മുയലിനെ വളര്‍ത്താം; വായുസഞ്ചാരമുള്ള കൂടും കുടിക്കാന്‍ ശുദ്ധജലവും അത്യാവശ്യം

By Web TeamFirst Published Jan 23, 2021, 8:54 AM IST
Highlights

ശുദ്ധജലമാണ് മുയലുകള്‍ക്ക് ആരോഗ്യപ്രശ്‌നമില്ലാതെ വളരാന്‍ ആവശ്യം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെയും അന്തരീക്ഷത്തിലെ താപനിലയെയും ആശ്രയിച്ചാണ് എത്രത്തോളം വെള്ളം മുയലിന് കുടിക്കാന്‍ ആവശ്യമുണ്ടെന്ന് കണക്കാക്കുന്നത്. 

കുടുംബത്തോട് ഇണങ്ങിച്ചേരുന്ന വളര്‍ത്തുമൃഗമായാണ് മുയലിനെ നമ്മള്‍ കണക്കാക്കുന്നത്. സാധാരണയായി വളര്‍ത്തുന്നത് ഇറച്ചിക്കു വേണ്ടിയാണെങ്കിലും ചിലര്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി വലിയ കച്ചവടമായി നടത്താറുണ്ട്. വീടുകളില്‍ വളര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന മൃഗങ്ങളില്‍ നാലാമത്തെ സ്ഥാനവും മുയലിനാണ്. മുയലിനെ വളര്‍ത്തി വരുമാനമുണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണ്. മുയല്‍ ഇറച്ചിയോടുള്ള ഡിമാന്റ് ലോകമൊട്ടാകെയുള്ള ഭക്ഷണപ്രേമികളുടെയിടയില്‍ വര്‍ധിച്ചുവരികയാണ്. മുയലിനെ വളര്‍ത്തുമ്പോള്‍ ഇത്തിരി കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

വളരെ പെട്ടെന്ന് വളരുന്ന മൃഗമാണ് മുയല്‍. മറ്റുള്ള വളര്‍ത്തുമൃഗങ്ങളെ അപേക്ഷിച്ച് മുയലുകളുടെ തീറ്റപരിവര്‍ത്തന ശേഷി വളരെ കൂടുതലാണ്. ഒരു പെണ്‍മുയലിന് ഏകദേശം രണ്ടു മുതല്‍ എട്ട് വരെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയും. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പ്രത്യേകം തയ്യാറാക്കിയ ഫാമുകളിലോ അങ്ങനെ എത്ര ചെറിയ സ്ഥലത്താണെങ്കില്‍ പോലും വളര്‍ത്താന്‍ പറ്റുന്ന ജീവിയാണ് മുയല്‍. മറ്റുള്ള വളര്‍ത്തുമൃഗങ്ങളെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് വളരെ കുറവാണെന്നതും മേന്മയാണ്.

മുയലിറച്ചി വളരെ പോഷകപ്രദവും രുചികരവും എളുപ്പത്തില്‍ ദഹിക്കുന്നതുമാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഒരു പ്രശ്‌നവുമില്ലാതെ കഴിക്കാമെന്നതും മുയലിറച്ചിയുടെ മേന്മയാണ്. അതുപോലെ മറ്റുള്ള കച്ചവട സംരംഭങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമേ തൊഴിലാളികളും അധ്വാനവും ആവശ്യമുള്ളു.

മുയല്‍ വളര്‍ത്തുന്നത് ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും തണുപ്പ് ലഭിക്കാനുള്ള സംവിധാനവും ചൂടുനിലനിര്‍ത്താനുള്ള വഴികളുമുള്ള അടച്ചുറപ്പുള്ള കെട്ടിടത്തിലായിരിക്കണം. അമിതമായ ചൂടും തണുപ്പും ഏല്‍ക്കാന്‍ പാടില്ല. അതുപോലെ ഓടിനടക്കാനുള്ള സ്ഥലവും ആവശ്യമാണ്.

