സെലറി കൃഷി ചെയ്യാം; പച്ചയായും വേവിച്ചും ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന ഇലവര്‍ഗം

By Web TeamFirst Published Jan 29, 2021, 1:23 PM IST
Highlights

രണ്ടുതരത്തിലുള്ള സെലറിയാണ് സാധാരണ കൃഷി ചെയ്യുന്നത്. മഞ്ഞനിറത്തിലുള്ളതും പച്ചനിറത്തിലുള്ളതുമാണ് അവ. ജെയ്ന്റ് പാസ്‌കല്‍, എംപറര്‍ ഓഫ് ജീന്‍, ഗോള്‍ഡന്‍ സെല്‍ഫ് ബ്രാഞ്ചിങ്ങ് എന്നിവയാണ് പ്രധാന ഇനങ്ങള്‍.

ഇലകള്‍ക്ക് വേണ്ടി വളര്‍ത്തുന്ന പച്ചക്കറിയാണ് സെലറി. വേവിക്കാതെ പച്ചയായി സാലഡില്‍ ചേര്‍ക്കുന്ന ഇലകള്‍ വേവിച്ചും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നല്‍കാനും ഇത് ഉപയോഗിക്കാറുണ്ട്. ഗ്രീന്‍ഹൗസിലും പോളിഹൗസിലും വീട്ടുമുറ്റത്തുമെല്ലാം വളര്‍ത്താവുന്ന ഇലവര്‍ഗത്തില്‍പ്പെട്ട പോഷകഗുണമുള്ള സെലറിയുടെ വിശേഷങ്ങള്‍ അറിയാം.

12 മുതല്‍ 16 ഇഞ്ച് വരെ ഉയരത്തില്‍ വളരുന്ന ഈ ഇലച്ചെടിയുടെ വ്യാവസായികമായ ഉത്പാദനം ഇന്ത്യയില്‍ പരിമിതമാണ്. ശരീരഭാരം കുറയ്ക്കാനും നിര്‍ജലീകരണം തടയാനും കൊളസ്‌ട്രോളും രക്തസമര്‍ദവും നിയന്ത്രിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഘടകങ്ങള്‍ സെലറിയില്‍ അടങ്ങിയിട്ടുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ വിള കൃഷി ചെയ്യുന്നത്.

രണ്ടുതരത്തിലുള്ള സെലറിയാണ് സാധാരണ കൃഷി ചെയ്യുന്നത്. മഞ്ഞനിറത്തിലുള്ളതും പച്ചനിറത്തിലുള്ളതുമാണ് അവ. ജെയ്ന്റ് പാസ്‌കല്‍, എംപറര്‍ ഓഫ് ജീന്‍, ഗോള്‍ഡന്‍ സെല്‍ഫ് ബ്രാഞ്ചിങ്ങ് എന്നിവയാണ് പ്രധാന ഇനങ്ങള്‍.

താരതമ്യേന തണുപ്പുള്ളതും ആര്‍ദ്രതയുള്ളതുമായ കാലാവസ്ഥയിലാണ് സെലറി നന്നായി വളരുന്നത്. കൃത്യമായ ജലസേചനം നടത്തുകയാണെങ്കില്‍ വരണ്ട കാലാവസ്ഥയിലും വളര്‍ത്തി വിളവെടുക്കാം. ഉയര്‍ന്ന അളവില്‍ വെള്ളം പിടിച്ചുനിര്‍ത്താനുള്ള സംഭരണശേഷിയുള്ള മണ്ണാണ് ആവശ്യം. മണ്ണിലെ അമ്ലഗുണം 5.6 ലും കൂടുലുള്ളപ്പോള്‍ ഈ ചെടി വളരാന്‍ പ്രയാസമാണ്.

വിത്തുകള്‍ വഴിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 300 മുതല്‍ 450 ഗ്രാം വരെ വിത്തുകള്‍ നടാവുന്നതാണ്. കാരറ്റ്, വലിയ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയോടൊപ്പം വളര്‍ത്താവുന്നതാണ്. നിലം നന്നായി ഉഴുത് മറിച്ച് തയ്യാറാക്കണം. വിത്തുകള്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് നഴ്‌സറിയ ബെഡ്ഡില്‍ നടുന്നത്. പകുതി തണലും തണുപ്പുമുള്ള കാലാവസ്ഥയാണ് നല്ലത്. വിത്ത് കുറച്ച് ദിവസം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തിയാല്‍ പെട്ടെന്ന് മുളച്ച് വരും. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വിത്ത് മുളച്ച് തൈകള്‍ പൊന്തിവരുമ്പോള്‍ പറിച്ചുനടാവുന്നതാണ്.

കളകളെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴി പുതയിടല്‍ തന്നെയാണ്. ഫ്യൂസേറിയം, യെല്ലോ ആന്റ് പിങ്ക് റോട്ട്, ബ്ലൈറ്റ് എന്നിവയാണ് സെലറിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. വൈറസ് രോഗങ്ങളായ സെലറി മൊസൈക്, ആസ്റ്റര്‍ യെല്ലോ എന്നിവയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
 
വിത്ത് വിതച്ച ശേഷം നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞാല്‍ വിളവെടുക്കാവുന്നതാണ്. ഒരു ഹെക്ടറില്‍ നിന്ന് 25 മുതല്‍ 30 ടണ്‍ വരെ വിളവെടുക്കാവുന്നതാണ്.

click me!