ഇഎംഎസ് ഒരുക്കിയ കെണിയില്‍ സിപിഐ വീണു, വീഴാതെ കേരളാ കോണ്‍ഗ്രസ്!

By Web TeamFirst Published Mar 29, 2021, 11:30 AM IST
Highlights

സിപിഎം ഒരുക്കിയ ആ കെണിയറിയാതെ സിപിഐ. എന്നാല്‍ അപകടം മണത്ത് കേരളാ കോണ്‍ഗ്രസ്

ങ്കര്‍ മന്ത്രിസഭയുടെ പതനത്തിനു ശേഷം 1965 മാര്‍ച്ചില്‍ കേരളത്തില്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലുമുണ്ടായ പിളർപ്പുകൾക്കു ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പായിരുന്നു അത്. സിപിഎമ്മിന് വളരെ മോശപ്പെട്ട കാലമായിരുന്നു അത്. നേതാക്കളില്‍ പലരും ജയിലിലായിരുന്നു. ഇന്ത്യാ - പാക്കിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്ന് പ്രതിരോധ ചട്ടങ്ങള്‍ പ്രകാരമായിരുന്നു ഇഎംഎസ് ഒഴികെയുള്ള മിക്ക മുതിര്‍ന്ന സിപിഎം നേതാക്കളും അകത്തുപോയത്. രണ്ടാംനിര നേതാക്കളുടെ സഹായത്തോടെ ഇഎംഎസ് ഒറ്റയ്ക്ക് തെരെഞ്ഞെടുപ്പിനെ നേരിട്ടു. 

സിപിഐയെ കെണിയില്‍ കുടുക്കി ഇഎംഎസ്
സിപിഐയെ ഒതുക്കുകയായിരുന്നു ഇഎംഎസിന്‍റെ മുഖ്യ ലക്ഷ്യം. അതിനായി അദ്ദേഹം ഒരു പദ്ധതി മെനഞ്ഞു. കോണ്‍ഗ്രസിനെതിരായി ഇടതിന്‍റെ ഐക്യം എന്ന ആശയം ഇഎംഎസ്  മുന്നോട്ടുവച്ചു. ഒപ്പം മുസ്ലീം ലീഗുമായി കൂട്ടുകൂടുക എന്ന തന്ത്രവും പ്രയോഗിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ ഇഎംസിന്‍റെ നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആര്‍എസ്‍പിയുടെയും നേതാക്കള്‍ ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ അതൊരു കെണിയായിരുന്നുവെന്ന് സിപിഎം നേതാക്കളൊഴികെ മറ്റാരും അറിഞ്ഞില്ല. ഇഎംഎസ് മുന്‍കൂട്ടി കണ്ടപോലെ സിപിഐയും ആര്‍എസ്‍പിയും ആ കെണിയില്‍ വീണു. മുസ്ലീം ലീഗുമായുള്ള കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് സിപിഐ- ആര്‍എസ്‍പി നേതാക്കള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. സംയുക്തമായി അംഗീകരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്താങ്ങുന്നതിന് മുസ്ലീം ലീഗുമായുള്ള പരിമിതമായ ധാരണ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നായിരുന്നു അവരുടെ നിലപാട്. 

ഈ സമയം ഉള്ളില്‍ ചിരിക്കുകയായിരുന്നു ഇഎംഎസ്. ലീഗുമായുള്ള ധാരണയുടെ ഫലമായി സിപിഎമ്മിന്‍റെ അനുനായികള്‍ മുഴുവനും സിപിഐയിലേക്ക് മടങ്ങി വരുമെന്നായിരുന്നു സിപിഐ നേതാവായ എം എന്‍ ഗോവിന്ദന്‍ നായരുടെ കണക്കുകൂട്ടല്‍. എന്നാല്‍ സിപിഐയെ വെറും ഈര്‍ക്കില്‍ പാര്‍ട്ടിയാക്കെ ഒതുക്കുന്നതായിരുന്നു സിപിഎമ്മിന്‍റെ കെണികളെന്ന് കേരള ക്രൂഷ്‍ചേവ് അപ്പോള്‍ അറിഞ്ഞിരുന്നില്ല. 1965 മാർച്ച് 4-നായിരുന്നു ഒറിജിനല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് അവകാശപ്പെട്ട സിപിഐക്ക് ദുരന്തം സമ്മാനിച്ച കേരളത്തിലെ ആ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.  

