അജ്ഞാതനായ കലാകാരൻ 'ബാൻസ്കി'യെ തിരിച്ചറിഞ്ഞു, വ‍ർഷങ്ങൾ നീണ്ട അന്വേഷണം

Published : Mar 17, 2026, 04:08 PM IST
Bansky Robin Gunningham

Synopsis

പതിറ്റാണ്ടുകളായി അജ്ഞാതനായിരുന്ന കലാകാരൻ ബാൻസ്കിയെ റോയിട്ടേഴ്സ് റിപ്പോർട്ട് തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള റോബിൻ ഗണ്ണിംഗ്ഹാം ആണ് ബാൻസ്കിയെന്ന് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുക്രൈനിലെ ചുവർചിത്രവും പഴയ കോടതി രേഖകളും നിർണായക തെളിവുകളായെങ്കിലും, ഗണ്ണിംഗ്ഹാം ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ടിഞ്ഞാറൻ ലോകത്തിലെ അജ്ഞാതനായ കലാകാരൻ ബാൻസ്കിയെ ഒടുവിൽ തിരിച്ചറിഞ്ഞു. ഭരണകൂടങ്ങളെ അസ്വസ്ഥമാക്കിയ, തെരുവുകളിൽ പ്രത്യക്ഷപ്പെടുന്ന സ്റ്റെന്‍സിൽ ആ‍ർട്ടിന് പിന്നിൽ ആര് എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരമായിരിക്കുന്നു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള 51 വയസ്സുള്ള റോബിൻ ഗണ്ണിംഗ്ഹാം. അതാണ് ബാങ്ക്സിയുടെ യഥാർത്ഥ പേര്.

റോബിൻ ഗണ്ണിംഗ്ഹാം

പതിറ്റാണ്ടുകളായി, ബാൻസ്കി ലോകത്തിന് അജ്ഞാതനായിരുന്നു. അദ്ദേഹത്തിന്‍റെ തെരുവ് ചിത്രങ്ങൾ ദശലക്ഷക്കണക്കിന് ഡോളറുകൾക്കാണ് പലപ്പോഴും വിറ്റ് പോയിരുന്നത്. അജ്ഞാനായി ഇരുന്ന് കൊണ്ട് ബാൻസ്കി വരച്ച ചിത്രങ്ങൾ ചിത്രകലാലോകത്ത് സ്വന്തമായൊരു സാമ്രാജ്യം തന്നെ തീർത്തു. റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ബാൻസ്കിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള 51 വയസ്സുള്ള റോബിൻ ഗണ്ണിംഗ്ഹാം ആണ് ബാൻസ്കി എന്ന അ‌ജ്ഞാതനായ ആ ചിത്രകാരനെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2008 ൽ, ഗണ്ണിംഗ്ഹാം നിയമപരമായി തന്‍റെ പേര് ഡേവിഡ് ജോൺസ് എന്ന് മാറ്റിയിരുന്നു. ഈ പേര് ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ്. ഈ പേര് മാറ്റം അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ സഹായിച്ചെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വർഷങ്ങളുടെ അന്വേഷണം

നിരവധി വർഷത്തെ അന്വേഷണത്തിനൊടുവിലാണ് റോബിൻ ഗണ്ണിംഗ്ഹാമാണ് ബാൻസ്കി എന്ന അജ്ഞാതനായ കലാകാരനെന്ന് റോയിറ്റേഴ്സ് തിരിച്ചറിഞ്ഞത്. 2022 അവസാനത്തിൽ, മൂന്ന് പേർ യുക്രൈനിലെ ഹൊറെങ്കയിലെ ബോംബാക്രമണത്തിൽ തകർന്ന ഒരു കെട്ടിടത്തിൽ എത്തി. ഒരാൾ ചാരനിറത്തിലുള്ള ഹൂഡിയും ഒരാൾ ബേസ്ബോൾ തൊപ്പിയും ധരിച്ചിരുന്നു, മൂന്നാമൻ, പ്രശസ്ത ഫോട്ടോഗ്രാഫറായ ഗൈൽസ് ഡ്യൂലി, അദ്ദേഹം തന്‍റെ കൃത്രിമ കൈകാലുകളിലാണ് നടന്നത്. തകർന്ന ചുമരിൽ അവർ ഒരുമിച്ച് ഒരു ബാത്ത് ടബ്ബിൽ ഒരു മനുഷ്യന്‍റെ ചുവർചിത്രം വരച്ചു. ആ ചിത്രം ബാൻസ്കി ആരെന്ന അന്വേഷണത്തിന്‍റെ തുടക്കം കുറിച്ചു.

