ഐ10 നിയോസ് ടര്‍ബോയുമായി ഹ്യുണ്ടായി

By Web TeamFirst Published Feb 29, 2020, 12:04 PM IST
Highlights

ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ് 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ നല്‍കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

ഗ്രാന്‍ഡ് ഐ10 നിയോസ് 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ നല്‍കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് (ഡുവല്‍ ടോണ്‍) എന്നീ രണ്ട് വേരിയന്റുകളില്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ലഭിക്കും. യഥാക്രമം 7.68 ലക്ഷം, 7.73 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

ബിഎസ് 6 പാലിക്കുന്ന 998 സിസി, 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി പരമാവധി കരുത്തും 1,500-4,000 ആര്‍പിഎമ്മില്‍ 172 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

കാഴ്ച്ചയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ഗ്രില്ലില്‍ ടര്‍ബോ എന്ന ബാഡ്ജ് ഇപ്പോള്‍ കാണാം.കറുത്ത റൂഫ് സഹിതം ഫിയറി റെഡ്, കറുത്ത റൂഫ് സഹിതം പോളാര്‍ വൈറ്റ് എന്നീ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും അക്വാ ടീല്‍, പോളാര്‍ വൈറ്റ് എന്നീ സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലുമാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ലഭിക്കുന്നത്.

പുതിയ രണ്ട് വേരിയന്റുകളുടെ സ്ഥാനം റെഗുലര്‍ സ്‌പോര്‍ട്‌സ് വേരിയന്റിനും ആസ്റ്റ എന്ന ടോപ് എന്‍ഡ് വേരിയന്റിനും ഇടയിലാണ്. റെഗുലര്‍ സ്‌പോര്‍ട്‌സ് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍, കളര്‍ ഇന്‍സെര്‍ട്ടുകള്‍ സഹിതം പൂര്‍ണമായും കറുത്ത ഇന്റീരിയര്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വളയം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മുന്നില്‍ യുഎസ്ബി ചാര്‍ജര്‍ എന്നിവ ടര്‍ബോ വേര്‍ഷനിലെ അധിക സവിശേഷതകളാണ്.

2019 ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടേയ് പുറത്തിറക്കിയത്. ദ അത്‌ലറ്റിക്ക് മിലേനിയല്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.2 ലീറ്റര്‍, പെട്രോള്‍ എന്‍ജിനും 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഐ 10 നിയോസില്‍ ഉള്ളത്.

പെട്രോള്‍ എന്‍ജിന് 83 പിഎസ് കരുത്തും 11.6 കെജിഎം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 75 പിഎസ് കരുത്തും 19.4 എന്‍എം ടോര്‍ക്കുമുണ്ട്. ഇരു എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എഎംടി ഗിയര്‍ബോക്‌സുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 20.7 മൈലേജും ഡീസല്‍ മോഡലിന്  ലീറ്ററിന് 26.2 മൈലേജുമാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.  

click me!