ഈ വണ്ടിക്കമ്പനി മുതലാളിയില്‍ നിന്ന് താൻ പഠിച്ച പാഠം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര!

By Web TeamFirst Published Nov 5, 2021, 11:13 PM IST
Highlights

ടെസ്‌ല സിഇഒ ഇലോൺ മസ്‌കിൽ നിന്ന് താൻ പഠിച്ച പാഠം പങ്കുവെച്ചിരിക്കുകയാണ്​ ആനന്ദ് മഹീന്ദ്ര

ഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര (Anand Mahindra), ഇവി ലോകത്ത് അമേരിക്കന്‍ (USA) ടെസ്‌ലയുടെ (Tesla) ആധിപത്യത്തെക്കുറിച്ചും അതിന്റെ സിഇഒ എലോൺ മസ്‌കിന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും ട്വിറ്ററില്‍ കുറിച്ചതാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ടെസ്‌ല സിഇഒ ഇലോൺ മസ്‌കിൽ നിന്ന് താൻ പഠിച്ച ഒരു പാഠം പങ്കുവെച്ചിരിക്കുകയാണ് താനെന്ന്​ ആനന്ദ് മഹീന്ദ്ര കുറിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇ.വി ലോകത്ത് ടെസ്‌ലയുടെ ആധിപത്യത്തെയും ഇലോൺ മസ്‌കിന്റെ സ്ഥിരോത്സാഹത്തെയും ആനന്ദ്​ മഹീന്ദ്ര പ്രശംസിച്ചിട്ടുമുണ്ട്​​. മസ്​ക്​ തന്നെ പഠിപ്പിച്ച ഏറ്റവുംവലിയ പാഠം 'ഒരിക്കലും തോൽക്കരുത്'​ എന്നതാണെന്ന്​ ആനന്ദ്​ മഹീന്ദ്ര പറയുന്നു.

'മൂന്ന്​ വർഷങ്ങൾക്കുമുമ്പ്​ ഇലോൺ മസ്​കിന്​ ധൈര്യം പകരുന്ന ഒരു സന്ദേശം അയക്കണമെന്ന്​ ഞാൻ വിശ്വസിച്ചിരുന്നു. അന്ന്​ അദ്ദേഹം നിരാശനും മോശമായതെന്തോ വരാനുണ്ടെന്ന്​ വിശ്വസിക്കുന്നയാളുമായിരുന്നു. എന്നാലിപ്പോൾ 300 ബില്യൺ ഡോളർ സമ്പത്തുമായി ലോകത്തെ ഏതൊരു സമ്പന്നനേക്കാളും മുന്നിലാണ്​ അദ്ദേഹം. ഇതിലെ പാഠം ഒരിക്കലും തോൽക്കരുത്​, നിങ്ങളെപറ്റി ആത്മവിശ്വാസം ഉള്ളവരാവുക എന്നതാണ്​'-ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

മൂന്ന്​ വർഷം മുമ്പ്​ ടെസ്​ല പ്രതിസന്ധി നേരിട്ടപ്പോൾ ആനന്ദ്​ മഹീന്ദ്ര മസ്‍കിനായി കുറിച്ച​ ആശ്വാസ വാക്കുകൾ ഇങ്ങനെയായിരുന്നു: 'പിടിച്ചുനിൽക്കുക ഇലോൺ മസ്​ക്​. നിങ്ങ​ളെപ്പോലുള്ള പ്രചോദനം നൽകുന്ന നവീകരണ വാദികൾ ആവശ്യമാണ്​' ഈ കുറിപ്പിനെ ഓര്‍മ്മിപ്പിച്ച് മഹീന്ദ്ര ഇപ്പോള്‍ ഉറപ്പിച്ചു പറയുന്നു: "ഇതാണ് പാഠം, ഒരിക്കലും തോല്‍ക്കരുത്. നിങ്ങളിൽ സ്വയം വിശ്വസിക്കുക."

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഓഹരികൾ അടുത്ത കാലത്തായി കുതിച്ചുയരുകയാണ്. ഇത് സിഇഒ എലോൺ മസ്‌കിന്റെ സമ്പത്ത് എക്കാലത്തെയും ഉയരത്തിലെത്താൻ സഹായിച്ചു.  ടെസ്‌ലയുടെ കുതിച്ചുയരുന്ന ഓഹരി വിലകളും സമ്പത്തും മുകേഷ് അംബാനിയുടെ മൂന്നിരട്ടി സമ്പത്ത്​ ഉള്ളയാളായി മസ്​കിനെ മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച ആദ്യം, ടെസ്‌ലയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഒരു ട്രില്യൺ ഡോളർ പിന്നിട്ടു. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ് പോലുള്ള ബ്രാൻഡുകളുള്ള എലൈറ്റ് ക്ലബിൽ ചേരുന്ന ആദ്യത്തെ കാർ നിർമ്മാതാവായും ഇതോടെ ടെസ്​ല മാറി.

അടുത്തിടെ ഇന്ത്യയിലും ടെസ്​ല പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ കമ്പനി ഉടൻ പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഇന്ത്യയിലെ ഉയർന്ന നികുതി കുറക്കണമെന്നും മസ്​ക്​ മോദി സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ഇവികൾ ഇവിടെ നിരത്തിലിറങ്ങാനുള്ള ഗ്രൗണ്ടുകൾ ഒരുക്കുന്ന തിരക്കിലായതിനാൽ ടെസ്‌ല തങ്ങളുടെ ഏറെ ആവശ്യപ്പെടുന്ന ഇലക്ട്രിക് കാറുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!