വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

By Web TeamFirst Published Mar 18, 2021, 6:09 PM IST
Highlights

വിശപ്പകറ്റാനുള്ള ഒരു ഭക്ഷ്യവസ്‍തു രാഷ്‍ട്രീയക്കാരന്‍റെ കുപ്പായവുമിട്ട് കേരള രാഷ്ട്രീയത്തിലേക്ക്

ലപ്പുഴയിലെ ഒരു കയര്‍ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു രാജന്‍ എന്ന യുവാവ്. നല്ലൊരു പാട്ടുകാരന്‍ കൂടിയായിരുന്ന രാജന്‍ അക്കാലത്തെ ഭൂരിഭാഗം തൊഴിലാളികളെയും പോലെ ഒരു കമ്മ്യൂണിസ്റ്റുമായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയതോടെ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ രാജനും മറ്റുപലരെയുമെന്ന പോലെ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി. 

അക്കാലത്ത് സംസ്ഥാനത്ത് അരിക്ഷാമം രൂക്ഷമായിരുന്നു. കേന്ദ്രം കേരളത്തിനുള്ള റേഷൻ വിഹിതം വെട്ടിക്കുറച്ചു. ഭക്ഷ്യ ക്ഷാമം കടുത്തു. അതോടെ സംസ്ഥാനം പുതിയ പദ്ധതികളെപ്പറ്റി അന്വേഷണമായി. ഭക്ഷ്യ ക്ഷാമം അകറ്റാന്‍ സര്‍ക്കാര്‍ ഒരു വഴി കണ്ടുപിടിച്ചു. 'മക്രോണി' എന്നുപേരുള്ള ഒരു ഭക്ഷ്യ വസ്‍തുവായിരുന്നു മന്ത്രിസഭയുടെ പദ്ധതി. എന്തായാലും അതോടെ മേല്‍പ്പറഞ്ഞ രാജന്‍ എന്ന ആലപ്പുഴക്കാരന്‍ യുവാവിന്‍റെ തലവര തെളിഞ്ഞു. ആ കഥയിലേക്ക് വരാം. അതിനു മുമ്പ് അല്‍പ്പം മക്രോണിക്കഥ കേള്‍ക്കാം.

എന്താണ് മക്രോണി?
മക്രോണി എന്ന ഭക്ഷ്യവസ്‍തുവിനെപ്പറ്റി പലതരം വാദങ്ങളുണ്ട്. ഇന്ന്, വില കൂടിയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന  കഫേകളിലും മറ്റും ഒരു വിശിഷ്ടഭോജ്യമായ് വിൽക്കപ്പെടുന്ന മാക്രോണിയല്ല ഈ കഥയിലെ മക്രോണി. രാഷ്‍ട്രീയ കേരളത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ മക്രോണിയുടെ സ്വദേശം ഇറ്റലിയാണെന്നും മരച്ചീനിയില്‍ നിന്നാണ് അതുണ്ടാക്കുന്നതെന്നും വാദങ്ങളുണ്ട്. എന്നാല്‍ ഗോതമ്പില്‍ നിന്നാണ് മക്രോണി ഉണ്ടാക്കുന്നതെന്നാണ് മറ്റുചിലര്‍ വാദിക്കുന്നത്. ഗോതമ്പിൽ നിന്നും യന്ത്രസഹായത്താൽ നിർമ്മിക്കുന്ന ഒരു തരം ഉണങ്ങിയ വസ്‍തുവാണിതെന്നും കശുവണ്ടിപ്പരിപ്പിന്‍റെ ആകൃതിയിലുള്ള ഇവ പൊള്ളയായ കുഴലിനു സമാനമാണെന്നും വാദമുണ്ട്. മാക്കറോണി എന്നത് ഈ ആകൃതിയെയല്ല മറിച്ച് അതുണ്ടാക്കാനുപയോഗിക്കുന്ന മാവിനെയാണ് സൂചിപ്പിക്കുന്നതെന്നും ചിലര്‍ പറയുന്നു.

