Latest Videos

"കൊടുകൈ..." ; മൂന്നു വര്‍ഷത്തെ സൈനികസേവനം കഴിയുന്നവര്‍ക്ക് ജോലി നല്‍കുമെന്ന്‌ മഹീന്ദ്ര!

By Web TeamFirst Published May 16, 2020, 2:16 PM IST
Highlights

ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് അതിനുശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പേരില്‍ സാധാരണ ജനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ സൈനിക സേവനത്തിനുള്ള അവസരം ഒരുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് കരസേന അറിയിച്ചത്. സൈനികസേവനം സ്ഥിരം ജോലിയാക്കാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ സൈനികജീവിതത്തിന്റെ സാഹസികതയും മറ്റും ആഗ്രഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി. 

ഈ ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനത്തെ സ്വാഗതം ചെയ്‍തിരിക്കുകയാണ് രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് അതിനുശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 

സാധാരണ ജനങ്ങളെ താത്കാലികമായി സൈന്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് ആര്‍മിയിലെ സൈനിക ജോലിയും ഓഫീസ് ജോലിയും സംബന്ധിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  സൈന്യത്തില്‍ ചേരുന്നതിനുള്ള മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള നിയമനം ആയതിനാല്‍ തന്നെ ഈ സേവനത്തിനുശേഷം ഏത് മേഖലയില്‍ ജോലി ചെയ്യാനും അവര്‍ക്ക് തികഞ്ഞ അച്ചടക്കമുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും കരസേന യുവാക്കള്‍ക്ക് ഈ അവസരം ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മൂന്നു വര്‍ഷം സൈനികര്‍ക്കൊപ്പം സേവനം അനുഷ്ഠിക്കുന്നവരെ മഹീന്ദ്രയുടെ ഭാഗമാക്കുമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. 

ടൂര്‍ ഓഫ് ഡ്യൂട്ടി സൈനികജീവിതത്തിന്റെ സാഹസികതയും മറ്റും ആഗ്രഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം യുവാക്കളില്‍ രാജ്യസ്‌നേഹവും ദേശീയബോധവും വളര്‍ത്താന്‍ സഹായിക്കുമെന്നുമാണ് സൈന്യം പറയുന്നത്. സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കളില്‍ ഉത്തരവാദിത്തം, ആത്മവിശ്വാസം തുടങ്ങിയവ കൂടുമെന്നും ഇതു പിന്നീട് കോര്‍പ്പറേറ്റ് മേഖലകളില്‍ ജോലി ലഭിക്കാന്‍ സഹായിക്കുമെന്നുമാണ് സൈന്യത്തിന്‍റെ അവകാശവാദം. 

click me!