അപ്രീലിയ ആര്‍എസ് 660, ടുവാനോ 660 ബുക്കിംഗ് ആരംഭിച്ചു

By Web TeamFirst Published Feb 26, 2021, 9:30 PM IST
Highlights

 ഈ വര്‍ഷം രണ്ടാം പാദത്തില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍...

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ അടുത്തിടെയാണ് ആര്‍എസ് 660, അപ്രീലിയ ടുവാനോ 660 എന്നീ മിഡില്‍ വെയ്റ്റ് പെര്‍ഫോമന്‍സ് മോഡലുകളെ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇന്ത്യയില്‍ അപ്രീലിയ ഈ ബൈക്കുകളുടെ പ്രീ ലോഞ്ച് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യം അപ്രീലിയയുടെ മാതൃ കമ്പനിയായ പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ആന്‍ഡ് എംഡി ഡിയാഗോ ഗ്രാഫി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രീലിയ ആര്‍എസ് 660, അപ്രീലിയ ടുവാനോ 660 മോട്ടോര്‍സൈക്കിളുകളില്‍ നിരവധി ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍ നല്‍കി. സിക്‌സ് ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു), അപ്രീലിയ ട്രാക്ഷന്‍ കണ്‍ട്രോള്‍, അപ്രീലിയ വീലി കണ്‍ട്രോള്‍, അപ്രീലിയ എന്‍ജിന്‍ ബ്രേക്ക്, അപ്രീലിയ ക്രൂസ് കണ്‍ട്രോള്‍, 5 റൈഡിംഗ് മോഡുകള്‍ എന്നിവയാണ് ലഭിച്ചത്. അഞ്ച് റൈഡിംഗ് മോഡുകളില്‍ മൂന്നെണ്ണം നിരത്തുകളിലെ റൈഡിംഗ് സമയങ്ങളിലും മറ്റ് രണ്ടെണ്ണം ട്രാക്കുകളിലും ഉപയോഗിക്കാന്‍ കഴിയും.

5 ഇഞ്ച് ടിഎഫ്ടി സ്പ്ലിറ്റ് സ്‌ക്രീന്‍ ലേഔട്ട് ഇരു മോഡലുകളിലും സവിശേഷതയാണ്. മോട്ടോര്‍സൈക്കിളിലെ എല്ലാ ഇലക്ട്രോണിക് എയ്ഡുകളും ഇതുവഴി നിയന്ത്രിക്കാന്‍ സാധിക്കും. ഹാന്‍ഡില്‍ബാറില്‍ സ്വിച്ച്ഗിയര്‍ നല്‍കി. പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ പെയര്‍ ചെയ്യാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രീലിയ ആര്‍എസ് 660, ടുവാനോ 660 എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകളും 660 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. അതേസമയം, രണ്ട് ബൈക്കുകളിലെയും എന്‍ജിനുകള്‍ വ്യത്യസ്തമായി ട്യൂണ്‍ ചെയ്തു. ആര്‍എസ് 660 മോട്ടോര്‍സൈക്കിളാണ് കൂടുതല്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നത്. അപ്രീലിയ ആര്‍എസ് 660 മോട്ടോര്‍സൈക്കിളിലെ എന്‍ജിന്‍ 10,500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്‍പിഎമ്മില്‍ 67 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി നല്‍കി. അപ്രീലിയ ടുവാനോ 660 ഉപയോഗിക്കുന്നത് 10,500 ആര്‍പിഎമ്മില്‍ 95 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്‍പിഎമ്മില്‍ 67 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുംവിധം ട്യൂണ്‍ ചെയ്ത എന്‍ജിന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!