തിരക്കോട് തിരക്ക്, ഒടുവില്‍ 'മൊണലിസ' ചിത്രം സൂക്ഷിച്ചിരുന്ന പാരീസിലെ ലൂവ് മ്യൂസിയം അടച്ച് ജീവനക്കാര്‍

Published : Jun 17, 2025, 07:34 PM ISTUpdated : Jun 17, 2025, 07:35 PM IST
Louvre Museum

Synopsis

പ്രതിദിനം പതിനായിരക്കണക്കിന് സന്ദ‍ർശകരെത്തുന്ന, എന്നാല്‍ അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുന്ന മ്യൂസിയം അടച്ച് പ്രതിഷേധിക്കുകയായിരുന്നു ജീവനക്കാര്‍. 

 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന മ്യൂസിയങ്ങളിലൊന്നാണ് മോണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്ന ലൂവ് മ്യൂസിയം. എന്നാല്‍, തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ മ്യൂസിയം അടച്ചിട്ടെന്ന് റിപ്പോര്‍ട്ട്. ഇത് ആദ്യമായല്ല തിരക്ക് കാരണം ജീവനക്കാർ മ്യൂസിയം അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ഇതിന് മുമ്പ് 2013-ലും 2019-ലും മ്യൂസിയം അടച്ചിട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഇത്തവണ ജീവനക്കാരുടെ പ്രതിഷേധം പാരമ്യത്തിലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ലോക ക്ലാസിക്ക് ചിത്രമായ മോണലിസയും, സാന്ദ്രോ ബോട്ടിസെല്ലിയുടെ മാസ്റ്റര്‍പീസ് ചിത്രങ്ങളും ഡയാന ദി ഹണ്ട്രസ്സ്, വീനസ് ഡി മിലോ, സമോത്രേസിന്‍റെ ചിറകുള്ള വിജയം, തുടങ്ങിയ ശില്പങ്ങളാലും സമ്പന്നമാണ് പാരീസിലെ ലൂവ് മ്യൂസിയം. കഴിഞ്ഞ തിങ്കളാഴ്ച മ്യൂസിയത്തിന് മുന്നിലെ ഐ എം പെയിയുടെ ഗ്ലാസ് പിരമിഡിന് മുന്നില്‍ പോലും മണിക്കൂറുകളോളം ഒരു അടി പോലും നീങ്ങാന്‍ കഴിയാതെ സന്ദര്‍ശകരുടെ നീണ്ട വരികൾ കിടന്നു. ഇതിലെ വലിയ പിരമിഡ് വഴിയാണ് സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിന് അകത്ത് കടക്കാന്‍ കഴിയുക. ഇതോടെ ഗാലറി അറ്റൻഡർമാർ, ടിക്കറ്റ് ഏജന്‍റുമാർ, സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള മ്യൂസിയത്തിലെ ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ ജോലിക്ക് കയറാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തങ്ങൾക്ക് സുരക്ഷിതത്വത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമല്ല നിലവിൽ മ്യൂസിയത്തിലുള്ളതെന്നാണ് ജീവനക്കാര്‍ പരാതിപ്പെട്ടത്.

 

 

കഴിഞ്ഞ വർഷം 87 ലക്ഷത്തിലധികം സന്ദർശകരാണ് ലൂവ് മ്യൂസിയത്തിലെത്തിയത്. എന്നാല്‍, ഇത്രയേറെ ആളുകളെത്തുന്ന മ്യൂസിയത്തില്‍ അതിന് അവശ്യമായ വിശ്രമ കേന്ദ്രങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഓരോ ദിവസവും എത്തിച്ചേരുന്ന പതിനായിരക്കണക്കിന് സന്ദര്‍ശകരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും മ്യൂസിയത്തിലില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ലൂവ് മ്യൂസിയം കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ ഇനി വാട്ട‍പ്രൂഫ് ആയിരിക്കില്ലെന്നും ഇത് താപനിലയില്‍ വലിയ ഏറ്റക്കുറച്ചിലിനും അത് വഴി കലാസൃഷ്ടികളുടെ നാശത്തിനും കാരണമാക്കുമെന്നും ലൂവ്രെ പ്രസിഡന്‍റ് ലോറൻസ് ഡെസ് കാർസ് മുന്നറിയിപ്പ് നൽകി. ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇപ്പോൾ അനുഭവപ്പെടുന്നത് ഒരു ശാരീരിക പരീക്ഷണമാണെന്ന് അവര്‍ തന്‍റെ വാര്‍ത്താ കുറിപ്പില്‍ വിശേഷിപ്പിച്ചതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ലൂവ് മ്യൂസിയം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ 10 വര്‍ഷം നീളുന്ന ഒരു പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'ലൂവ് ന്യൂ റിനൈസന്‍സ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം മോണലിസയുടെ ചിത്രം കാണാന്‍ പുതിയൊരു പ്രവേശന കവാടം തുറന്നു. ഇതിലൂടെ 20,000 സന്ദര്‍ശകരാണ് പ്രതിദിനം ചിത്രം കാണാനായി എത്തുന്നത്. പദ്ധതി പ്രകാരം ദീര്‍ഘകാലത്തേക്ക് മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ആവകാശപ്പെടുന്നുണ്ടെങ്കിലും ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതില്‍ പദ്ധതി പരാജയപ്പെടുന്നതായി ആരോപണം ഉയര്‍ന്നു. മക്രോണ്‍ പുതിയ പുതിയ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക മാത്രമാണെന്നും അത് പ്രശ്നം പരിഹരിക്കുന്നില്ലെന്നും ജീവനക്കാരും ആരോപിക്കുന്നു. അതേസമയം കഴിഞ്ഞ 10 വര്‍ഷത്തിനിടെ മ്യൂസിയത്തിന് ലഭിച്ചിരുന്ന സര്‍ക്കാര്‍ സബ്സിഡികളില്‍ 20 ശതമാനത്തിലധികം കുറഞ്ഞുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, ഓരോദിവസവും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാതെ ഏങ്ങനെ സുരക്ഷിതമായി ജോലി ചെയ്യുമെന്ന് ജീവനക്കാരും ചോദിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!