ലോക്ക്ഡൗൺ വന്നപ്പോൾ സ്കൂൾ ഓർ​ഗാനിക് ഫാമാക്കി മാറ്റി, ഇന്ന് വിദ്യാർത്ഥികളും സജീവമാണീ തോട്ടത്തിൽ

By Web TeamFirst Published Jan 18, 2022, 7:00 AM IST
Highlights

നഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയായി 1400 -ധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണമാണ്. 

ലോക്ക്ഡൗണ്‍(Lockdown) കാലത്ത് പലരും പല കാരണങ്ങള്‍ കൊണ്ടും പച്ചക്കറി നട്ടു വളര്‍ത്തിയിരുന്നു. അതുപോലെ തന്നെയാണ് ബംഗളൂരു വിശ്വ വിദ്യാപീഠം ഡയറക്ടര്‍ സുശീല സന്തോഷും(Suseela Santhosh). കുട്ടികളെ കൊണ്ട് നിറഞ്ഞിരുന്ന സ്കൂള്‍ കൊവിഡോടെ ആളും ബഹളവുമില്ലാത്ത ഒരിടമായി മാറി. അങ്ങനെയാണ് അധ്യാപകരും അനധ്യാപകരും ചേര്‍ന്നുള്ള പച്ചക്കറി കൃഷിയെ കുറിച്ച് ആലോചിക്കുന്നത്. 

ക്ലാസുകള്‍ ഓഫ്‍ലൈനില്‍ നിന്നും ഓണ്‍ലൈനായപ്പോള്‍ കാന്‍റീന്‍ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ആയമാര്‍ തുടങ്ങി പലര്‍ക്കും ജോലിയില്ലാതെയായി. അങ്ങനെയാണ് സ്കൂളില്‍ ഒരു ചെറിയ ഓര്‍ഗാനിക് ഫാം തുടങ്ങുന്നത്. അതില്‍ ചിലര്‍ക്കെല്ലാം കൃഷിയെ കുറിച്ച് അറിയാമായിരുന്നു എങ്കില്‍ മറ്റുള്ളവര്‍ പഠിക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് കൃഷി ഉഷാറാക്കി. ഇന്ന് സീസണനുസരിച്ച് പലതരം പച്ചക്കറികള്‍ സ്കൂളില്‍ വളരുന്നുണ്ട്. അതുപോലെ പപ്പായ, വാഴ തുടങ്ങി പഴവര്‍ഗങ്ങളും വളര്‍ത്തുന്നുണ്ട്. 40 -ലധികം ഔഷധ സസ്യങ്ങളുള്ള ഒരു തോട്ടവും ഉണ്ട്. 

കാമ്പസില്‍ എല്ലായിടത്തും ഇന്ന് വിവിധയിനം പച്ചക്കറികളാണ്. എന്തിന്, രണ്ട് കെട്ടിടങ്ങളുടെ ഇടയിലുള്ള ഒഴിഞ്ഞ സ്ഥലം പോലും ഫാമിന്‍റെ ഭാഗമാണ്. കരിയിലകൾ വളമാക്കി മാറ്റുന്ന കമ്പോസ്റ്റ് കുഴികളും അവർ സ്ഥാപിച്ചു. മഴവെള്ളവും അടുക്കളയിലെ വെള്ളവും കൃഷിക്ക് ഉപയോഗിച്ചു. 

നഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയായി 1400 -ധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണമാണ്. മാസത്തില്‍ 30-40 കിലോ വരെ വിളവ് കിട്ടുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നു. ബാക്കിയുള്ളത് സമീപത്തെ അപാര്‍ട്‍മെന്‍റുകളില്‍ നല്‍കുന്നു. അതുപോലെ കുറഞ്ഞ പൈസക്ക് കൊവിഡ് രോഗികള്‍ക്ക് സ്കൂൾ ഭക്ഷണം നല്‍കി. വിവിധ എന്‍ജിഒ -കള്‍ക്കും കൊവിഡ് മുന്‍നിരപോരാളികള്‍ക്കും സൗജന്യ ഭക്ഷണവും നല്‍കി. 

ലോക്ക്ഡൗണ്‍ കഴിഞ്ഞ് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളും ഇന്ന് കൃഷിയില്‍ സജീവമാണ്. ഇപ്പോൾ കൃഷിയും അവരുടെ പാഠഭാഗമാണ് എന്ന് സുശീല സന്തോഷ് പറയുന്നു. 

click me!