ബെന്‍റ്ലി ഇനി സ്കോഡ ഓട്ടോയുടെ കുടക്കീഴിൽ, ഇന്ത്യയിൽ പുതിയ ഷോറൂമുകൾ

Published : Jul 08, 2025, 10:25 AM IST
Bentley Bentayga

Synopsis

സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബെന്റ്ലിയെ തങ്ങളുടെ ബ്രാൻഡ് പോർട്ട്ഫോളിയോയിൽ ചേർത്തു. ഇന്ത്യയിലെ ഇറക്കുമതി, വിതരണം, സർവ്വീസ് എന്നിവ ഇനി സ്കോഡ ഓട്ടോ കൈകാര്യം ചെയ്യും. ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ തുറക്കും.

സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) ഐക്കണിക്ക് ബ്രിട്ടീഷ് കാർ കമ്പനിയായ ബെന്റ്ലിയെ കൂടി ചേർത്തുകൊണ്ട് തങ്ങളുടെ ബ്രാൻഡ് പോർട്ട്ഫോളിയോ വിപുലീകരിച്ചു. ഇന്ത്യയിലെ ഗ്രൂപ്പിന്റെ കുടക്കീഴിലുള്ള ആറാമത്തെ ബ്രാൻഡായി ബെന്റ്ലിയെ ചേർത്തു. ഈ മാസം മുതൽ, ഇന്ത്യയിലെ ബെന്റ്ലി ആഡംബര വാഹനങ്ങളുടെ എക്സ്ക്ലൂസീവ് ഇറക്കുമതി, വിതരണം, സർവ്വീസ് എന്നീ കാര്യങ്ങൾ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൈകാര്യം ചെയ്യും. ഇതുവരെ, എക്സ്ക്ലൂസീവ് മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ബെന്റ്ലി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്.

ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇന്ത്യയിലെ ബെന്റ്ലിയുടെ എല്ലാ മാർക്കറ്റിംഗ്, വിൽപ്പന, വിൽപ്പനാനന്തര സേവനങ്ങളും ഇനി ബെന്റ്ലി ഇന്ത്യ എന്ന പുതിയ സ്ഥാപനത്തിന് കീഴിലായിരിക്കും. സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭാഗമായിരിക്കും ബെന്റ്ലി ഇന്ത്യ. ബ്രാൻഡിന്റെ ഇന്ത്യൻ തന്ത്രവും റീട്ടെയിൽ ശൃംഖലയും ഈ സ്ഥാപനം കൈകാര്യം ചെയ്യും. ബെന്റ്ലി ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് പുതുതായി നിയമിതനായ ബ്രാൻഡ് ഡയറക്ടർ ആബി തോമസ് മേൽനോട്ടം വഹിക്കും. 

ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ മൂന്ന് പുതിയ ഡീലർ പങ്കാളികളെ അവതരിപ്പിച്ചുകൊണ്ട് ബെന്റ്ലി ഇന്ത്യ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും ഒരുങ്ങുകയാണ്. ഇന്ത്യയിലെ അൾട്രാ-ഹൈ-അറ്റവർത്ത് ക്ലയന്റുകളെ ഉദ്ദേശിച്ച് ബെന്റ്ലിയുടെ പ്രശസ്തമായ ആഡംബര കാർ മോഡലുകൾ ഈ വരാനിരിക്കുന്ന ഷോറൂമുകളിൽ ലഭ്യമാകും.

ആഡംബര വാഹനങ്ങളോടുള്ള രാജ്യത്തിന്റെ അഭിനിവേശം അതിവേഗം വളരുകയാണെന്നും കുടുംബത്തിലേക്ക് ബെന്റ്ലിയെ സ്വാഗതം ചെയ്യുന്നത് ഞങ്ങളുടെ പോർട്ട്‌ഫോളിയോ പൂർത്തിയാക്കുന്ന അഭിമാനകരമായ ഒരു നാഴികക്കല്ലാണ് എന്നും സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കുള്ള ബെന്റ്ലി ബ്രാൻഡിന്റെ പ്രവേശനത്തെക്കുറിച്ച് സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു.

അതേസമയം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ ബെന്റ്ലി സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച നിലവാരമുള്ള ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അപ്പുറമാണ് ബെന്റ്ലിയുടെ പ്രകടനം. SAVWIPL-ന് കീഴിൽ ബ്രാൻഡിന് ശക്തമായ മാനേജ്മെന്റ് പിന്തുണയുള്ളതിനാൽ, മികച്ച കാറുകൾ മാത്രമല്ല, ഉടമസ്ഥാവകാശ യാത്രയിലുടനീളം ലോകോത്തര സേവനവും അനുഭവവും ഉപഭോക്താക്കൾക്ക് ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