(ചിത്രം - പുതിയ കാലത്തെ മക്കെറോണി)

ലത്തീനിൽ നനക്കുക, മൃദുവാക്കുക, അവശനാക്കുക, കൊല്ലാക്കൊല ചെയ്യുക എന്നൊക്കെ അർത്ഥമുള്ള 'മച്ചെരാരേ' എന്ന പദത്തിൽ നിന്നാണ് ഇറ്റാലിയൻ പദമായ മക്കെരോണെ(ണി) ഉണ്ടായതെന്നാണ് ഒരു വാദം.  'ചതച്ചത്' എന്നാണ് മക്കെരോണെ എന്ന വാക്കിന് അർത്ഥം. എന്നാൽ 'അമ്മാക്കരേ' എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് മക്കെറോണി എന്ന പേരുണ്ടായതെന്നും വാദിക്കുന്നവരുണ്ട്. അറബികൾ ആണ് ഈ വിഭവം കണ്ടുപിടിച്ചതെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. എന്നാൽ ശ്രാദ്ധച്ചടങ്ങുകളിൽ വിളമ്പുന്ന ഒരു തരം ബാർലി വിഭവത്തിൻറെ ഗ്രീക്കു പേരായ 'മകാരിയ'-യിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവമെന്നു കരുതുന്നവരാണ് ഇന്നധികവും. രണ്ടാം ലോക മഹായുദ്ധ കാലത്തുണ്ടായ ക്ഷാമകാലത്ത് പ്രധാന ആഹാരമായിരുന്നു മക്രോണി.

അതേസമയം വിമോചനസമരകാലത്ത് കേരള രാഷ്‍ട്രീയത്തെ പിടിച്ചുലച്ച മക്രോണി അരിയെപ്പറ്റി ചില പഴമക്കാര്‍ പറയുന്നത് മറ്റൊന്നാണ്. കൊത്തമല്ലി അരിയുടെ വലുപ്പമാണ് അതിന് ഉണ്ടായിരുന്നതെന്നും ഉണക്കക്കപ്പയുടെ മാവും മറ്റു പലതരം ധാന്യങ്ങളും സമ്മിശ്രമായി ചേർത്താണ് മക്രോണി അരി ഉണ്ടാക്കിയിരുന്നതെന്നും ചിലര്‍ ഓര്‍മ്മിക്കുന്നു.  മരച്ചീനിയില്‍ നിന്നും മക്രോണി അരിയുണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത് സംസ്ഥാന മന്ത്രിസഭയാണ്. കടുത്ത അരിക്ഷാമം തരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 

(ചിത്രം - മരച്ചീനി / കപ്പ)

അങ്ങനെ റേഷൻകടകൾ വഴി മക്രോണി വിതരണം ചെയ്‍തു തുടങ്ങി. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആഹാര രീതി മാറ്റാന്‍ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും തയ്യാറായിരുന്നില്ല. അവര്‍ സര്‍ക്കാരിനെയും മക്രോണി അരിയെയും പരിഹസിക്കാന്‍ തുടങ്ങി. വിമോചനസമരം ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. കിട്ടിയതെന്തും ആയുധമാക്കിക്കൊണ്ടിരുന്ന പ്രതിപക്ഷം ഈ മക്രോണി അരിയിലും കയറിപ്പിടിച്ചു. മക്രോണിക്കെതിരെ അവര്‍ പ്രചാരണവും തുടങ്ങി. 

ഭഗവാന്‍ മക്രോണി
ഇനി രാജനിലേക്ക് തിരികെ വരാം. കയര്‍ തൊഴിലാളിയായ രാജന്‍ നല്ലൊരു ഗായകനായിരുന്നു എന്ന് ആദ്യം തന്നെ പറഞ്ഞല്ലോ. കമ്മ്യൂണിസത്തിലുള്ള പ്രതീക്ഷ നശിച്ചെങ്കിലും രാജനിലെ കലാകാരന്‍ വിമോചനസമരത്തോടെ ഉണര്‍ന്നു.  ഒരു കഥാപ്രസംഗം രാജന്‍ എഴുതിയുണ്ടാക്കി. ലൈംഗികതയും അപവാദങ്ങളും രാഷ്‍ട്രീയവും എന്നുവേണ്ട അലയടിച്ചുയര്‍ന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത തരംഗത്തിന് കൊഴുപ്പുകൂട്ടാന്‍ വേണ്ട എല്ലാ ചേരുവകളും മസാലകളും നിറഞ്ഞിരുന്നു ആ കഥാപ്രസംഗത്തില്‍. ആ കഥാപ്രസംഗത്തിന്‍റെ പേരായിരുന്നു 'ഭഗവാന്‍ മക്രോണി'.

