ഇനിയില്ല; ഈ ബജാജ് ഡിസ്‌കവറുകള്‍ നിരത്തൊഴിയുന്നു

By Web TeamFirst Published Apr 6, 2020, 9:31 AM IST
Highlights

വില്‍പ്പനയിലെ ഇടിവാണ് ഈ മോഡലുകളെ പിന്‍വലിക്കാന്‍ കാരണം 

രാജ്യത്തെ കമ്മ്യൂട്ടര്‍ ബൈക്കുകളിലെ ജനപ്രിയ മോഡലുകളാണ് ബജാജിന്‍റെ ഡിസ്‌കവര്‍ ശ്രേണി. ഇതില്‍ സാധാരാണക്കാരന് ഏറെ പ്രിയപ്പെട്ട 110 സിസി, 125 സിസി എന്‍ജിന്‍ ഡിസ്‍കവറുകള്‍ നിരത്തൊഴിയുകയാണ്. വില്‍പ്പനയിലെ ഇടിവാണ് ഈ മോഡലുകളെ പിന്‍വലിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2004ലാണ് ആദ്യ ഡിസ്‍കവര്‍ മോഡല്‍ ബജാജ് പുറത്തിറക്കുന്നത്.  125 സിസി ബൈക്കിലൂടെയായിരുന്നു ഡിസ്‌കവര്‍ മോഡലുകളുടെ അരങ്ങേറ്റം. ഇതിനുപിന്നാലെ 100 സിസി, 135 സിസി, 150 സിസി ഡിസ്‌കവറുകളും എത്തി. 

ഇതില്‍ ഏറ്റവും പഴക്കമുള്ള മോഡലുകളായ 110 സിസി, 125 സിസി എന്‍ജിന്‍ ബൈക്കുകളാണ് ഇപ്പോള്‍ നിരത്തൊഴിയുന്നത്. കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ഡിമാന്റ് കുറഞ്ഞതും ഇന്ത്യയിലെ വാഹനങ്ങള്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് ഈ രണ്ട് മോഡലുകളുടേയും ഉത്പാദനം അവസാനിപ്പിച്ചിരിക്കുന്നത്.  ഭാവിയില്‍ മുഴുവന്‍ ഡിസ്‍കവര്‍ മോഡലുകളുടെയും ഉല്‍പ്പാദനവും കമ്പനി നിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഡിസ്‌കവര്‍ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലായ 100 സിസി ബൈക്ക് മുമ്പുതന്നെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു. ബജാജിന് സംഭവിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു 100 സിസി ഡിസ്‍കവര്‍ എന്നായിരുന്നു ഈ ബൈക്കിനെ കുറിച്ച് ബജാജ് ഓട്ടോ മാനേജിങ്ങ് ഡയറക്ടറായ രാജീവ് ബജാജ് തന്നെ മുമ്പ് അഭിപ്രായപ്പെട്ടത്. 

125 സിസിയില്‍ പുറത്തിറക്കിയ ഡിസ്‌കവര്‍ വന്‍ വിജയമായിരുന്നുവെന്നും ഈ കുതിപ്പ് തുടരാനായാണ് 100 സിസി ഡിസ്‌കവര്‍ പുറത്തിറക്കിയതെന്നും എന്നാല്‍ ഈ തീരുമാനം വന്‍ തിരിച്ചടിയാണ് കമ്പനിക്ക് ഉണ്ടാക്കിയതെന്നും ആയിരുന്നു അന്ന് രാജീവ് ബജാജ് തുറന്നു പറഞ്ഞത്. 

ബിഎസ്-6 എന്‍ജിനിലേക്ക് വരുന്നതോടെ പ്ലാറ്റിന ആയിരിക്കും ബജാജിന്റെ എന്‍ട്രിലെവല്‍ ബൈക്ക്. ഈ ശ്രേണിയില്‍ ബജാജ് സിടി, പ്ലാറ്റിന എന്നീ മോഡലുകളുടെ വില്‍പ്പനയില്‍ കാര്യമായി ശ്രദ്ധിക്കാനാകും ഇനി കമ്പനി ശ്രമിക്കുക.

click me!