പയർ കൃഷി ചെയ്യാം. വിത്ത് നേരിട്ട് തടങ്ങളിൽ പാകുകയും, വിത്ത് പാകി തൈ പറിച്ചു നടുകയും ചെയ്യാം. തൈ പറിച്ചു നടുകയാണെങ്കിൽ, മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. നടുന്നതിന് മുൻപ് വിത്തുകൾ അര മണിക്കൂർ വെള്ളത്തിൽ അല്ലെങ്കിൽ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയിൽ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ നടരുത്. തടത്തിൽ നനവ് ഉണ്ടാകണം. നട്ടതിന് ശേഷം ചെറിയ തണൽ തടത്തിന് നല്കണം
ചെടി വളർന്നു മൂന്ന് ആഴ്ചയ്ക്ക് ശേഷം കടല പിണ്ണാക്ക് വളമായി നല്കാം. ചെടി ഒന്നിന് 50-100 ഗ്രാം, വേപ്പിൻ പിണ്ണാക്ക് ചേർത്ത് ചെടിയുടെ ചുവട്ടിൽ നിന്നും ഒരടി മാറി മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. രണ്ടാഴ്ച്ച കൂടുബോൾ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് എന്നിവ വെള്ളത്തിൽ 4 ദിവസം ഇട്ടു പുളിപ്പിച്ചതിന് ശേഷം തെളി നേർപ്പിച്ച് വളമായി നൽകാം.
നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. തണ്ട് തുരപ്പൻ കീടബാധയെ പ്രതിരോധിക്കാന് തടത്തിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമൽഷൻ തളിക്കുക. കീടങ്ങളെ അകറ്റാൻ ഗോമൂത്രത്തിൽ കാന്താരി മുളക് അരച്ച് ചേർത്ത് നേർപ്പിച്ചത് സ്പ്രേ ചെയ്യാം.