(ചിത്രം - ഇഎംഎസ് നമ്പൂതിരിപ്പാട്)

സിപിഐക്ക് സംഭവിച്ച ദുരന്തം
ഈ തെരെഞ്ഞെടുപ്പില്‍ സിപിഐ 79 സീറ്റിലാണ് മത്സരിച്ചത്.  കോൺഗ്രസ് 133 സീറ്റിലും സിപിഎം 73 സീറ്റിലും മത്സരിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്‍പി) പിളർന്നു ജോർജ് ഫെർണാണ്ടസിന്‍റെ നേതൃത്വത്തിലുള്ള എസ്എസ്‍പിയും (സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി) ഈ തെരഞ്ഞെടുപ്പില്‍ പങ്കാളിയായി. മുസ്ലീം ലീഗും ഈ തെരഞ്ഞെടുപ്പിൽ പങ്കാളിയായി. കേരള കോൺഗ്രസ് 54 സീറ്റില്‍ മത്സരിച്ചു. ആകെ 133 സീറ്റുകളിലേക്ക് നടന്ന ഈ പൊതു തെരഞ്ഞെടുപ്പിൽ 75. 12% ആയിരുന്നു  പോളിംഗ്. 13 സീറ്റുകള്‍ സംവരണ സീറ്റുകളായിരുന്നു. പത്തു സ്ത്രീകളും ഈ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചു.

എന്നാല്‍ ഒടുവില്‍ ഫലം വന്നപ്പോള്‍ സിപിഐ ഞെട്ടിപ്പോയി. 79 സീറ്റില്‍ മത്സരിച്ച സിപിഐ വെറും മൂന്ന് സീറ്റില്‍ ഒതുങ്ങി.  സിപിഐയും അവര്‍ പിന്താങ്ങിയ സ്വതന്ത്രന്മാരിലും പെട്ട 55 സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവച്ച കാശുപോയി. അതൊരു റെക്കോര്‍ഡായിരുന്നു, നാണക്കേടിന്‍റെ റെക്കോര്‍ഡ്! ജാമ്യത്തുക നഷ്‍ടമായവരുടെ കൂട്ടത്തില്‍ ആദ്യനിയമസഭയിലെ മന്ത്രിയായിരുന്ന വി ആര്‍ കൃഷ്‍ണയ്യരും ഉണ്ടായിരുന്നു. എന്നാല്‍ ഇഎംഎസിന്‍റെ കൌശലങ്ങളിലൂടെ സിപിഎം മിന്നും വിജയം നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സിപിഎം. സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 44 സീറ്റുകള്‍ സിപിഎമ്മിന് ലഭിച്ചു. കോണ്‍ഗ്രസ് 36, മുസ്ലീം ലീഗ് 6, സ്വതന്ത്രപാര്‍ട്ടി ഒന്ന്, കേരളാ കോണ്‍ഗ്രസ് 24, എസ്എസ്‍പി 13 എന്നിങ്ങനെയായിരുന്നു കക്ഷിനില.

