ചെടികളും പച്ചക്കറികളും വളർത്തുന്നത് തെറാപ്പി കൂടിയാണ്, അനുഭവം പറഞ്ഞ് റിട്ട. പ്രൊഫസർ

By Web TeamFirst Published Jan 8, 2022, 7:00 AM IST
Highlights

പൂന്തോട്ടപരിപാലനത്തിന് ആവശ്യമായ പ്രധാന നിക്ഷേപം ഇച്ഛാശക്തിയാണ്. നിങ്ങൾ എന്തെങ്കിലും വളർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഒരു വഴി ഉണ്ടാകും. 

67 -കാരിയായ ഡോ. മോഹിനി ഗാധിയ(Dr Mohini Gadhia)യ്ക്ക് തോട്ടം പരിപാലിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്. ഒരു വർഷം മുമ്പ് സംഭവിച്ച മസ്തിഷ്കാഘാതത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ അത് സഹായിച്ചതായി അവർ പറയുന്നു. സസ്യങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും മോഹിനി സ്വയം തയ്യാറാക്കുകയാണ്. 15 ഇനം പച്ചക്കറികളും ഈ സൂറത്ത്(Dr Mohini Gadhi) സ്വദേശി തന്റെ തോട്ടത്തിൽ വളർത്തുന്നു. ചെടികൾക്ക് സമീപം താമസിക്കുന്നതും അവയെ പരിപാലിക്കുന്നതും പരിസ്ഥിതിക്കും നമ്മുടെ ആരോഗ്യത്തിനും പ്രധാനമാണെന്ന് അവർ പറയുന്നു.

പ്രൊഫസറായി വിരമിച്ച ശേഷം, മോഹിനി തന്റെ കൂടുതൽ സമയവും തോട്ടപരിപാലനത്തിനായി നീക്കിവച്ചു. എന്നാൽ, അസുഖം അവരെ വിശ്രമിക്കാൻ നിർബന്ധിച്ചു. പക്ഷേ, ആരോ​ഗ്യം വീണ്ടെടുത്ത ശേഷം പൂർവാധികം കരുത്തോടെ അവർ തന്റെ തോട്ടത്തിലേക്ക് മടങ്ങി. “മരങ്ങളും ചെടികളും പരിസ്ഥിതിയും മൊത്തത്തിൽ ഓരോ ദിവസവും വ്യത്യസ്തമായ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പൂന്തോ‌ട്ടം പരിപാലിക്കുക എന്നത് തന്നെ ഒരു ചികിത്സാരീതിയാണ്. അത് നമ്മെ ശാന്തമാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഒരു നേരമ്പോക്കായി ആരംഭിച്ച് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ കാര്യത്തിൽ നിന്നും ഞാൻ വളരെയധികം പഠിച്ചു” പ്രൊഫസർ ദ ബെറ്റർ ഇന്ത്യയോട് പറയുന്നു.

അക്വാറ്റിക് ബയോളജി പ്രൊഫസറായ ഡോ. മോഹിനി 1982 മുതൽ സൂററ്റിൽ താമസിക്കുകയാണ്. അവരുടെ ഫ്ലാറ്റിന് ഏകദേശം 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വലിയ ടെറസുണ്ട്, അവിടെ അവർ ചില അലങ്കാര സസ്യങ്ങൾ വളർത്തിയിരുന്നു. തിരക്കുള്ള ദിനചര്യയിൽ, അവർക്കന്ന് പൂന്തോട്ടപരിപാലനത്തിന് സമയം കണ്ടെത്താനായിരുന്നില്ല. പിന്നീട്, കുറച്ച് ടെറസ് ഗാർഡനിംഗ് വർക്ക്ഷോപ്പുകളിൽ പങ്കെടുത്തു. 

