ടെറസിൽ വളരുന്നത് 18 തരം പഴങ്ങൾ, കൂടാതെ പച്ചക്കറികളും പൂക്കളും

By Web TeamFirst Published Nov 13, 2022, 9:31 AM IST
Highlights

18 തരം പഴങ്ങളാണ് ഇന്ന് ഇവരുടെ ടെറസിൽ വളരുന്നത്. എവിടെ യാത്ര പോയാലും അവിടെ നിന്നെല്ലാം എന്തെങ്കിലും ചെടിയുടെ വിത്തുകളോ ചെടിയോ ഒക്കെ സതീഷ് കൊണ്ടുവരും. മാമ്പഴം, ചെറി, പപ്പായ തുടങ്ങി അനേകം പഴങ്ങൾ ഇന്ന് ടെറസിൽ വളരുന്നു.

പാറ്റ്നയിലുള്ള സതീഷ്, വിഭ ചരൺബഹാരി ദമ്പതികളുടെ വീടിന്റെ ടെറസ് ആര് കണ്ടാലും ഒന്ന് നോക്കി നിന്നുപോകും. കാരണം, വേറൊന്നുമല്ല, അത്രയേറെ പച്ചക്കറികളും പൂക്കളുമാണ് അവിടെ വളരുന്നത്. രാവിലെ നാല് മണിക്ക് ഉണരുന്ന ദമ്പതികൾ പച്ചക്കറികളും പൂക്കളും പരിചരിക്കും, പിന്നീട് കുറച്ച് നേരം ചായയുമായി ആ പച്ചപ്പിൽ ചെലവഴിക്കും.

കേൾക്കുമ്പോൾ സിംപിളായി തോന്നുമെങ്കിലും ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടാണ് ഇങ്ങനെയൊരു ടെറസ് തോട്ടം അവർ തയ്യാറാക്കി എടുത്തത്. ഒരു പുതിയ വീട് കണ്ടെത്തുന്നതിന് മുമ്പ് തന്നെ സതീഷും വിഭയും തങ്ങളുടെ തോട്ടത്തെ കുറിച്ച് സ്വപ്നം കണ്ട് തുടങ്ങിയിരുന്നു. തോട്ടമുണ്ടാക്കുന്നതിന് വേണ്ടി വലിയ ടെറസുള്ളൊരു വീടാണ് ഇരുവരും അന്വേഷിച്ച് കൊണ്ടിരുന്നത്. അങ്ങനെ, 2004 -ൽ അവർ പാറ്റ്നയിലെ ഈ വീട്ടിൽ താമസം തുടങ്ങി. വിഭയ്ക്ക് ആദ്യം കൃഷിയോട് വലിയ താൽപര്യം ഒന്നുമുണ്ടായിരുന്നില്ല. വിവാഹശേഷം സതീഷിന്റെ കൃഷിയോടുള്ള താൽപര്യമാണ് അവളിലും അങ്ങനെ ഒരു താൽപര്യം ഉണ്ടാക്കി എടുത്തത്.

ടെറസ് തോട്ടം രണ്ട് ഭാഗങ്ങളായിട്ടാണ്. ഒന്ന് അടുക്കളത്തോട്ടമാണ്, മറ്റൊന്നിൽ പൂക്കളുമാണുള്ളത്. സതീഷ് ഒരു ബിസിനസുകാരനാണ്. ഏത് വീട്ടിലാണ് താമസമെങ്കിലും പാത്രങ്ങളിൽ ചെടികൾ നടുന്നുണ്ടായിരുന്നു. എന്നാൽ, വളരെ കുറച്ച് ചെടികളേ അങ്ങനെ നടാൻ കഴിഞ്ഞിരുന്നുള്ളൂ.

ഏതായാലും സതീഷിന് ബിസിനസിന്റെ തിരക്കുകളുമുണ്ട്. വിഭയ്ക്കാണെങ്കിൽ സാമൂഹികപ്രാധാന്യമുള്ള പ്രവർ‌ത്തനങ്ങൾ നടത്തുന്ന ഒരു ക്ലബ്ബിന്റെ ഭാഗമായതുകൊണ്ട് അതിൻ‌റെ തിരക്കുകളും ഉണ്ട്. എന്നാൽ, അതിനെല്ലാം ഇടയിൽ ഇരുവരും ചേർന്ന് തോട്ടം പരിപാലിക്കുന്നു. അതിൽ ഒരു വീട്ടുവീഴ്ചയും ഇല്ല.

18 തരം പഴങ്ങളാണ് ഇന്ന് ഇവരുടെ ടെറസിൽ വളരുന്നത്. എവിടെ യാത്ര പോയാലും അവിടെ നിന്നെല്ലാം എന്തെങ്കിലും ചെടിയുടെ വിത്തുകളോ ചെടിയോ ഒക്കെ സതീഷ് കൊണ്ടുവരും. മാമ്പഴം, ചെറി, പപ്പായ തുടങ്ങി അനേകം പഴങ്ങൾ ഇന്ന് ടെറസിൽ വളരുന്നു.

ഉണങ്ങിയ ഇലകളും അടുക്കളയിലെ മാലിന്യങ്ങളും ചേർത്തുണ്ടാക്കുന്ന കംപോസ്റ്റാണ് ചെടികൾക്ക് ഉപയോഗിക്കുന്നത്. പഴങ്ങൾ കൂടാതെ സീസണലായിട്ടുള്ള പച്ചക്കറികളും അനേകം പൂക്കളും കൂടി ഇവിടെ വളരുന്നു. അതുപോലെ നിരവധി ആളുകൾ കൃഷി ചെയ്യാനുള്ള ഉപദേശവും തേടി ദമ്പതികളുടെ അടുത്ത് എത്താറുണ്ട്.

(കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

click me!