മുയല്‍ വളര്‍ത്തുമ്പോള്‍ ഏറ്റവും പ്രധാനം കൂടൊരുക്കലാണ്. ഏറ്റവും കുറഞ്ഞ അളവിലുള്ള ഒരു കൂടൊരുക്കുമ്പോള്‍ 1.1 മീറ്റര്‍ വീതിയും  3 മീറ്റര്‍ ഉയരവും 9.7 മീറ്റര്‍ സ്ഥലത്ത് ഓടിനടക്കാനുമുള്ള സൗകര്യവുമുള്ള രീതിയിലായിരിക്കണം. രണ്ട് അറകളുള്ള കൂടാണ് മുയല്‍ വളര്‍ത്തുമ്പോള്‍ അനുയോജ്യം. കൂടുണ്ടാക്കാന്‍ തടിയും സ്റ്റീലും ഉപയോഗിക്കാറുണ്ട്. തടി കൊണ്ടുള്ള കൂടാണ് കൂടുതല്‍ അഭികാമ്യം. ആരോഗ്യമുള്ള മുയലുകളെ വളര്‍ത്തിയെടുക്കാനായി കൂടുതല്‍ വ്യായാമം ലഭിക്കാനും ഓടാനും ചാടാനുമുള്ള സൗകര്യം കൂടുകളിലുണ്ടാകണം.

സാധാരണയായി അഞ്ച് ഡിഗ്രി മുതല്‍ 33 ഡിഗ്രി വരെ വ്യത്യാസമുള്ള അന്തരീക്ഷ താപനിലയില്‍ മുയലുകള്‍ പ്രശ്‌നങ്ങളില്ലാതെ വളരാറുണ്ട്. എന്നിരുന്നാലും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ വളരെ സന്തോഷകരമായി വളരുന്നത് ഏകദേശം 10 ഡിഗ്രി മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള സ്ഥലത്ത് കൂടൊരുക്കുമ്പോഴാണ്.

വേനല്‍ക്കാലത്ത് നല്ല വായുസഞ്ചാരമൊരുക്കി അമിതമായ ചൂടുകൊണ്ട് മുയലുകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കേണ്ടതുമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ മുയലുകള്‍ ചൂടുകൊണ്ടുള്ള അസ്വസ്ഥത കുറയ്ക്കാനായി ശരീരം വലിച്ചുനീട്ടിയും തണുപ്പ് കൂടുമ്പോള്‍ ചുരുണ്ടുകൂടിയുമൊക്കെ പ്രതികരിക്കാറുണ്ട്. പക്ഷേ, മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക് താപനിലയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാനാകാതെ വരികയും ചത്തുപോകുകയും ചെയ്യാം. മുയല്‍ വളര്‍ത്തുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

ശുദ്ധജലമാണ് മുയലുകള്‍ക്ക് ആരോഗ്യപ്രശ്‌നമില്ലാതെ വളരാന്‍ ആവശ്യം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെയും അന്തരീക്ഷത്തിലെ താപനിലയെയും ആശ്രയിച്ചാണ് എത്രത്തോളം വെള്ളം മുയലിന് കുടിക്കാന്‍ ആവശ്യമുണ്ടെന്ന് കണക്കാക്കുന്നത്. സാധാരണ മുയലുകള്‍ക്ക് 100 ഗ്രാം ശരീരഭാരത്തിന് 10 മി.ലി വെള്ളം എന്ന കണക്കിന് കുടിക്കാന്‍ നല്‍കണം. പ്രസവിച്ച മുയലുകള്‍ക്കാണെങ്കില്‍ 100 ഗ്രാം ശരീരഭാരത്തിന് 90 മി.ലീ വെള്ളം എന്ന കണക്കില്‍ ആവശ്യമുണ്ട്.

വേനല്‍ക്കാലമാകുമ്പോള്‍ നീളമുള്ള മുടികള്‍ വെട്ടിയൊതുക്കാം. കൂട്ടിനുള്ളില്‍ ഐസ് ബാഗ് വെക്കുന്നതും നല്ലതാണ്. ശരീര താപനില കൂട്ടുന്ന തരത്തിലുള്ള ഭക്ഷണം മുയലുകള്‍ക്ക് നല്‍കരുത്. തണുപ്പുകാലത്ത് ചൂട് നിലനിര്‍ത്തുന്ന കാര്‍പ്പറ്റ് കൂട്ടിനുള്ളില്‍ ഉപയോഗിക്കാം. ശരീരത്തില്‍ ചൂട് നിലനില്‍ക്കത്തക്ക വിധത്തിലുള്ള ഭക്ഷണമാണ് തണുപ്പുകാലത്ത് നല്‍കേണ്ടത്. കഴിയുന്നത്ര വൃത്തിയായി കൂട് ഒരുക്കി വെക്കണം. തണുപ്പുകാലത്ത് കൂട്ടിനുള്ളില്‍ പ്രകാശം ലഭിക്കാനുള്ള സംവിധാനം ഘടിപ്പിക്കാവുന്നതുമാണ്.

click me!