
ചാറ്റ്ജിപിറ്റിയുടെ ഏറ്റവും പുതിയ അപ്ഡേഷനോടെ ലോകമെങ്ങും ജിബ്ലി ചിത്രങ്ങൾ കീടക്കുകയാണ്. തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും ജിബ്ലിയിലേക്ക് മാറ്റാനുള്ള വ്യഗ്രതയിലാണ് ലോകം. എന്നാല്‍ അങ്ങനെ ഓരോ നിമിഷം ജിബ്ലിയിലേക്ക് മാറ്റുമ്പോൾ വേദനിക്കുന്ന ഒരാളുണ്ട്, അങ്ങ് ജപ്പാനില്‍. മറ്റാരുമല്ല, യഥാര്‍ത്ഥ ജിബ്ലി ചിത്രങ്ങളെ കൈ കൊണ്ട് വരച്ച് ഇന്ന് കാണുന്ന തരത്തില്‍ പ്രശസ്തമാക്കിയ അതിന്‍റെ സ്രഷ്ടാവ് തന്നെ, പേര് മിയാസാക്കി ഹയാവോ. പുതിയ ജിബ്ലി തരംഗം കാണുമ്പോൾ തനിക്ക് അപമാനം തോന്നുന്നുവെന്നാണ് മിയാസാക്കി ഹയാവോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
1941 ജനുവരി 5 ന് ജപ്പാനിലെ ടോകിയോയിലാണ് മിയാസാക്കി ഹയാവോ ജനിച്ചത്. തന്‍റെ 22-മത്തെ വയസില്‍ അദ്ദേഹം ടോയി ഡൗഗ എന്ന അനിമേഷന്‍ സ്റ്റുഡിയോയില്‍ അനിമേറ്ററായി ജോലിയില്‍ പ്രവേശിച്ചു. പിന്നീടിങ്ങോട്ട് ലോകം കണ്ട ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങളുടെ പിന്നില്‍ മിയാസാക്കി ഹയോവോയുടെ കൈ പതിഞ്ഞിട്ടുണ്ട്.
അദ്ദേഹം ഒരു മംഗ കലാകാരന്‍ (ജപ്പാന്‍ അനിമേറ്റഡ് ചിത്രങ്ങൾ) കൂടിയാണ്. 1982 മുതല്‍ 1984 വരെ അദ്ദേഹം മാംഗ സീരീസായ നൗസിക്ക ഓഫ് ദി വാലി ഓഫ് ദി വിൻഡിന്‍റെ പണിപ്പുരയിലായിരുന്നു. ഇത്തരം മംഗ ചിത്രങ്ങൾ സൃഷ്ടിക്കാന്‍ ഏറെ പ്രയാസമാണ്. ഒരു മോഷന്‍ ചിത്രത്തിലെ ഒരു ഫ്രെം നിര്‍മ്മിക്കണമെങ്കില്‍ 24 ഫ്രെമുകൾ നിർമ്മിക്കണം. ആ 24 ചിത്രങ്ങളും കൈ കൊണ്ട് തന്നെ വരച്ചാണ് ആദ്യ കാലത്ത് സൃഷ്ടിച്ചിരുന്നത്. ഏതാണ്ട് എട്ട് മണിക്കൂറോളം വേണം ഇത്തരത്തില്‍ ഒരു ചലന ചിത്രത്തിന്‍റെ ഒരു ഫ്രെം മാത്രം സൃഷ്ടിക്കാന്‍. അത്രയേറെ പണിയെടുത്ത ശേഷമാണ് ഓരോ അനിമേഷന്‍ ചിത്രവും പുറത്തിറങ്ങുന്നത്. ഐഎംഡിബിയില്‍ പോലും ഇടം നേടിയ പോർകോ റോസോ എന്ന ചിത്രത്തിന് ആധാരമായ ഹിക്കോട്ടെ ജിദായ് എന്ന അനിമേഷന്‍ ചിത്രമാണ് അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്.
