പുതിയ സാമ്പത്തിക വര്‍ഷം, മികച്ച തുടക്കവുമായി ബജാജ്

By Web TeamFirst Published May 6, 2021, 8:37 PM IST
Highlights

ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കംകുറിച്ച് ബജാജ് ഓട്ടോ

ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കംകുറിച്ച് ബജാജ് ഓട്ടോ.  കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തോടെയാണ് കമ്പനിയുടെ ഈ നേട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുള്‍പ്പെടെ ലോകവ്യാപകമായി  ബജാജ് 3,48,173 യൂണിറ്റുകള്‍ വിറ്റതായി മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 2,21,603 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതാണ്. 2021 ഏപ്രില്‍ 30ലെ കണക്കനുസരിച്ച് 1,10,864 കോടി രൂപയുടെ വിപണി മൂലധനത്തോടെ ലോകത്തെ ഏറ്റവും മൂല്യവത്തായ ഇരുചക്രവാഹന കമ്പനി എന്ന സ്ഥാനവും ബജാജ് ശക്തിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം രാജ്യത്തു നിന്നുള്ള മോട്ടോര്‍സൈക്കിള്‍, ത്രീ വീലര്‍ കയറ്റുമതിയില്‍ 60 ശതമാനം ബജാജിന്‍റേതായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോയുടെ കയറ്റുമതി വരുമാനം 12,687 കോടി രൂപയാണ്. 79 രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി നടത്തി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൊത്തം 18 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളിലൊന്നായി ബജാജ് മാറി.

കമ്പനിയുടെ ആഗോള വില്‍പ്പന കഴിഞ്ഞ ദശകത്തില്‍ 14 ബില്യണ്‍ യുഎസ് ഡോളര്‍ വിദേശനാണ്യം നേടി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജാജ് ഓട്ടോ ആഗോളതലത്തില്‍ 1.25 ദശലക്ഷം പള്‍സര്‍ യൂണിറ്റുകളാണ് വിറ്റത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!