ചെടികളിലെ കീടങ്ങളെ തുരത്താന്‍ സോപ്പ് സ്‌പ്രേ വീട്ടിലുണ്ടാക്കാം

By Web TeamFirst Published Dec 30, 2020, 8:19 AM IST
Highlights

നിങ്ങളുടെ വീട്ടില്‍ സാധാരണയായി കാണുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കീടങ്ങള്‍ക്കെതിരെയുള്ള സോപ്പ് നിര്‍മിക്കാം. പെര്‍ഫ്യൂമുകളും ഡൈയും ഒന്നും കലര്‍ത്താതെ എങ്ങനെ സോപ്പ് നിര്‍മിക്കാമെന്ന് നോക്കാം.

പൂന്തോട്ടത്തിലെ കീടങ്ങളെ തുരത്തുന്നത് വലിയ തലവേദനയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സ്‌പ്രേ പരീക്ഷിച്ചു നോക്കാവുന്നതാണ്. വലിയ ചെലവില്ലാതെയും പരിസ്ഥിതി സൗഹൃദപരമായും കീടനാശിനികളെ പ്രതിരോധിക്കാനുള്ള സോപ്പുണ്ടാക്കാനും ചെടികള്‍ക്ക് ലായനി സ്‌പ്രേ ചെയ്യാനും പറ്റും. ഇത്തരം സോപ്പുകള്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമല്ലെന്നതും ഉപകാരികളായ പ്രാണികളെ നശിപ്പിക്കുന്നില്ലെന്നതും പ്രധാനപ്പെട്ട വസ്തുതയാണ്.

ഹോര്‍ട്ടിക്കള്‍ച്ചറല്‍ സോപ്പ് എന്നത് ഇലകള്‍ വൃത്തിയാക്കാനുള്ള സോപ്പ് അല്ല. വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികളിലെയും തോട്ടങ്ങളില്‍ വളര്‍ത്തുന്ന ചെടികളിലെയും മുഞ്ഞ, വെള്ളീച്ചകള്‍, മീലിമൂട്ട എന്നിവയെ ഒഴിവാക്കാനുള്ള മാര്‍ഗമാണ്. പച്ചക്കറികളിലും ഇത് പ്രയോഗിക്കാം.

ചെടികളില്‍ നിന്ന് വേര്‍തിരിക്കുന്ന എണ്ണയില്‍ നിന്നോ പെട്രോളിയം ഓയിലില്‍ നിന്നോ ആണ് ഇത്തരം സോപ്പുകള്‍ ഉണ്ടാക്കുന്നത്. ഇത് പ്രയോഗിക്കുമ്പോള്‍ പ്രാണികളുടെ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ പല പ്രാവശ്യം ഇത് ഉപയോഗിച്ചാല്‍ കൂടുതല്‍ നല്ല ഫലം ലഭിക്കും. കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് നല്ലതാണ്.

നിങ്ങളുടെ വീട്ടില്‍ സാധാരണയായി കാണുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കീടങ്ങള്‍ക്കെതിരെയുള്ള സോപ്പ് നിര്‍മിക്കാം. പെര്‍ഫ്യൂമുകളും ഡൈയും ഒന്നും കലര്‍ത്താതെ എങ്ങനെ സോപ്പ് നിര്‍മിക്കാമെന്ന് നോക്കാം.

ഏതെങ്കിലും സസ്യ എണ്ണ ഒരു കപ്പ് ആവശ്യമാണ്. നിലക്കടല എണ്ണ, സോയാബീന്‍ എണ്ണ എന്നിവയും ഉപയോഗിക്കാം. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പ് ലായനി ഒരു ടേബിള്‍ സ്പൂണ്‍ എടുക്കുക. അല്ലെങ്കില്‍ ഏതെങ്കിലും രാസവസ്തുക്കളില്ലാതെ വീട്ടിലുണ്ടാക്കുന്ന സോപ്പ് ലായനി എടുത്താലും മതി. പാത്രം കഴുകാനുപയോഗിക്കുന്ന ലായനിയില്‍ ഹാനികരമായ ബ്ലീച്ച് അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ഈ രണ്ടു ചേരുവകളും നന്നായി യോജിപ്പിക്കുക. ഓരോ കപ്പ് ചൂടുവെള്ളത്തിലും ഈ ലായനി യോജിപ്പിച്ച ശേഷം തണുത്താല്‍ സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം. ഇത് ഒരു ദിവസത്തെ ഉപയോഗത്തിനുള്ള അളവാണ്.

പൗഡറി മില്‍ഡ്യുവിനെതിരെ പ്രവര്‍ത്തിക്കുന്ന സിഡര്‍ വിനാഗിരി ഒരു ടേബിള്‍ സ്പൂണ്‍ ഈ മിശ്രിതത്തില്‍ ചേര്‍ക്കാവുന്നതാണ്. അതുപോലെ നാല് ലിറ്റര്‍ വെള്ളത്തില്‍ ഒരു ചെറിയ കഷണം ബാര്‍ സോപ്പ് ഇട്ട് രാത്രി മുഴുവനും വെച്ചശേഷം പിറ്റേന്ന് സോപ്പ് എടുത്ത് കളഞ്ഞ് നന്നായി കുലുക്കി സ്‌പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാം.

സോപ്പ് ലായനി ഉപയോഗിച്ചാല്‍ അത് ബാഷ്പീകരിച്ച് പോകുന്നതുവരെയേ ഫലം ലഭിക്കുകയുള്ളു. അതിനാല്‍ പ്രാണികളില്‍ നന്നായി നനയുന്നതുവരെ ഇത് സ്‌പ്രേ ചെയ്യണം. ചൂടുള്ള ദിവസങ്ങളില്‍ പ്രയോഗിച്ചാല്‍ ഇലകളില്‍ ചെടികളുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന തരത്തിലുള്ള ഫൈറ്റോടോക്‌സിസിറ്റി കാണപ്പെടാം. അതിനാല്‍ സൂര്യപ്രകാശമുള്ളപ്പോള്‍ ഇത് ഇലകളില്‍ സ്‌പ്രേ ചെയ്യരുത്.

ആദ്യമായി ഇലകളില്‍ സ്‌പ്രേ ചെയ്യുമ്പോള്‍ ഒരു ചെറിയ ഭാഗത്ത് മാത്രം തളിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. ഒരു കാരണവശാലും ഹാനികരമായ ബ്ലീച്ച് അടങ്ങിയ സോപ്പുകളും ഡിറ്റര്‍ജന്റുകളും ചെടികളില്‍ പ്രയോഗിക്കരുത്. കടുത്ത വെയില്‍ ഇത് പ്രയോഗിക്കാനും പാടില്ല. 

click me!