2017-ൽ, അവർ ടെറസ് ഫാമിംഗിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി, എല്ലാ സീസൺ പച്ചക്കറികളും വളർത്താൻ തുടങ്ങി. അവർ പറയുന്നു, “ഞങ്ങളുടെ ഫ്ലാറ്റിലെ കിഴക്കോട്ട് അഭിമുഖമായുള്ള വലിയ ടെറസ് പൂന്തോട്ടപരിപാലനത്തിന് അനുയോജ്യമായ സ്ഥലമായിരുന്നു. കോഴ്‌സ് കഴിഞ്ഞപ്പോൾ അലങ്കാര ചെടികളല്ലാതെ മറ്റെന്തെങ്കിലും നട്ടുവളർത്താനുള്ള ആത്മവിശ്വാസം ലഭിച്ചു. വഴുതന നട്ടാണ് ഞാൻ തുടങ്ങിയത്. അത് നല്ല വിളവ് നൽകിയതോടെ ഞാൻ കൂടുതൽ ഇനം പച്ചക്കറികൾ വളർത്താൻ തുടങ്ങി.“ ഇപ്പോൾ എല്ലാ സീസണിലും 15 -ലധികം പച്ചക്കറികൾ ഡോ. മോഹിനി വളർത്തുന്നു. 

താൻ വളർത്തുന്നവയിൽ വഴുതനങ്ങയും ബീൻസുമാണ് ഏറ്റവും കൂടുതൽ വിളവ് നൽകുന്നതെന്നും അയൽവാസികൾക്ക് വിതരണം ചെയ്യാറുണ്ടെന്നും അവർ പറയുന്നു. ഉലുവ, സോയ, കടുക്, ചീര, റാഡിഷ്, മല്ലി, തക്കാളി, മഞ്ഞൾ എന്നിവയാണ് മറ്റ് പ്രധാന വിളകൾ. ഡ്രാഗൺ ഫ്രൂട്ട്, മൾബറി, പ്ലം തുടങ്ങിയ പഴങ്ങളും ഈ വീട്ടുവളപ്പിൽ കാണാം. തോട്ടത്തിൽ ഇപ്പോൾ 600 -ലധികം ചെടികളുണ്ട്. വീട്ടിൽ കിട്ടുന്നതെല്ലാം ഉപയോഗിച്ച് അവർ ജൈവ വളങ്ങളും കീടനാശിനികളും ഉണ്ടാക്കുന്നു. മൊത്തത്തിൽ, ഇത് ഒരു ലോ-ബഡ്ജറ്റ് തോട്ടമാണ്, അവിടെ ചട്ടി പോലും യഥാർത്ഥത്തിൽ പഴയ ബിന്നുകളോ കളിപ്പാട്ടങ്ങളോ ആണ്. 

2020 ഒക്ടോബറിൽ, ഡോക്ടർ മോഹിനിക്ക് മസ്തിഷ്കാഘാതം സംഭവിച്ചു. അതിനുശേഷം അവർക്ക് ശരിയായി നടക്കാൻ കഴിഞ്ഞിരുന്നില്ല. ആ നാളുകൾ അനുസ്മരിച്ചുകൊണ്ട് അവർ പറയുന്നു, “ഒരു വർഷത്തോളം എനിക്ക് സ്വന്തമായി തോട്ടം നോക്കി നടത്താൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ ഒരു തോട്ടക്കാരനെ നിയമിച്ചു. എന്നാൽ, ഞാൻ തൃപ്തയായില്ല, എല്ലാം സ്വയം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞാൻ വീണ്ടും പൂന്തോട്ടത്തിലാണ്. ഇപ്പോൾ എല്ലാ ജോലികളും ഞാൻ ചെയ്യുന്നു. രോഗത്തിന്റെ ആ മാസങ്ങളിൽ, സസ്യങ്ങൾക്കും ഒരു തെറാപ്പിസ്റ്റിന്റെ ജോലി ചെയ്യാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി.“

“പൂന്തോട്ടപരിപാലനത്തിന് ആവശ്യമായ പ്രധാന നിക്ഷേപം ഇച്ഛാശക്തിയാണ്. നിങ്ങൾ എന്തെങ്കിലും വളർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഒരു വഴി ഉണ്ടാകും. കൂടാതെ, വീട്ടിൽ പച്ചക്കറി കൃഷി ചെയ്യാൻ എല്ലാവരും ശ്രമിക്കണം. ഈ ജൈവപച്ചക്കറികൾ ഒരിക്കൽ ആസ്വദിച്ചാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല" അവർ പറഞ്ഞു. 

(വിവരങ്ങൾക്ക് കടപ്പാട് : ദ ബെറ്റർ ഇന്ത്യ)

click me!