കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന 'സൂപ്പർ പശുക്കളെ' കണ്ടെത്തിയതായി ചൈന

By Web TeamFirst Published Feb 3, 2023, 2:18 PM IST
Highlights

ചൈനയിലെ ഷാങ്‌സിയിലുള്ള നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് ക്ലോണിംഗ് പരീക്ഷണം നടത്തിയത്.

സാധാരണ പശുക്കളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പാൽ ലഭിക്കുന്ന പശുക്കളെ ക്ലോൺ ചെയ്ത് കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം. 'സൂപ്പർ പശുക്കൾ' (super cows) എന്നാണ് ഇത്തരത്തിൽ ക്ലോൺ ചെയ്തെടുക്കപ്പെട്ട പശുക്കളെ ചൈനീസ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരിക്കുന്നത്. അസാധാരണമായ അളവിൽ പാൽ ഉല്പാദിപ്പിക്കാൻ കഴിവുള്ള പശുക്കളാണ് ഈ സൂപ്പർ പശുക്കളെന്നും ​ഗവേഷകർ പറയുന്നു. 

പ്രത്യേകമായി ആസൂത്രണം ചെയ്ത ബ്രീഡിങ് പ്രക്രിയയിലൂടെയാണ് ഈ പശുക്കളെ ക്ലോൺ ചെയ്തെടുത്തത്. 
പ്രതിവർഷം ഈ സൂപ്പർ പശുക്കൾക്ക് 18,000 ലിറ്റർ പാലും അവയുടെ ജീവിതകാലത്ത് ഏകദേശം 100,000 ലിറ്റർ പാലും ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഒരു ശരാശരി ഇന്ത്യൻ പശു (പ്രസവശേഷം) ഒരു ദിവസം ശരാശരി 10-15 ലിറ്റർ പാൽ ആണ് നൽകുന്നത്. എച്ച്‌എഫ്, ജേഴ്‌സി ഇനത്തിൽപ്പെട്ട പശുക്കൾ ആണെങ്കിൽ പ്രതിദിനം ഏകദേശം 20-25 ലിറ്റർ പാൽ വരെയുമാണ് നൽകുന്നത്. അതായത് പ്രതിവർഷം 6000 മുതൽ 8000 ലിറ്റർ വരെ. എന്നാൽ, ക്ലോണിങ്ങിലൂടെ ചൈന വികസിപ്പിച്ചെടുത്ത മൂന്ന് സൂപ്പർ പശുക്കൾ പൂർണ്ണവളർച്ചയെത്തിയാൽ അമേരിക്കൻ പശുവിനെക്കാൾ 50 ശതമാനം കൂടുതൽ പാൽ ഉല്പാദിപ്പിക്കാൻ ശേഷിയുള്ളവ ആയിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ചൈനയിലെ ഷാങ്‌സിയിലുള്ള നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് ക്ലോണിംഗ് പരീക്ഷണം നടത്തിയത്. കഴിഞ്ഞവർഷം ആദ്യമാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. നെതർലാൻഡിൽ നിന്നുള്ള ഹോൾസ്റ്റീൻ ഫ്രീസിയൻ ഇനത്തിൽ പെട്ട അത്യുൽപാദന ശേഷിയുള്ള പശുക്കളെയാണ് ക്ലോൺ ചെയ്യുന്നതിനായി ഉപയോഗിച്ചത്. 

ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞമാസം ആദ്യമാണ് പൂർണ്ണ ആരോഗ്യത്തോടെ ലിംഗ്വു സിറ്റിയിൽ പശുക്കുട്ടികൾ ജനിച്ചത്. പരമ്പരാഗതമായി വളർത്തുന്ന മൃഗങ്ങളിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നത് പോലെ സുരക്ഷിതമാണ് ക്ലോൺ ചെയ്ത പശുവിന്റെ മാംസവും പാലും കഴിക്കുന്നത് എന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

നിലവിൽ ചൈന തങ്ങളുടെ പാൽ ഉൽപ്പന്നങ്ങൾക്ക് കൂടുതലായും വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ചൈനയിലെ 70% കറവപ്പശുക്കളും വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. വരും വർഷങ്ങളിൽ ആയിരത്തോളം സൂപ്പർ പശുക്കളെ സൃഷ്ടിച്ച് രാജ്യത്തിന് ആവശ്യമായ പാൽ സ്വന്തമായി തന്നെ ഉല്പാദിപ്പിക്കാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ ഗവേഷകൻ ജിൻ യാപിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

click me!