മണ്ണില്ലാത്തതുകൊണ്ട് കൃഷി ചെയ്യാതിരിക്കണ്ട: ഹൈഡ്രോപോണിക്സ്, തുടക്കക്കാർ ഇങ്ങനെ കൃഷി ചെയ്തു നോക്കൂ

Published : Feb 20, 2026, 10:04 PM IST
lettuce farming

Synopsis

ഹൈഡ്രോപോണിക്സ് എന്ന മണ്ണ് വേണ്ടാത്ത കൃഷിരീതിയെ കുറിച്ച് അറിയാം. ഈ രീതിയില്‍ എങ്ങനെ ലെറ്റ്യൂസ് വളർത്താമെന്ന് നോക്കാം. ഒപ്പം അങ്ങനെ കൃഷി ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? 

ആധുനിക കൃഷിരീതികളിൽ ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് ഹൈഡ്രോപോണിക്സ് (Hydroponics). മണ്ണില്ലാതെ, വെള്ളത്തിൽ ലയിപ്പിച്ചു ചേർത്ത പോഷകങ്ങൾ ഉപയോഗിച്ച് സസ്യങ്ങൾ വളർത്തുന്ന ഈ വിദ്യ കേൾക്കുമ്പോൾ സങ്കീർണ്ണമാണെന്ന് തോന്നാമെങ്കിലും, വളരെ ലളിതമായി നമ്മുടെ വീടിന്റെ ബാല്ക്കണിയിലോ മുറ്റത്തോ ഇത് പരീക്ഷിക്കാവുന്നതേയുള്ളൂ. തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ലെറ്റ്യൂസ് വച്ച് ഈ കൃഷിരീതിയെ പരിചയപ്പെടാം.

എന്തുകൊണ്ട് ഹൈഡ്രോപോണിക്സ്?

* മണ്ണിലൂടെയുള്ള രോഗബാധകളും കീടശല്യവും തീരെ കുറവാണ്.

* സാധാരണ കൃഷിയെ അപേക്ഷിച്ച് 90 ശതമാനത്തോളം വെള്ളം ലാഭിക്കാം.

* കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കും.

* കളകൾ പറിക്കാനോ കിളയ്ക്കാനോ ഉള്ള അധ്വാനമില്ല.

തുടക്കക്കാർക്ക് അനുയോജ്യമായ 'ക്രാറ്റ്കി' രീതി

വലിയ മോട്ടറുകളോ പൈപ്പുകളോ ഇല്ലാതെ പ്ലാസ്റ്റിക് പാത്രങ്ങളിൽ വെള്ളം നിറച്ച് ചെടി വളർത്തുന്ന രീതിയാണിത്. ചെലവ് കുറഞ്ഞതും ലളിതവുമായതിനാൽ തുടക്കക്കാർക്ക് ഇതാണ് ഏറ്റവും അനുയോജ്യം.

ആവശ്യമായ സാധനങ്ങൾ

* ലെറ്റ്യൂസ് വിത്തുകൾ: മികച്ച ഗുണനിലവാരമുള്ള 'ലോളോ റോസ'യോ 'റോമൈൻ' ഇനങ്ങളോ തിരഞ്ഞെടുക്കാം.

* പാത്രങ്ങൾ: വെള്ളം കെട്ടിനിൽക്കുന്ന അടപ്പുള്ള പ്ലാസ്റ്റിക് ബക്കറ്റോ വലിയ ഡപ്പിയോ.

* നെറ്റ് പോട്ടുകൾ: ചെടിയെ താങ്ങി നിർത്താൻ സുഷിരങ്ങളുള്ള ചെറിയ കപ്പുകൾ. (ഡിസ്പോസിബിൾ കപ്പുകൾ സുഷിരമിട്ട് ഉപയോഗിച്ചാലും മതി).

* ഗ്രോ മീഡിയം: തൈകൾക്ക് താങ്ങുനൽകാൻ കൊക്കോപീറ്റോ, ചരലോ അല്ലെങ്കിൽ ലാവ റോക്കോ.

