ഇന്ത്യയില്‍ 50,000 തികച്ച് ചൈനീസ് കമ്പനിയുടെ ഈ മോഡല്‍, ഉണ്ടാക്കിയത് വനിതകള്‍

By Web TeamFirst Published Feb 26, 2021, 11:18 PM IST
Highlights

ഗുജറാത്തിലെ വഡോദരയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ നിന്ന് വനിതാ ജീവനക്കാരാണ് ആദ്യം മുതല്‍ അവസാനം വരെ ഉല്‍പാദനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് എന്നാണ്...

അഹമ്മദാബാദ്: ചൈനീസ് വാഹന ഭീമനായ SAICന്‍റെ കീഴിലുള്ള ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയുടെ ജനപ്രീയ മോഡലാണ് ഹെക്ടര്‍. വാഹനത്തിന്‍റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടതായി വ്യക്തമാക്കിയിരിക്കുകയാണ് എംജി മോട്ടോര്‍. നാഴികക്കല്ല് തികച്ച 50000-ാമത്തെ ഹെക്ടറിന് ഒരു പ്രത്യേകതയുണ്ടെന്നാണ് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. എംജി മോട്ടോഴ്‍സിലെ വനിത ജീവനക്കാരാണ് നാഴികക്കല്ലായ ഈ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ നിന്ന് വനിതാ ജീവനക്കാരാണ് ആദ്യം മുതല്‍ അവസാനം വരെ ഉല്‍പാദനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ വീഡിയോയും കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വാഹനത്തിന്‍റെ വെല്‍ഡിംഗ്, ഷീറ്റ് മെറ്റല്‍, പെയിന്റിംഗ് ജോലികള്‍, പ്രൊഡക്ഷന്‍-പോസ്റ്റ് ടെസ്റ്റ് റണ്‍സ് എന്നിവ ഉള്‍പ്പടെ എല്ലാം ചെയ്‍തിരിക്കുന്നത് വനിതാ ജീവനക്കാര്‍ തന്നെയാണെന്നാണ് എംജി പറയുന്നത്. വിവിധ വര്‍ക്ക്ഷോപ്പുകള്‍ക്കായി ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് (AGV), റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (RPA) എന്നിവ നിർമാണശാലയിൽ ഉണ്ട്. പ്ലാന്‍റിലെ എല്ലാ മേഖലകളിലും വനിതാ തൊഴിലാളികള്‍ സജീവമാണെന്ന് കമ്പനി പറയുന്നു. പുരോഗമന ബ്രാന്‍ഡാണ് എംജിയെന്നും കമ്പനിയില്‍ 50 ശതമാനം ലിംഗവൈവിധ്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാത്രമല്ല, വിവിധ സംരംഭങ്ങളിലൂടെ നിരവധി വനിതാ സഹകാരികളെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിയമിച്ചിട്ടുണ്ടെന്നും എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനിയുടെ വരവ്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS എന്നിവയാണ് എം.ജിയുടെ വാഹനനിര.

ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഹെക്ടര്‍ ഇറങ്ങുന്നത്. അടുത്തിടെ ഹെക്ടറും ഹെക്ടര്‍ പ്ലസും മുഖം മിനുക്കുകയും ഒപ്പം ഏഴ് സീറ്റുകളിലായി പുതിയ ഹെക്ടര്‍ പ്ലസും കമ്പനി അവതരിപ്പിച്ചിരുന്നു. റെഗുലര്‍ ഹെക്ടറിന് 12.89 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയും ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസിന് 15.99 ലക്ഷം മുതല്‍ 19.12  ലക്ഷം രൂപ വരെയും, ഏഴ് സീറ്റര്‍ പതിപ്പിന് 13.34 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയുമാണ് എക്‌സ് ‌ഷോറൂം വില. ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ ഹെക്ടര്‍ പ്ലസിനെ 2020 ജൂലൈയിലാണ് എംജി ആദ്യം വിപണിയില്‍ അവതരിപ്പിക്കുന്നത്. ഹെക്ടറിന്‍റെ ജനപ്രിയത കണ്ടായിരുന്നു ആറ് സീറ്റുള്ള ഹെക്ടര്‍ പ്ലസുമായി കമ്പനിയുടെ വരവ്. ഈ ഹെക്ടര്‍ പ്ലസിനാണ് ഏഴുസീറ്റുകള്‍ നല്‍കി വീണ്ടും വലിപ്പം കൂട്ടിയത്. 
 

click me!