(വിമോചന സമരത്തില്‍ നിന്നും)

കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു ദളിത് മന്ത്രിക്കെതിരെയുള്ള ലൈംഗികച്ചുവയുള്ള കഥ ആ കഥാപ്രസംഗത്തിലെ ഉപകഥകളില്‍ ഒന്നായിരുന്നു. മന്ത്രി തന്‍റെ ഔദ്യോഗിക വസതിയില്‍ ഒരു പെണ്‍കുട്ടിയെ പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ഈ കഥയുടെ കാതല്‍. ദളിത് മന്ത്രിയെയും മുസ്ലീം പെണ്‍കുട്ടിയെയും ചുറ്റിപ്പറ്റിയുള്ള ഈ മസാലക്കഥകളും ഒപ്പം അഴിമതിയുടെ കഥകളും സമര്‍ത്ഥമായി തുന്നിച്ചേര്‍ത്ത 'ഭഗവാന്‍ മക്രോണി' നാട്ടില്‍ സൂപ്പര്‍ഹിറ്റായി. കോണ്‍ഗ്രസ് ഭരണകാലത്തെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് നാടകമായ ' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ പ്രസിദ്ധിയെ കവച്ചുവച്ചു അക്കാലത്ത് മക്രോണി. വൈറലായ മക്രോണിക്കൊപ്പം ഇരുട്ടിവെളുക്കുമ്പോഴേക്കും രാജനും നാട്ടില്‍ താരമായി. 

കേരളത്തിലങ്ങോളമിങ്ങോളം ആ കഥാപ്രാസംഗികന് ആരാധകരുണ്ടായി. അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ആയിരക്കണക്കിന് രാഷ്‍ട്രീയ പ്രചാരണയോഗങ്ങളുടെയും പ്രകടനങ്ങളുടെയും അവസാനം രാജന്‍റെ പരിപാടിയും ഉണ്ടാകും. ആദ്യം രാഷ്‍ട്രീയ പ്രസംഗങ്ങള്‍. പിന്നെ രാജന്‍റെ മക്രോണി കഥാപ്രസംഗം. ഈ പരിപാടികളുടെ മുഴുവന്‍ സമയ ശ്രോതാക്കളായി രാവേറെച്ചെല്ലുവോളം കുടുംബങ്ങള്‍ ഒന്നടങ്കം ഇരിക്കുന്നത് അക്കാലത്ത് ഗ്രാമങ്ങളില്‍‌ പതിവായിരുന്നു.

പലയിടത്തും ഭഗവാന്‍ മക്രോണിയുടെ പേരിൽ അടിപിടിയും ബഹളവുമൊക്കെ നടന്നു. ‘ഭഗവാൻ മക്രോണി’ക്ക് എതിരേ 'ആരെടാ മക്രോണി' എന്ന മറ്റൊരു കഥാപ്രസംഗവും അരങ്ങിലെത്തി. ഭരണകക്ഷിക്കാരുടെ സഹായത്തോടെയായിരുന്നു ആരെടാ മക്രോണി'യുടെ വരവ്. ഈ കഥാപ്രസംഗവും പലയിടങ്ങളിലും അരങ്ങേറി. അങ്ങനെ മനുഷ്യന്‍റെ വിശപ്പകറ്റാനുള്ള ഒരു ഭക്ഷ്യവസ്‍തു ആ ജോലി മറന്ന് കേവലരാഷ്‍ട്രീയക്കാരന്‍റെ കുപ്പായവുമിട്ട് കേരള രാഷ്ട്രീയ രംഗത്തെ കുറച്ചുകാലമെങ്കിലും സജീവമാക്കി നിര്‍ത്തി. 

(ചിത്രം - വിമോചന സമരകാലം)

 

(അടുത്തത് - ഹൈക്കമാന്‍ഡിനെ തള്ളി കെപിസിസി!)

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍, 
വിക്കി പീഡിയ,
മാതൃഭൂമി ലേഖനം


 

click me!