 

 

പലരിൽ തുടങ്ങിയ സംശയം

'മിസ്റ്റർ ബ്രെയിൻ വാഷ്' എന്നറിയപ്പെടുന്ന കലാകാരൻ തിയറി ഗ്വെറ്റ, ബ്രിട്ടീഷ് ബാൻഡ് മാസിവ് അറ്റാക്കിന്‍റെ മുൻനിരക്കാരനായ റോബർട്ട് ഡെൽ നജ, റോബിൻ ഗണ്ണിംഗ്ഹാം എന്നിവരെയെല്ലാം സംശയിച്ചു. പ്രദേശവാസികൾ ഡെൽ നജയാണ് എത്തിയതെന്ന് അവകാശപ്പെട്ടു. അന്വേഷണത്തിൽ ചുവർച്ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് ഡെൽ നജയും ഡ്യൂലിയും യുക്രൈയ്നിൽ എത്തിയതിന് അന്വേഷകർക്ക് തെളിവ് ലഭിച്ചു. പക്ഷേ, അതൊരു അവസാന തീർപ്പായിരുന്നില്ല.

ബിൽബോർഡ് കേസ്

ബാങ്ക്സിയുടെ മുൻ മാനേജർ സ്റ്റീവ് ലസാരിഡ്സ്, ചിത്രങ്ങളുടെ പിന്നണിയിലെ ഫോട്ടോകൾ അടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. റോയിട്ടേഴ്‌സ് ആ ചിത്രങ്ങൾ വിശകലനം ചെയ്തു. 2000 സെപ്റ്റംബറിൽ ന്യൂയോർക്കിൽ ഒരു ഫാഷൻ ബിൽബോർഡ് നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച് ഒരു കേസ് റോയിറ്റേഴ്സിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ആ കേസിൽ ഉൾപ്പെട്ടിരുന്നത് റോബിൻ ഗണ്ണിംഗ്ഹാം ആയിരുന്നെന്ന് കോടതി രേഖകൾ തെളിവ് നൽകി. ഇതിനിടെ ബാൻസ്കി എന്ന അജ്ഞാതനായ കലാകാരൻ റോബിൻ ഗണ്ണിംഗ്ഹാം ആണെന്ന് 2008 -ൽ മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒറ്റ തെളിവ് മാത്രമല്ല പല തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോയ്റ്റേഴ്സിന്‍റെ വെളിപ്പെടുത്തലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

പ്രതികരിക്കാതെ റോബിൻ ഗണ്ണിംഗ്ഹാം

അതേസമയം ലണ്ടൻ മുതൽ ലോസ് ഏഞ്ചൽസ് വരെയുള്ള തെരുവുകളിൽ ചിത്രങ്ങൾ വരച്ച, നിലവിലെ എല്ലാ ലേല റിക്കോർഡുകളും തകർത്ത ചിത്രങ്ങ വിറ്റിരുന്ന ബാൻസ്കി ഒരിക്കലും തന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയിരുന്നില്ല. ബാന്‍സ്കിയോ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നവരോ അത് വെളിപ്പെടുത്തിയില്ല. മെയിൽ ഓൺ സൺഡേ റോബിൻ ഗണ്ണിംഗ്ഹാമാണ് ബാൻസ്കിയെന്ന് റിപ്പോര്‍ട്ട് ചെയ്ത അതേ വ‍ർഷം തന്നെ അദ്ദേഹം തന്‍റെ പേര് ഔദ്ധ്യോഗികമായി മാറ്റി. ഇതോടെ അദ്ദേഹം വീണ്ടും അജ്ഞാതനായി തുടർന്നു. റോയിറ്റേഴ്സിന്‍റെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബാൻസ്കി എന്ന ആ അജ്ഞാത കലാകാരനെ ലോകം തിരിച്ചറിഞ്ഞു. പക്ഷേ. അപ്പോഴും പുറത്ത് വന്ന വാർത്തകളോട് റോബിൻ ഗണ്ണിംഗ്ഹാമോ അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

'പ്രിയപ്പെട്ട ക്ലിന്‍റിന്, സ്നേഹപൂർവ്വം'; ഒടുവിൽ 43 വർഷങ്ങൾക്ക് ശേഷം ക്ലിൻറിന് ഒരു ഗ്യാലറി ഒരുങ്ങുന്നു
മൗനം മൊഴിയാകുമ്പോൾ: ബിനാലെയിൽ കൈകൾ വിരിയിച്ച വിസ്മയക്കാഴ്ചകൾ