Read More: പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക്
1985 ജൂണ്‍ 15 നാണ് മിയാസാക്കി ഹയാവോ, ഇസവോ തകഹാത, സുസുക്കി തോഷിയോ എന്നിവരുമായി ചേര്‍ന്ന് സ്റ്റുഡിയോ ജിബ്ലി സ്ഥാപിക്കുന്നത്. കൈ കൊണ്ട് വരച്ച ഏറ്റവും ഗുണമേന്മ കൂടിയ ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങളുടെ ഒരൊഴുക്കായിരുന്നു പിന്നെ. മണിക്കൂറുകൾ. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, ചിലപ്പോൾ വര്‍ഷങ്ങളെടുത്തായിരുന്നു ഓരോ അനിമേഷന്‍ സിനിമയും കാഴ്ചക്കാരിലേക്ക് എത്തിയത്. കപ്രോണി സിഎ 309 വിമാനത്തിന്‍റെ വിളിപ്പേരാണ് അദ്ദേഹം തന്‍റെ പുതിയ സംരംഭത്തിനായി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. അയൽക്കാരൻ ടോട്ടോറോ, സ്പിരിറ്റ്ഡ് എവേ, ഹൗൾസ് മൂവിംഗ് കാസിൽ, കിക്കിയുടെ ഡെലിവറി സർവീസ്, പ്രിൻസസ് മോണോനോക്ക് തുടങ്ങിയ നിരവധി ജിബ്ലി ചിത്രങ്ങൾ പിന്നീട് പുറത്തിറങ്ങി.
എന്നാല്‍, ആ മനുഷ്യന്‍ തന്‍റെ ജീവിതായുസ് കൊണ്ട് നിര്‍മ്മിച്ച ചിത്രങ്ങൾ ഇന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകമെങ്ങുനിന്നും നിമിഷങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെടുകയാണ്. ഇത് അദ്ദേഹത്തെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ആ വേദനയില്‍ നിന്നുമാണ് പുതിയ ഈ ട്രെന്‍റിനെ 'ജീവിതത്തോടുള്ള അപമാന'മെന്ന് അദ്ദേഹം വിശേഷിപ്പിച്ചതും. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
'ഇനിക്കിത് കാണാനോ രസകരമായി ആസ്വദിക്കാനോ കഴിയില്ല. ഇത് സൃഷ്ടിക്കുന്ന വേദന ആര്‍ക്കും എന്താണെന്ന് അറിയില്ല. എനിക്ക് വലിയ വെറുപ്പാണ്. വിചിത്രമായ കാര്യങ്ങൾ നിങ്ങൾക്ക് സൃഷ്ടിക്കാന്‍ കഴിയും. ശരിക്കും നിങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍. ഈ സാങ്കേതിക വിദ്യ എന്‍റെ ജോലിയില്‍ ഉൾപ്പെടുത്താന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. അത് ജീവിതത്തിന് തന്നെ അപമാനമാണെന്ന് എനിക്ക് തോന്നുന്നു.' അദ്ദേഹം പുതിയ ജിബ്ലി ട്രെന്‍റിനെ കുറിച്ച് പറഞ്ഞു. സ്വന്തം സൃഷ്ടികൾക്കായി മണിക്കൂറുകൾ ചിലവഴിച്ച അദ്ദേഹത്തിന് ഞാന്‍ വര്‍ഷങ്ങൾ കൊണ്ട് വരച്ച രൂപങ്ങൾ നിമിഷങ്ങൾക്കുള്ളില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കപ്പെടുമ്പോൾ അതില്‍ ജീവന്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നു. ഒരു കലാകാരന് സ്വയം ഇല്ലാതായി പോകുന്ന അവസ്ഥയിലൂടെയാകാം അദ്ദേഹം പുതിയ ജിബ്ലി ട്രെന്‍റിംഗിനിടയിലൂടെ കടന്ന് പോകുന്നത്.