വിലപിടിപ്പുള്ള മക്കാഡാമിയ നട്ട്; ഭക്ഷ്യയോഗ്യമായ വിദേശയിനം പരിപ്പ്

By Web TeamFirst Published Jan 23, 2021, 1:14 PM IST
Highlights

വിത്ത് മുളപ്പിച്ച് നടുമ്പോള്‍ ഏകദേശം അഞ്ച് ആഴ്ചത്തോളമെടുത്താണ് മുളച്ച് വരുന്നത്. തൈകള്‍ക്ക് ഏകദേശം അഞ്ച് സെ.മീ ഉയരവും രണ്ടോ മൂന്നോ ഇലകളും വന്നാല്‍ വലിയ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റിനടാവുന്നതാണ്. 

ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യയോഗ്യമായ പരിപ്പുകളിലൊന്നാണ് മക്കാഡാമിയ നട്ട് അഥവാ ആസ്‌ട്രേലിയന്‍ നട്ട്. ആസ്‌ട്രേലിയയിലെ ഉപോഷ്ണ മേഖലാ മഴക്കാടുകളിലാണ് ഈ മരത്തിന്റെ ഉത്ഭവം. ഈര്‍പ്പമുള്ള സ്ഥലത്തും വളരാറുണ്ടെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലുമാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കാണിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒറീസയിലും കൃഷി ചെയ്യാന്‍ അനുയോജ്യമായ മക്കാഡാമിയ നട്ടിന്റെ (Macadamia nut) വിശേഷങ്ങളറിയാം.

ക്വീന്‍സ് ലാന്‍ഡ് നട്ട് എന്നും ആസ്‌ട്രേലിയന്‍ നട്ട് എന്നും ഈ പരിപ്പ് അറിയപ്പെടുന്നു. മക്കാഡാമിയ ജനുസില്‍പ്പെട്ട ഈ മരം പോര്‍ട്ടേസിയ കുടുംബത്തിലെ അംഗമാണ്. ഭക്ഷ്യയോഗ്യമായ പരിപ്പിന് വേണ്ടിയാണിത് വളര്‍ത്തുന്നത്. ആഗോളവ്യാപകമായ ഉത്പാദനം ഏതാണ്ട് 51,900 മെട്രിക് ടണ്‍ ആണ്. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കാലിഫോര്‍ണിയയിലും ഇസ്രായേലിലും കെനിയയിലും ന്യൂസീലാന്റിലും മലാവിയിലും മക്കാഡാമിയ മരം കൃഷി ചെയ്യുന്നുണ്ട്.

മക്കാഡാമിയ മരത്തിന് നിരവധി തണ്ടുകളുണ്ട്. ഓവല്‍ ആകൃതിയിലുള്ള ഇലകളാണ്. ഈ മരം ക്രീം കലര്‍ന്ന വെളുപ്പുനിറമുള്ളതോ പിങ്ക് കലര്‍ന്ന ചുവപ്പ് നിറമുള്ളതോ ആയ 100 മുതല്‍ മൂന്നൂറോളം പൂക്കള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. മരത്തിന്റെ ഇനങ്ങളിലുള്ള വ്യത്യാസമനുസരിച്ച് വൃത്താകൃതിയിലുള്ളതോ ദീര്‍ഘവൃത്താകൃതിയിലുള്ളതോ ആയ വിത്തുകളുണ്ടാകാം. ഏകദേശം 20 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മരത്തിന് 40 മുതല്‍ 60 വര്‍ഷങ്ങളോളം ആയുസുണ്ടാകും. പെട്ടെന്ന് തന്നെ വളര്‍ച്ചയെത്തുന്ന മരമാണിത്. കൃഷി ചെയ്താല്‍ വര്‍ഷം മുഴുവനും പരിപ്പ് മൂത്ത് പഴുത്ത് വിളവെടുക്കാവുന്നതാണ്.

അധികം ആഴത്തില്‍ വേരുകള്‍ ആഴ്ന്നിറങ്ങാത്തതിനാല്‍ ധാരാളം വെള്ളം നല്‍കിയാണ് കൃഷി ചെയ്യുന്നത്. മരത്തിന്റെ വേരുകള്‍ക്ക് തണുപ്പ് ലഭിക്കാനും മണ്ണ് വരണ്ടു പോകാതിരിക്കാനും പുതയിടല്‍ നടത്തണം. -5 ഡിഗ്രി വരെ താഴ്ന്ന താപനിലയില്‍ അതിജീവിക്കുന്നതുകൊണ്ട് കൃഷി ചെയ്യാനും എളുപ്പമാണ്. മരത്തിന്റെ തലഭാഗത്ത് തിങ്ങിനിറഞ്ഞ രീതിയില്‍ ഇലകളുണ്ടാകും. ഡ്വാര്‍ഫ് മക്കാഡാമിയ എന്നയിനം സാധാരണ മരങ്ങളുടെ പകുതി വലുപ്പത്തില്‍ മാത്രം വളരുന്നയിനമാണ്. വളരെ ചുരുങ്ങിയ സ്ഥലത്ത് വളര്‍ത്താന്‍ യോജിച്ചയിനമാണിത്. ഡാഡോ എന്നയിനം വളരെ പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കുന്നയിനമാണ്. A4 എന്നത് വളരെ നേരത്തേ തന്നെ മൂപ്പെത്തി പഴുക്കുന്ന കായകളുണ്ടാകുന്ന ഇനമാണ്. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് വ്യാവസായികമായി വിളവെടുപ്പ് നടത്താവുന്ന ഈ ഇനം ഇടത്തരം വലുപ്പമുള്ളതും വിസ്താരമുള്ളതും തുറന്നതുമായ ഇലകളോടു കൂടിയതുമാണ്.

