
ലേലത്തിൽ 1.21 കോടി രൂപയ്ക്ക് വിറ്റുപോയി 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന സ്വർണ ടോയ്‍ലെറ്റ്. മുഴുവനായും പ്രവർത്തനക്ഷമമായ സ്വർണ ടോയ്‍ലെറ്റാണ് 1.21 കോടിക്ക് വിറ്റുപോയിരിക്കുന്നത്. അതിസമ്പന്നരെ പരിഹസിക്കുന്നതാണ് ഈ കലാസൃഷ്ടി. ചുമരിൽ ഒരു വാഴപ്പഴം ഒട്ടിച്ചുവെച്ചിരിക്കുന്ന കലാസൃഷ്ടിയിലൂടെ പ്രശസ്തനായ ഇറ്റാലിയൻ കലാകാരൻ മൗറീഷ്യോ കാറ്റലൻ തന്നെയാണ് ഈ ടോയ്‍ലെറ്റും നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ സോത്ത്ബീസിൽ ലേലത്തിലാണ് ഒരുകോടിക്ക് മുകളിൽ വിലയ്ക്ക് ടോയ്‍ലെറ്റ് വിറ്റുപോയിരിക്കുന്നത്. 101 കിലോഗ്രാം (223 പൗണ്ട്) വരുന്ന, 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ഈ ടോയ്‍ലെറ്റിന്റെ ലേലം ഏകദേശം 10 മില്യൺ ഡോളറിലായിരുന്നു ആരംഭിച്ചിരുന്നത്.
കാറ്റലൻ തന്നെയാണ് 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ടോയ്ലെറ്റ് അതിസമ്പന്നരെ കളിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന വിവരം പങ്കുവച്ചത്. "നിങ്ങൾ എന്ത് കഴിച്ചാലും, 200 ഡോളറിന്റെ ലഞ്ചായാലും 2 ഡോളറിന്റെ ഹോട്ട് ഡോഗ് ആയാലും, ടോയ്‌ലറ്റിൽ പോകുമ്പോൾ സംഭവിക്കുന്നത് ഒന്നുതന്നെയാണ്" എന്നാണ് നേരത്തെ അദ്ദേഹം ഈ കലാസൃഷ്ടിയെ കുറിച്ച് പറഞ്ഞത്.
ഇതേ ലേലത്തിലാണ് കഴിഞ്ഞ ദിവസം ലോകപ്രശസ്ത ചിത്രകാരൻ ഗുസ്താവ് ക്ലിംറ്റിന്റെ ഒരു പെയിന്റിംഗ് 2110 കോടിക്ക് വിറ്റുപോയത്. ആറടി ഉയരമുള്ള, 'പോർട്രെയ്റ്റ് ഓഫ് എലിസബത്ത് ലെഡറർ' എന്ന പെയിന്റിംഗാണ് ലേലത്തിൽ വിറ്റത്. ഓസ്ട്രിയൻ ചിത്രകാരനായ ക്ലിംറ്റ് 1914 -നും 1916 -നും ഇടയിൽ വരച്ചതാണ് പ്രസ്തുത പെയിന്റിംഗ്. അതിൽ ക്ലിംറ്റിന്റെ രക്ഷാധികാരിയുടെ മകളും, അനന്തരാവകാശിയുമായ ലെഡററിനെയാണ് കാണുന്നത്. ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നടന്ന സോത്ത്ബീസ് ലേലത്തിൽ ആറ് ലേലക്കാർ 20 മിനിറ്റ് നേരമാണ് ക്ലിംറ്റിന്റെ ഈ പ്രശസ്തമായ കലാസൃഷ്ടി സ്വന്തമാക്കാൻ വേണ്ടി മത്സരിച്ചത്. അതേസമയം, ഈ പെയിന്റിംഗ് ആരാണ് വാങ്ങിയത് എന്ന് സോത്ത്ബീസ് വെളിപ്പെടുത്തിയിട്ടില്ല.