നിരത്തിലെത്തി ദിവസങ്ങള്‍ക്കകം പള്‍സറിനെ വീണ്ടും പുതുക്കി ബജാജ്

By Web TeamFirst Published Jun 5, 2020, 2:30 PM IST
Highlights

എഞ്ചിന്‍ കൗള്‍ ഉള്‍പ്പെടുത്തിയാണ് കമ്പനി ബൈക്കിനെ നവീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെയാണ് രാജ്യത്തെ പ്രബല ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ബിഎസ് 6 പള്‍സര്‍ 150 നെ വിപണിയില്‍ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ വാഹനത്തെ കമ്പനി വീണ്ടും നവീകരിച്ചതായിട്ടാണ് റിപ്പോർട്ട്. എഞ്ചിന്‍ കൗള്‍ ഉള്‍പ്പെടുത്തിയാണ് കമ്പനി ബൈക്കിനെ നവീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.

എഞ്ചിന്‍ കൗള്‍ ഉള്‍പ്പെടുത്തിയതോടെ ബൈക്കിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് ലഭിച്ചേക്കും. ബൈക്കിന്റെ വിലയില്‍ കമ്പനി വര്‍ധനവൊന്നും വരുത്തിയിട്ടില്ല. 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. നിയോണ്‍ സില്‍വര്‍, നിയോണ്‍ റെഡ്, നിയോണ്‍ ലൈം ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനിലും വാഹനം ലഭ്യമാണ്.

149.5 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 2 വാല്‍വ്, സിംഗിള്‍ ഓവര്‍ഹെഡ് കാം (എസ്ഒഎച്ച്‌സി) എന്‍ജിനാണ് ബജാജ് പള്‍സര്‍ 150 മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. പുതുതായി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കിയതോടെ ട്യൂണ്‍ മാറി. ബജാജ് ഓട്ടോയുടെ സ്വന്തം റിസർച്ച് ആൻഡ് അനാലിസിസ് വിഭാഗം വികസിപ്പിച്ചെടുത്തതാണ് ഫ്യുവൽ ഇൻജെക്ഷൻ സംവിധാനം. 

ബിഎസ് 6 എന്‍ജിന്‍ നിലവിലെ അതേ 13.8 ബിഎച്ച്പി പരമാവധി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ മുമ്പ് 8,000 ആര്‍പിഎമ്മില്‍ പരമാവധി കരുത്ത് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 8,500 ആര്‍പിഎമ്മിലാണ് ലഭിക്കുന്നത്.

പരമാവധി ടോര്‍ക്ക് 13.40 ന്യൂട്ടണ്‍ മീറ്ററില്‍നിന്ന് 13.25 എന്‍എം ആയി കുറഞ്ഞു. 6,500 ആര്‍പിഎമ്മിലാണ് പരമാവധി ടോര്‍ക്ക് ലഭിക്കുന്നത്. മുമ്പ് 6,000 ആര്‍പിഎമ്മില്‍ ലഭിച്ചിരുന്നു. മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ് 5 കിലോഗ്രാം വര്‍ധിച്ചു. ഇപ്പോള്‍ 148 കിലോഗ്രാം. 

റിപ്പോർട്ട് അനുസരിച്ച് അടുത്തിടെ പള്‍സര്‍ 220, പള്‍സര്‍ RS200, പള്‍സര്‍ NS200, പള്‍സര്‍ 180F,പള്‍സര്‍ NS160, പള്‍സര്‍ 150, പള്‍സര്‍ 125 നിയോണ്‍ തുടങ്ങിയ പള്‍സര്‍ നിരയുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു.

click me!