* പോഷക ലായനി (Nutrients): ഹൈഡ്രോപോണിക്സിനായി പ്രത്യേകം തയ്യാറാക്കിയ എ& ബി നുട്രീഷ്യൻ്റ്( A & B Nutrient) ലായനികൾ ഓൺലൈനായോ വളം കടകളിൽ നിന്നോ ലഭിക്കും.

കൃഷി രീതി

ആദ്യം വിത്തുകൾ മുളപ്പിച്ച് തൈകളാക്കണം. ഇതിനായി ഒരു ചെറിയ ട്രേയിൽ ചകിരിച്ചോറ് നിറച്ച് വിത്തുകൾ പാകുക. ഈർപ്പം നിലനിർത്താനായി ദിവസവും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. ഏകദേശം 10-14 ദിവസത്തിനുള്ളിൽ നാല് ഇലകൾ വന്ന കരുത്തുള്ള തൈകൾ ലഭിക്കും.

പ്ലാസ്റ്റിക് പാത്രത്തിന്റെ അടപ്പിൽ നെറ്റ് പോട്ട് ഇറക്കിവെക്കാൻ പാകത്തിന് ദ്വാരം ഇടുക. പാത്രത്തിൽ വെള്ളം നിറച്ച് അതിൽ നിശ്ചിത അളവിൽ പോഷക ലായനി (Nutrient Mix) ചേർക്കുക.

മുളപ്പിച്ച തൈകൾ വേരുകൾക്ക് കേടുപാട് സംഭവിക്കാതെ നെറ്റ് പോട്ടുകളിലേക്ക് മാറ്റുക. ചെടി നേരെ നിൽക്കാൻ ചുറ്റും ചരലോ ചകിരിച്ചോറോ നിറയ്ക്കാം. ഈ കപ്പുകൾ ലായനി നിറച്ച പാത്രത്തിന്റെ അടപ്പിലെ ദ്വാരത്തിലേക്ക് ഇറക്കിവെക്കുക. ചെടിയുടെ വേരുകൾ പകുതി മാത്രമേ പോഷക ലായനിയിൽ മുങ്ങാൻ പാടുള്ളൂ. ബാക്കി പകുതി ഭാഗം വായുവിലായിരിക്കണം. ഈ വായുസമ്പർക്കമാണ് വേരുകൾക്ക് ആവശ്യമായ ഓക്സിജൻ നൽകുന്നത്.

ചില ടിപ്പുകൾ

* സൂര്യപ്രകാശം: ദിവസവും 5-6 മണിക്കൂർ നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് പാത്രം വെക്കുക. അമിതമായ ഉച്ചവെയിൽ ഒഴിവാക്കാൻ തണൽ വലകൾ ഉപയോഗിക്കാം.

* pH മൂല്യം: വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ ഒരു pH മീറ്റർ അല്ലെങ്കിൽ pH പേപ്പർ ഉപയോഗിക്കുക. ഇത് 5.5 നും 6.5 നും ഇടയിൽ നിൽക്കുന്നതാണ് ചെടിയുടെ വളർച്ചയ്ക്ക് നല്ലത്.

* ശുചിത്വം: വെള്ളത്തിൽ പായൽ വളരാതിരിക്കാൻ വെളിച്ചം കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

വിളവെടുപ്പ്

കൃഷി ആരംഭിച്ച് 35 മുതൽ 45 ദിവസത്തിനുള്ളിൽ ലെറ്റ്യൂസ് ഇലകൾ പറിച്ചെടുക്കാം. മുഴുവനായി പിഴുതെടുക്കാതെ പുറമെയുള്ള ഇലകൾ മാത്രം നുള്ളിയെടുത്താൽ കൂടുതൽ കാലം വിളവ് ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

പാളയങ്കോടൻ പഴവും തുളസിയുമുണ്ടോ? വിഷരഹിത പച്ചക്കറിക്ക് ഇനിയെങ്ങും പോവണ്ട, ജൈവ കെണികൾ വെക്കാം
വിഷരഹിത ജീവിതത്തിന് ഒരു അടുക്കളത്തോട്ടം: അറിയേണ്ട കാര്യങ്ങൾ