കൊറോണ ഭയം; ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി

By Web TeamFirst Published Feb 29, 2020, 2:24 PM IST
Highlights

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമാണ് ജനീവ  അന്താരാഷ്‍ട്ര മോട്ടോര്‍ ഷോ. മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ നടത്താനിരുന്ന മോട്ടോര്‍ ഷോയുടെ 90-ാമത് എഡീഷനാണ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. 

ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം ഒരുക്കുന്നതിന് മുന്നോടിയായ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ മാധ്യമങ്ങള്‍ക്കായുള്ള വാഹന പ്രദര്‍ശനം ആരംഭിക്കേണ്ടതായിരുന്നു. 

മോട്ടോര്‍ ഷോ തുടരുമെന്നു തന്നെയാണ് തുടക്കത്തില്‍ സംഘാടകര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അവസാനം ഈ വര്‍ഷത്തെ മോട്ടോര്‍ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവന്റ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെയ്ക്കാനും സംഘാടകര്‍ തയ്യാറായില്ല. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 1000 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. 

ഷോ സംഘടിപ്പിക്കുന്നതില്‍ നിരവധി കമ്പനികള്‍ ആശങ്കയുമായി രംഗത്തെത്തിയിരുന്നു. ഓഡിയോ കമ്പനിയായ ഹാര്‍മന്‍ മോട്ടോര്‍ ഷോയിലെ തങ്ങളുടെ പവിലിയന്‍ ഉപേക്ഷിച്ചിരുന്നു. ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ബൈട്ടണും പിന്‍മാറ്റ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.

മാര്‍ച്ച് 15 വരെ വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചാണ് വെള്ളിയാഴ്ച്ച രാവിലെ സ്വിസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആയിരം പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന വലിയ ഇവന്റുകളാണ് നിരോധിച്ചത്. നിരോധനം അടിയന്തരമായി പ്രാബല്യത്തില്‍വന്നു. 

പൊതുജനാരോഗ്യം കണക്കിലെടുത്ത് ഷോ റദ്ദാക്കുകയാണെന്നും ഇതില്‍ അതിയായ ഖേദമുണ്ടെന്നും പങ്കെടുക്കാനെത്തിയ വാഹനനിര്‍മാതാക്കള്‍ക്ക് ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്ന് അറിയാമെന്നും അവരെ സാഹചര്യം മനസിലാക്കി നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഓട്ടോമോട്ടീവ് കലണ്ടറിലെ ഏറ്റവും വലിയ ഇവന്റായ ജനീവ മോട്ടോര്‍ ഷോ കാണാന്‍ 2019ല്‍ ആറ് ലക്ഷത്തിലധികം പേരാണ് എത്തിയത്.  

click me!