Latest Videos

20 രൂപയ്ക്ക് പയര്‍, വന്‍ ലാഭത്തില്‍ പയര്‍ വാങ്ങാന്‍ തിക്കും തിരക്കും, കളപ്പാറയിലെത്തിയ കച്ചവടക്കാര്‍ക്ക് നിരാശ

By Web TeamFirst Published Sep 5, 2023, 8:17 AM IST
Highlights

പ്രമുഖര്‍ അടക്കം നിരവധി പേര്‍ കുറിപ്പ് പങ്കു വയ്ക്കുക കൂടി ചെയ്തതോടെ സംഭവം വൈറലായി. പിന്നാലെ ചേലക്കര കളപ്പാറയിലുള്ള വെജിറ്റബിള്‍ ഫ്രൂട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ വിപണനകേന്ദ്രത്തില്‍ പയര്‍ വാങ്ങിക്കാനെത്തിയവരുടെ വലിയ രീതിയിലെ തിക്കും തിരക്കുമാണ് നേരിട്ടത്.

തൃശൂര്‍: ടണ്‍ കണക്കിന് പയര്‍ കെട്ടിക്കിടക്കുന്നുവെന്ന ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ ലാഭത്തിന് പയര്‍ വാങ്ങാനായി കളപ്പാറയിലെത്തിയ കച്ചവടക്കാര്‍ വെറുംകൈയോടെ മടങ്ങി. ഞായറാഴ്ച പയര്‍ കയറ്റിപ്പോയശേഷം ടണ്‍ കണക്കിന് ബാക്കിയായതിനാല്‍ നിരാശനായ കര്‍ഷകനാണ് ചിത്രം സഹിതം ഞങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍ നമ്പര്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ കുറിപ്പെഴുതിയത്.

പ്രമുഖര്‍ അടക്കം നിരവധി പേര്‍ കുറിപ്പ് പങ്കു വയ്ക്കുക കൂടി ചെയ്തതോടെ സംഭവം വൈറലായി. പിന്നാലെ ചേലക്കര കളപ്പാറയിലുള്ള വെജിറ്റബിള്‍ ഫ്രൂട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ വിപണനകേന്ദ്രത്തില്‍ പയര്‍ വാങ്ങിക്കാനെത്തിയവരുടെ വലിയ രീതിയിലെ തിക്കും തിരക്കുമാണ് നേരിട്ടത്.

ലാഭത്തില്‍ പയര്‍ വാങ്ങാനെത്തിയവരെക്കൊണ്ടുള്ള തിരക്കേറിയപ്പോള്‍ സ്ഥിരം കച്ചവടക്കാര്‍ക്ക് പോലും പയര്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് നേരിട്ടത്. വാര്‍ത്ത പ്രചരിച്ചതോടെ റവന്യു, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘവും സ്ഥലത്തെത്തി. വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സമിതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ ഉണ്ടാക്കുന്ന പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് സമിതി വഴി വിറ്റഴിക്കുന്നത്. വിദൂരങ്ങളില്‍നിന്നുവരെ കച്ചവടക്കാര്‍ ഇവിടെയെത്തി പച്ചക്കറികള്‍ വാങ്ങി കൊണ്ടുപോകാറാണ് പതിവ്. നിശ്ചിത കമ്മീഷനാണ് സമിതിയുടെ ലാഭം. കാലാവസ്ഥ അനുകൂലമായതിനാല്‍ ഈ സീസണില്‍ മോശമല്ലാത്ത വിളവ് പയറില്‍ ലഭിച്ചിരുന്നു. ടണ്‍കണക്കിന് പയറാണ് പ്രതിദിനം ഇവിടെ എത്താറുള്ളത്. ഓണം കഴിഞ്ഞതോടെ ആവശ്യക്കാര്‍ കുറഞ്ഞതാണ് കര്‍ഷകര്‍ക്ക് വിനയായത്.

സമിതിയില്‍നിന്ന് വിറ്റുപോകാത്തവ സമിതി മെംബര്‍മാര്‍ വാഹനങ്ങളിലാക്കി അടുത്തുള്ള മാര്‍ക്കറ്റുകളിലെത്തിച്ച് കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കാറാണ് പതിവ്. മൊത്തം വില്പനയുടെ ശരാശരി വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. ഇത്തവണ തരക്കേടില്ലാത്ത വില ലഭിച്ചതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞദിവസങ്ങളില്‍ കിലോയ്ക്ക് ഇരുപത് രൂപയ്ക്കാണ് ഇവിടെ വില്പന നടന്നത്. മുണ്ടകന്‍കൃഷി ഇല്ലാത്തതും മഴ കുറഞ്ഞതിനെ തുടര്‍ന്നുള്ള അനുകൂല കാലാവസ്ഥയില്‍ പയറിന്റെ ഉത്പാദനം കൂടിയതും വന്‍തോതില്‍ വിപണിയിലേക്ക് പയര്‍ വരാനിടയായി. കഴിഞ്ഞ പാവല്‍ കൃഷി നടത്തിയ പന്തലിലാണ് രണ്ടാംവിളയായി പയര്‍ കൃഷിചെയ്തത്. പാവല്‍ കൃഷിയില്‍ പലര്‍ക്കുമുണ്ടായ നഷ്ടം നികത്തിയതും പയര്‍ കൃഷിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!