പല തരത്തിലുമുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ഈ മരം നന്നായി വളരും. കളിമണ്ണ് ധാരാളമുള്ളതും പാറകളുള്ളതുമായ മണ്ണില്‍ കൃഷി ചെയ്യരുത്. മണ്ണിന്റെ പി.എച്ച് മൂല്യം ഏകദേശം 5.0 നും 6.5 നും ഇടയിലായിരിക്കണം.

ശരാശരി അന്തരീക്ഷ താപനില ഏകദേശം 20 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള സ്ഥലമാണ് അനുയോജ്യം. വേനല്‍ക്കാലത്താണെങ്കില്‍ ഏകദേശം 25 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലുള്ള താപനിലയാണ് ആവശ്യം. തണുപ്പുകാലത്ത് ശരാശരി താപനില ഏകദേശം 20 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണം. രാത്രികാല താപനില 19 ഡിഗ്രി സെല്‍ഷ്യസിലും കുറവായിരിക്കണം. മഞ്ഞ് ഇല്ലാത്ത പ്രദേശങ്ങളാണ് നല്ലത്. - 6 ഡിഗ്രി സെല്‍ഷ്യസിലും കുറവാണ് താപനിലയെങ്കില്‍ പ്രായം കുറഞ്ഞ മരങ്ങളുടെ ഇലകളും പൂമൊട്ടുകളും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ താപനിലയുള്ളപ്പോള്‍ സൂര്യതാപമേറ്റ് ഇലകള്‍ കരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

പൂര്‍ണ സൂര്യപ്രകാശത്തില്‍ വളര്‍ന്നാല്‍ മാത്രമേ ആരോഗ്യമുള്ള പഴങ്ങള്‍ വിളവെടുക്കാന്‍ പറ്റുകയുള്ളു. ഏകദേശം 10 മുതല്‍ 12 വരെ വര്‍ഷങ്ങളെടുത്താണ് കായകളുത്പാദിപ്പിക്കുന്നത്. എല്ലാ ഇനങ്ങളും ഭക്ഷ്യയോഗ്യമായ കായകളല്ല ഉത്പാദിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മക്കാഡാമിയ ഇന്റഗ്രിഫോളിയ, മക്കാഡാമിയ ടെട്രാഫൈല എന്നീ രണ്ടിനങ്ങള്‍ മാത്രമാണ് ഭക്ഷ്യാവശ്യത്തിനായി നട്ടുവളര്‍ത്തുന്നത്.

വിത്ത് മുളപ്പിച്ച് നടുമ്പോള്‍ ഏകദേശം അഞ്ച് ആഴ്ചത്തോളമെടുത്താണ് മുളച്ച് വരുന്നത്. തൈകള്‍ക്ക് ഏകദേശം അഞ്ച് സെ.മീ ഉയരവും രണ്ടോ മൂന്നോ ഇലകളും വന്നാല്‍ വലിയ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റിനടാവുന്നതാണ്. വിപ്പ് ഗ്രാഫ്റ്റിങ്ങിലൂടെയും ബഡ്ഡിങ്ങിലൂടെയും മക്കാ ഡാമിയ നട്ടുവളര്‍ത്താറുണ്ട്.

ആദ്യത്തെ നാല് വര്‍ഷങ്ങളില്‍ ജന്തുജന്യമായ വളങ്ങള്‍ നല്‍കാവുന്നതാണ്. പുതയിടലും നടത്തണം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം വളങ്ങള്‍ നല്‍കിയാല്‍ മണ്ണില്‍ നൈട്രജന്റെ അളവ് അധികരിക്കുകയും പൊട്ടാസ്യത്തിന്റെ അഭാവമുണ്ടാകുകയും ചെയ്യും. പൂക്കളുണ്ടായശേഷം ഏകദേശം ആറോ ഏഴോ മാസങ്ങള്‍ കൊണ്ടാണ് മക്കാഡാമിയ പരിപ്പ് മൂത്ത് പഴുക്കാറാകുന്നത്. മൂത്ത കായകള്‍ താഴെ വീണാല്‍ കുറച്ച് ആഴ്ചകള്‍ കൊണ്ട് ഈര്‍പ്പം ഇല്ലാതാകുകയും ഫലബീജം ചുരുങ്ങുകയും വിത്തിന്റെ പുറന്തോട് പൊട്ടുകയും പരിപ്പ് ശേഖരിക്കുകയും ചെയ്യുന്നു. 

click me!