(ചിത്രം - എം എന്‍ ഗോവിന്ദന്‍ നായര്‍)

എന്നാല്‍ സിപിഎമ്മും കേരള കോണ്‍ഗ്രസും ശക്തി തെളിയിച്ച ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. കേരള കോണ്‍ഗ്രസും ലീഗും തമ്മില്‍ സഖ്യത്തിലായി. ഒന്നുകില്‍ ഞങ്ങളുടെ പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കൂ, അല്ലെങ്കില്‍ ഞങ്ങളുടെ മന്ത്രിസഭയെ പിന്തുണയ്ക്കൂ എന്നവര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. തോല്‍വിയിലെ മനോവിഷമവും കേരള കോണ്‍ഗ്രസിനോടുള്ള പകയും നിമിത്തം ഈ രണ്ടു നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ് വൈരാഗ്യപൂര്‍വ്വം തള്ളിക്കളഞ്ഞു. 

സിപിഎമ്മിനെ സംശയിച്ച് കേരളാ കോണ്‍ഗ്രസ്
സിപിഎമ്മിനും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മറ്റൊരു കളി കളിച്ചുനോക്കി ഇഎംഎസ്. മാര്‍ക്സിസ്റ്റുകളെ തടവിലാക്കിയ നടപടിയെ അപലപിക്കാമെങ്കില്‍ കേരള - കോണ്‍ഗ്രസ് - മുസ്ലീം ലീഗ് മന്ത്രിസഭയെ തന്‍റെ പാര്‍ട്ടി പിന്തുണയ്ക്കാമെന്നായിരുന്നു ഇഎംഎസിന്‍റെ വാഗ്‍ദാനം. എന്നാല്‍ ഈ ഓഫറില്‍ കേരളാ കോണ്‍ഗ്രസ് വീണില്ല. സിപിഎമ്മിന്‍റെ പിന്തുണയ്ക്ക് വേണ്ടി അങ്ങനെയെന്തെങ്കിലും ചെയ്യുന്ന കാര്യം അക്കാലത്ത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അഥവാ സമ്മതിച്ചാല്‍ തന്നെയും ലക്ഷ്യം നേടിക്കഴിഞ്ഞാലുടന്‍ സിപിഎം പിന്തുണ പിന്‍വലിക്കും എന്ന ആശങ്കയും കേരളാ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. 

(ചിത്രം - കെ എം മാണി)

അങ്ങനെ 133 അംഗങ്ങളുണ്ടായിരുന്ന സഭയ്ക്ക് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പോലും നടത്താന്‍ കഴിയാതെ വന്നു. പി ടി ചാക്കോയുമായുള്ള അടുപ്പം വച്ച് ഗവര്‍ണ്ണര്‍ വി വി ഗിരി സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് - മുസ്ലീം ലീഗ് സഖ്യം അവസാന നിമിഷം വരെയും കരുതിയിരുന്നു. എന്നാല്‍ ജനാധിപത്യത്തിന്‍റെ എല്ലാ പ്രമാണങ്ങളെയും കാറ്റില്‍പ്പറത്തി അത്തരമൊരു ചെയ്‍തിക്ക് ഗവര്‍ണ്ണര്‍ക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല. നിയമസഭ പിരിച്ചുവിടാനും നിലവിലെ  പ്രസിഡന്‍റ് ഭരണത്തിന്‍റെ കാലാവധി നീട്ടാന്‍ ശുപാര്‍ശ ചെയ്യുകയുമല്ലാതെ ഗവർണ്ണർ വി വി ഗിരിക്ക് വേറെ വഴിയില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ ശുപാര്‍ശപ്രകാരം 1965   മാർച്ച് 24-ന് ഉപരാഷ്ട്രപതി ഡോ സക്കീർ ഹുസൈൻ ആ നിയമസഭയെ പിരിച്ചുവിട്ടു.

 

(അടുത്തത് -  കേന്ദ്രത്തിന്‍റെ അരി കേരളത്തില്‍, രുചിയറിയാന്‍ ഗവര്‍ണ്ണര്‍ ഹോട്ടലില്‍..!)


മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

ഭാഗം 13 - എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം,
വിക്കി പീഡിയ, 
ബോധി കമോണ്‍സ് ഡോട്ട് ഓര്‍ഗ്

 

click me!