മല്ലിച്ചെടിയുടെ വലിപ്പം ആറടി ഒരിഞ്ച് ; ഇത് ഗോപാലിന്റെ കൃഷിഭൂമിയിലെ അത്ഭുതക്കാഴ്ച

By Web TeamFirst Published May 14, 2020, 3:27 PM IST
Highlights

ഗോപാല്‍ ഉപ്രേതി ഡല്‍ഹിയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഉത്തരാഖണ്ഡിലേക്ക് തിരിച്ച് വന്നത്. ജൈവ ആപ്പിളുകള്‍ കൃഷി ചെയ്യാനായിരുന്നു ഗോപാലിന്റെ തീരുമാനം. ബില്ലേഖ് ഗ്രാമത്തിലെ തഡിഖേട് എന്ന സ്ഥലത്താണ് ജൈവകൃഷി ആരംഭിച്ചത്.

മല്ലിച്ചെടിയുടെ പരമാവധി ഉയരം എത്രയാണ്? കാര്‍ഷിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള മല്ലിച്ചെടിക്ക് പരമാവധി നാല് അടി ഉയരമാണുള്ളത്. എന്നാല്‍ ഗോപാല്‍ ഉപ്രേതി എന്ന കര്‍ഷകന്‍ അത്ഭുതം സൃഷ്ടിച്ചത് ആറ് അടിയും ഒരിഞ്ചും വലുപ്പമുള്ള മല്ലിച്ചെടി വളര്‍ത്തിയാണ്.

കൂടുതല്‍ വരുമാനമുള്ള ജോലി ലഭിക്കാനായി ഉത്തരാഖണ്ഡിലെ പല കര്‍ഷകരും മെട്രോ നഗരമായ ഡല്‍ഹിയിലേക്ക് ചേക്കേറി. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയായിരുന്നു. അതിനാല്‍ത്തന്നെ എല്ലാവരും കൂടി നഗരങ്ങളിലേക്ക് മാറിയപ്പോള്‍ ഉത്തരാഖണ്ഡിലെ കുന്നിന്‍പുറങ്ങളിലുള്ള കൃഷിസ്ഥലങ്ങള്‍ പാഴായി. എന്നാല്‍ ഗോപാല്‍ മാത്രം പാഴായിക്കിടന്ന ഈ ഭൂമിയിലേക്ക് തിരിച്ച് വന്ന് ചരിത്രം സൃഷ്ടിച്ചു.

ഗോപാല്‍ ഉപ്രേതി ഡല്‍ഹിയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഉത്തരാഖണ്ഡിലേക്ക് തിരിച്ച് വന്നത്. ജൈവ ആപ്പിളുകള്‍ കൃഷി ചെയ്യാനായിരുന്നു ഗോപാലിന്റെ തീരുമാനം. ബില്ലേഖ് ഗ്രാമത്തിലെ തഡിഖേട് എന്ന സ്ഥലത്താണ് ജൈവകൃഷി ആരംഭിച്ചത്.

ആറ് അടി ഒരിഞ്ച് ഉയരമുള്ള മല്ലിച്ചെടികള്‍ വളര്‍ത്തിയാണ് ഗോപാല്‍ റെക്കോര്‍ഡ് സൃഷ്ട്ടിച്ചത്. 2016 ലാണ് സ്വന്തമായി ആപ്പിള്‍ വളര്‍ത്താന്‍ ഗോപാല്‍ തീരുമാനിച്ചത്. അവൊക്കാഡോ, പീച്ച്, ആപ്രിക്കോട്ട് എന്നിവയും വളര്‍ത്തിയിരുന്നു. വെളുത്തുള്ളി,കാവേജ് ഉലുവ എന്നിവയും കൃഷിയുടെ ഭാഗമായി വിളയിച്ചിരുന്നു.

ഒരു കോടി രൂപയുടെ വിറ്റുവരവ്

ജൈവരീതിയില്‍ കൃഷി ചെയ്തതുവഴിയാണ് തനിക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ഗോപാല്‍ പറയുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയില്‍ നിരവധി കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും ഗോപാല്‍ നടത്തി. അല്‍മോറ ജില്ലയിലെ ആപ്പിള്‍ത്തോട്ടത്തില്‍ നിന്ന് ഒരു കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് ലഭിക്കുന്നുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ അധികമാണ് കൃഷിയില്‍ നിന്നുള്ള വരുമാനമെന്ന് ഗോപാല്‍ പറയുന്നു.

മല്ലി കൃഷി ചെയ്യാം

തണുപ്പാണ് മല്ലിക്കൃഷിക്ക് ആവശ്യം. ഉയരം കൂടിയ മലമ്പ്രദേശങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്താം. ഒരു ഹെക്ടറില്‍ 15 മുതല്‍ 20 വരെ ടണ്‍ ചാണകപ്പൊടി ചേര്‍ത്ത് വിത്ത് വിതയ്ക്കാം. ഒരു ഹെക്ടറില്‍ 15 മുതല്‍ 20 കിഗ്രാം വിത്ത് ആവശ്യമാണ്.

മല്ലി വിത്ത് നടാന്‍ എടുക്കുമ്പോള്‍ കൈകള്‍ കൊണ്ട് തിരുമ്മി മുള പൊട്ടുന്ന ഭാഗം കേടുവരാതെ പിളര്‍ക്കണം. ചെടികള്‍ തമ്മില്‍ 30 സെ.മീ അകലം കിട്ടത്തക്ക വിധത്തില്‍ പാകണം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് നടാന്‍ യോജിച്ചത്. ഏകദേശം 140 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം.

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം

വെള്ളം വാര്‍ന്നു പോകാന്‍ ദ്വാരങ്ങള്‍ നല്‍കി 20 സെ.മീ പൊക്കമുള്ള പരന്ന പാത്രമെടുത്ത് പോട്ടിങ്ങ് മിശ്രിതമായി മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് നിറയ്ക്കണം. എന്നിട്ട് വിത്ത് പാകി നനച്ചു കൊടുക്കണം.

കടകളില്‍ നിന്നും വാങ്ങുന്ന മുഴുത്ത മല്ലി എടുത്ത് നെടുകെ പിളര്‍ത്തിയാല്‍ വിത്ത് ആയി ഉപയോഗിക്കാം. ഏകദേശം 10 മുതല്‍ 12 ദിവസം വരെ വേണ്ടിവരും മുളയ്ക്കാന്‍. ഏകദേശം 20 സെ.മീ ഉയരത്തിലെത്തിയാല്‍ പിഴുത് ഉപയോഗിക്കാം.


 

click me!