കൊവിഡ് പ്രതിരോധം, സഹായവുമായി ബജാജ്

By Web TeamFirst Published May 6, 2021, 11:20 PM IST
Highlights

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധന സഹായം പ്രഖ്യാപിച്ച് ബജാജ് ഗ്രൂപ്പ്

കൊവിഡ് 19 രണ്ടാം തരംഗ ഭീഷണിയിലാണ് രാജ്യം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായ ഹസ്‍തവുമായി വാഹന നിര്‍മ്മാണ മേഖലയില്‍ നിന്നും നിരവധി കമ്പനികള്‍ മുന്നോട്ടുവരുന്നുണ്ട്. ഇപ്പോഴിതാ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധന സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ബജാജ് ഗ്രൂപ്പ്. 200 കോടി രൂപയുടെ സഹായമാണ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് പ്രതിരോധത്തിൽ നിലവിലുള്ള വെല്ലുവിളികൾ നേരിടാനും മൂന്നാം തരംഗമുണ്ടാവുന്ന പക്ഷം അതിജീവനത്തിനത്തിനായി സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതെന്നു ബജാജ് ഗ്രൂപ്പ് വിശദീകരിച്ചു.

കൊവിഡ് 19ന്‍റെ ആദ്യഘട്ടത്തില്‍, കഴിഞ്ഞ വര്‍ഷം ബജാജ് ഗ്രൂപ്പ് 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ രൂക്ഷത മുൻനിർത്തിയാണു പ്രതിരോധ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ കൂടി അനുവദിക്കുന്നതെന്നു ബജാജ് ഗ്രൂപ് ചെയർമാൻ രാഹുൽ ബജാജ് അറിയിച്ചു. നിലവിലുള്ള പദ്ധതികൾക്കു പുറമെ ഓക്സിജന്റെയും കൊവിഡ് 19 ചികിത്സയിലെ സുപ്രധാന മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കാനും മഹാമാരിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും വാക്സിനേഷൻ ത്വരിതപ്പെടുത്താനുമൊക്കെയുള്ള നടപടികളും കമ്പനി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. 

ഗ്രാമീണ, അർധനഗര മേഖലകളിലെ ആശുപത്രികൾക്കായി മിനിറ്റിൽ 5,000 ലീറ്റർ വീതം ഉൽപ്പാദനശേഷിയുള്ള 12 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ബജാജ് ഗ്രൂപ് സഹായം നൽകിയിരുന്നു. ‘കോവിഡ് 19’ ബാധിതരുടെ ചികിത്സയ്ക്കായി ഓക്സിജൻ കോൺസൻട്രേറ്റർ, വെന്റിലേറ്റർ, ബൈ പാപ്സ് തുടങ്ങിയവ ലഭ്യമാക്കാനും ഗ്രൂപ് നടപടി സ്വീകരിച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!